News >> അല്മായ മുന്നേറ്റം സുവിശേഷവൽക്കരണത്തിനുള്ള സ്വർഗത്തിന്റെ ഉത്തരം
വത്തിക്കാൻ സിറ്റി: സഭാത്മക ജീവിതത്തിലെ ഐച്ഛിക ഘടകമായി അൽമായ മുന്നേറ്റങ്ങളെ കാണാനാകില്ലെന്നും സഭയുടെ ജീവനും മിഷനും നൽകപ്പെട്ടിട്ടുള്ള അനിവാര്യ സമ്മാനങ്ങളായി അവയെ മനസിലാക്കേണ്ടതുണ്ടെന്നും എല്ലാ ബിഷപ്പുമാർക്കുമായി അയച്ച കത്തിൽ വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിശ്വാസ തിരുസംഘം പുറപ്പെടുവിക്കുന്ന ആദ്യ പ്രധാന ലിഖിതമാണ് 'സഭ പുനരുജ്ജീവിപ്പിക്കുന്നു' എന്ന തലക്കെട്ടോടുകൂടിയ കത്ത്.ദൈവജനത്തിന്റെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും അൽമായ മുന്നേറ്റങ്ങളുടെ വിവിധങ്ങളായ കാരിസങ്ങൾ വഹിക്കുന്ന പങ്ക് അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. ഇത് നവസുവിശേഷവൽക്കരണത്തിൽ അടിസ്ഥാനമായി നടക്കേണ്ട പ്രവൃത്തിയാണ്. സുവിശേഷം നിർബന്ധപൂർവം അറിയിക്കുന്നതിനായി പരിശുദ്ധാത്മാവ് നൽകിയ സ്വർഗത്തിന്റെ ഉത്തരമാണിത്തരം മുന്നേറ്റങ്ങൾ. സഭയുടെ കൂട്ടായ്മയിലും മിഷനിലുമുള്ള പുതിയ ഗ്രൂപ്പുകളുടെ ഫലദായകവും ചിട്ടയായതുമായ പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമാണം പുറപ്പെടുവിക്കുന്നതെന്ന് കത്തിൽ തന്നെ വ്യക്തമാക്കി.സഭയിലെ അൽമായ മുന്നേറ്റങ്ങളും വിശ്വാസികളുടെ കൂട്ടായ്മകളും പുതിയ സമൂഹങ്ങളും 'സമാകലിക യാഥാർത്ഥ്യ'ങ്ങളാണെന്ന് കത്തിൽ പറയുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഫലമായുണ്ടായ മിഷനറി തീക്ഷണതയുള്ള ശക്തമായ അൽമായ നേതൃത്വമാണ് കൂട്ടായ്മകൾക്ക് രൂപം നൽകിയത്. സാമൂഹ്യമോ മതപരമോ ആയ ഏതെങ്കിലും പ്രത്യേക ലക്ഷ്യം സാധിക്കുന്നതിനായി രൂപീകൃതമായ സ്വതന്ത്ര കൂട്ടായ്മയായി മാത്രം അൽമായ കൂട്ടായ്മകളെ കാണരുത്. മറിച്ച് സഭയിലെ ശക്തവും ചലനാത്മകവുമായ യാഥാർത്ഥ്യങ്ങളായി അവയെ മനസിലാക്കണം. വാസ്തവത്തിൽ, സുവിശേഷത്തിലേക്ക് ജനങ്ങളെ ആകർഷിക്കാനും മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന ആഗോള കാഴ്ചപ്പാട് പുലർത്തുന്ന ക്രിസ്തീയ ജീവിതശൈലി മുമ്പോട്ട്‌വയ്ക്കുവാനും ഇവയ്ക്ക് സാധിക്കും.കരിസ്മാറ്റിക്ക് മുന്നേറ്റങ്ങളും സഭാ ഹൈരാർക്കിയും തമ്മിലുള്ള ഭിന്നതയും അതുപോലെ തന്നെ അവ തമ്മിലുള്ള കൂടിച്ചേരലും സഭയുടെ മിഷനിലും ജീവിതത്തിലും പരിശുദ്ധാത്മാവ് നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള അപൂർണമോ തെറ്റോ ആയ ബോധ്യത്തിന്റെ അടയാളമാണ്. ഒരോ കരിസ്മാറ്റിക്ക് മുന്നേറ്റങ്ങളുടെയും തനതായ സ്വഭാവത്തെ സഭാ ഹൈരാർക്കി ബഹുമാനിക്കണം. അവ രൂപം കൊണ്ട സാഹചര്യത്തിന്റെ തനിമ നഷ്ടപ്പെടാൻ ഇടയാക്കുന്ന വിധത്തിലുള്ള നിയമകുരുക്കുൾ ഒഴിവാക്കണം. അതുപോലെ തന്നെ അടിസ്ഥാനപരമായി സഭാനേതൃത്വത്തെ ഇത്തരം മുന്നേറ്റങ്ങൾ അംഗീകരിക്കണം. ഇവരിലൂടെയാണ് കരിസ്മാറ്റിക്ക് ദാനങ്ങൾ പ്രദേശിക സഭയിലേക്കും ആഗോളസഭയിലേക്കും അർത്ഥവത്തായി രീതിയിൽ കൂട്ടിച്ചേർക്കപ്പെടുന്നത്. ഇത്തരണത്തിൽ ഏതൊക്കെ ഗ്രൂപ്പുകളാണ് സഭാസംവിധാനങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നത് എന്ന് വിവേചിച്ച് അറിയേണ്ട ഉത്തരവാദിത്വം ബിഷപ്പുമാർക്കാണ്. വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും തമ്മിലുള്ള ബന്ധത്തെ ബിഷപ്പുമാരും ഇത്തരം മുന്നേറ്റങ്ങളും തമ്മിലുള്ള ബന്ധത്തിന് മാതൃകയായി കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.Source: Sunday Shalom