News >> കൂട്ടായ്മയുടെ സാക്ഷ്യമായി സീറോ മലബാർ സഭാദിനാഘോഷം
സഭാമക്കൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാവണം: കർദിനാൾ മാർ ആലഞ്ചേരികൊച്ചി: കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാവാൻ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭാരതത്തിനു ക്രിസ്തുവിശ്വാസം പകർന്നുനൽകിയ മാർത്തോമാശ്ലീഹായുടെ വിശ്വാസതീക്ഷ്ണതയോടെ സഭയോടു കൂടുതൽ ചേർന്നു ചിന്തിക്കാനും പ്രവർത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോ മലബാർ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.മാർത്തോമാശ്ലീഹായെപ്പോലെ വിനയമനോഭാവത്തോടെ വിശ്വാസത്തിൽ ആഴപ്പെടാൻ സാധിക്കണം. പരസ്പര അന്വേഷണത്തിന്റെയും കൂട്ടായ്മയുടെയും സാക്ഷ്യമാണു നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. അനാവശ്യതർക്കങ്ങൾ ഒഴിവാക്കണം. അഭിപ്രായഭിന്നതകളുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടുപോകാൻ സഭ ഒറ്റക്കെട്ടായി ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാവഹമാണ്. നമ്മുടെ കൂട്ടായ്മ ഇനിയും വളരണം. സിസ്റ്റർ റാണി മരിയയെപ്പോലെ സാക്ഷ്യത്തിനായി ജീവൻ നൽകിയവരിലൂടെ വളർന്ന സഭയാണിത്.സീറോ മലബാർ സഭയ്ക്കു പുറമേ കത്തോലിക്കാസഭയുടെ വിവിധ മേഖലകളിൽ സഭാമക്കൾ ശുശ്രൂഷ ചെയ്യുന്നത് സഭയുടെ വിശാലമായ ദർശനത്തിന്റെ അടയാളം കൂടിയാണ്. ഉത്ഥിതനായ ഈശോയിലുള്ള സാക്ഷ്യമാണു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. സഭയുടെ എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെയും ഹൃദയൈക്യത്തിന്റെയും നന്മ പ്രതിഫലിപ്പിക്കപ്പെടണമെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.രാവിലെ 9.45നു സഭയുടെ പതാക ഉയർത്തിയതോടെയാണു സഭാദിനാഘോഷങ്ങൾക്കു തുടക്കമായത്. തുടർന്നു നടന്ന സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തി. റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. തുടർന്ന് ആഘോഷമായ റാസ കുർബാനയിൽ മേജർ ആർച്ച്ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകി. കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസഫ് പുളിക്കലായിരുന്നു ആർച്ച്ഡീക്കൻ. ബിഷപ് എമരിറ്റസ് മാർ വിജയാനന്ദ് നെടുംപുറവും, വിവിധ രൂപതകളിലെയും സന്യസ്ത സഭകളിലെയും വൈദികരും സഹകാർമികത്വം വഹിച്ചു.ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ കോട്ടയം നവജീവൻ ട്രസ്റ്റിലെ പി.യു. തോമസ്, സാമൂഹ്യപ്രവർത്തക ദായബായി എന്നിവർ കാരുണ്യ വർഷ സന്ദേശം നൽകി. മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുതിർന്ന വൈദികരായ ഫാ. ജോസ് തച്ചിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ എന്നിവരെ സീറോ മലബാർ സഭയുടെ വൈദികരത്‌നം ബഹുമതി നൽകി ആദരിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്‌കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയാറാകണമെന്നു സാമൂഹ്യപ്രവര്‍ത്തക ദയാബായ്. സീറോ മലബാര്‍ സഭാദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകയായിരുന്നു ദയാബായ്.ഭൗതീകവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലത്തില്‍ മാനുഷികഗുണങ്ങളും നന്മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. എവിടെയാണോ കാരുണ്യം ആവശ്യമുള്ളത് അവിടെ കാരുണ്യമായി എത്താന്‍ നമുക്കാവണം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിക്കേണ്ടതുണ്ടെന്നും ദയാബായ് പറഞ്ഞു.പി.ടി.തോമസ് എംഎൽഎ, കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, പ്രൊക്യുറേറ്റർ ഫാ. മാത്യു പുളിമൂട്ടിൽ, ആഘോഷങ്ങളുടെ ജനറൽ കൺവീനർ റവ.ഡോ. പീറ്റർ കണ്ണമ്പുഴ, റവ.ഡോ. ജോസ് ചിറമേൽ, ഫാ. കുര്യൻ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു. ചിറ്റേത്തുകര ഹോം ഫോർ ഫെയ്ത്ത്, മംഗലപ്പുഴ ജ്യോതിനിവാസ് പബ്ലിക് സ്‌കൂൾ, മൗണ്ട് സെന്റ് തോമസ് കോൺവന്റ് എന്നിവയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.ദുക്‌റാന തിരുനാൾ ദിനത്തിൽ നടന്ന സഭാദിനാഘോഷത്തിൽ, ഭാരതത്തിനകത്തും പുറത്തുമുള്ള സീറോ മലബാർ രൂപതകളിലെയും സന്യാസ സഭകളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികൾ പങ്കെടുത്തു.Source: Sunday Shalom