News >> കയ്യേറിയ പ്രദേശങ്ങൾ മോചിപ്പിക്കാനായി പാത്രിയാർക്കീസുമാരുടെ അഭ്യർത്ഥന


ഇറാക്ക്: ഐഎസിന്റെ കീഴിലുള്ള, ക്രൈസ്തവർ ജീവിച്ചിരുന്ന പ്രദേശങ്ങൾ മോചിപ്പിക്കാൻ സിറിയക്ക് കത്തോലിക്ക പാത്രിയാർക്കീസായ ഇഗ്നേസ് ജോസഫ് യൗനാൻ ത്രിതീയനും അന്ത്യോക്കിയയിലെ സിറിയക്ക് ഓർത്തഡോക്‌സ് സഭാ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയനും സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഐഎസ് ആക്രമണത്തെ തുടർന്ന് ക്രൈസ്തവ പലായനം ആരംഭിച്ചതിന്റെ രണ്ടാം വാർഷികത്തിൽ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിൽ വംശീയവും മതപരവുമായ വംശഹത്യയെ സിറിയക്ക് പാത്രിയാർക്കീസുമാർ അപലപിച്ചു.

നിർബന്ധിത പലായനത്തിന്റെ മുറിവിൽ നിന്ന് ഇപ്പോഴും രക്തം പ്രവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പാത്രിയാർക്കീസുമാർ വ്യക്തമാക്കി. മൊസൂളിലെയും നിനവെ സമതലത്തിലെയും ഞങ്ങളുടെ പൂർവികരുടെ ദേശത്തുനിന്ന് സിറിയക്ക് ജനത പറിച്ചെടുക്കപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. 2014 ജൂൺ 10ന് മൊസൂൾ ഉപേക്ഷിച്ച് ഓടുവാൻ ഞങ്ങളുടെ ജനങ്ങൾ നിർബന്ധിതരായി. അതേ വർഷം ഓഗസ്റ്റ് ഏഴിന് നിനവെ സമതലത്തിലെ മറ്റ് നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും അവർക്ക് പലായനം ചെയ്യേണ്ടതായി വന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷവും അന്താരാഷ്ട്ര തലത്തിൽ തീരുമാനമെടുക്കേണ്ട രാജ്യങ്ങൾ ഇവിടുത്തെ സംസ്‌കാരം രൂപപ്പെടുത്തിയ സമൂഹങ്ങളുടെ വംശീയ കൂട്ടക്കുരുതിയ്‌ക്കെതിരെ നിശബ്ദത പുലർത്തുകയാണെന്ന് പാത്രിയാർക്കീസുമാർ കുറ്റപ്പെടുത്തി. ഈ ജനത്തിന്റെ ആത്മീയ പിതാക്കൻമാരെന്ന നിലയിൽ ഇറാക്കിലെ കുർദിസ്താൻ പ്രദേശത്ത് ഇപ്പോൾ ജീവിക്കുന്ന ഈ ജനത്തെ ഒരോ തവണ സന്ദർശിക്കുമ്പോഴും ഹൃദയം പിളർക്കുന്ന വേദന അനുഭവിക്കുകയും ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്യുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ ഭവനം, ജോലി, ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയുടെ അഭാവത്തിലുള്ള അവരുടെ ക്ലേശങ്ങൾ ഞങ്ങൾ നേരിട്ട് അറിഞ്ഞിട്ടുള്ളവയാണ്; പാത്രിയാർക്കീസുമാർ വ്യക്തമാക്കി.

അഭയാർത്ഥികൾ പ്രതിസന്ധികളുടെ ഇരുട്ടിന്റെ നടുവിലും പ്രശോഭിക്കുന്ന ദീപങ്ങളാകാനുള്ള ആഹ്വാനത്തോടെയും എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടുമാണ് പാത്രിയാർക്കീസുമാർ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. 1,50,000 ഇറാക്കികളാണ് കുർദിസ്താൻ മേഖലയിലും സമീപ രാജ്യങ്ങളായ ലെബനൻ, ജോർദാൻ, ടർക്കി തുടങ്ങിയ രാജ്യങ്ങളിലും അഭയാർത്ഥികളായി കഴിയുന്നത്.

Source: Sunday Shalom