News >> ക്രിസ്തുവിന്റെ കണ്ണിലൂടെ കാണുക: ബിഷപ് മാർ പോളി കണ്ണൂക്കാടൻ
കൊച്ചി: ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ആനുകാലിക മാനുഷിക പ്രശ്‌നങ്ങളെ നോക്കിക്കാണുകയും അവയോട് പ്രതികരിക്കുകയുമാണ് ദൈവശാസ്ത്രജ്ഞരുടെ പ്രവാചക ധർമമെന്ന് ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. കേരള തിയോളജിക്കൽ അസ്സോസിയേഷന്റെ ആദ്യത്തെ ജനറൽ ബോഡി യോഗം ജൂൺ 30-ാം തീയതി പിഒസിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്നവരുടെ വിയർപ്പുമണം സുഗന്ധധൂപത്തോടു കലരുമ്പോഴും ദരിദ്രരുടെ കണ്ണീര് കാസായിലെ വീഞ്ഞിൽ വീഴുമ്പോഴുമാണ് ദൈവശാസ്ത്രം മനുഷ്യബന്ധിയാകുന്നതെന്ന് ഡോ. ജേക്കബ് പറപ്പള്ളി തന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചു. സമൂഹത്തിലെ ചെറിയ മനുഷ്യരുടെ വേദനകൾ ദൈവശാസ്ത്രത്തിന്റെ വിഷയങ്ങളാകണമെന്ന് ഡോ. ജയിംസ് കുലാസ് അഭിപ്രായപ്പെട്ടു. സ്ത്രീകൾ തങ്ങളുടെ കണ്ണുകളിലൂടെ വിശുദ്ധഗ്രന്ഥം വായിക്കുകയും സ്‌ത്രൈണ ഹൃദയം കൊണ്ട് അതിനോട് പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഡോ. ഭവ്യ ഊന്നി പറഞ്ഞു.തുടർന്ന് ഡോ. വിൻസെന്റ് കുണ്ടുകുളത്തിനെ പ്രസിഡന്റായും ഡോ. ആർദ്രയെ വൈസ് പ്രസിഡന്റായും ഡോ. ജേക്കബ് നാലുപറയിലിനെ സെക്രട്ടറിയായും ഡോ. സൂസി കിണറ്റിങ്കലിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു. ഡോ. ജോൺ പടിപ്പുര, ഡോ. ലോറൻസ് കുലാസ്, ഡോ. മരിയ ആന്റോ, ഡോ. ടോണി നീലങ്കാവിൽ, ഡോ. സിപ്രിയാൻ ഫെർണാണ്ടസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.കേരള കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞരുടെ പൊതുസംഘമായിട്ടാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നത്. അക്കാദമിക് ചർച്ചകൾക്കപ്പുറം ദൈവശാസ്ത്രത്തിന്റെ പ്രായോഗിക തലങ്ങൾ ദൈവശാസ്ത്രജ്ഞർ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ബിഷപ്പ് അബ്രാഹം മാർ യൂലിയോസ് തന്റെ സമാപന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.Source: Sunday Shalom