News >> റവ.ഡോ. ജോർജ് താഞ്ചൻ CMI അന്തരിച്ചു
കൊച്ചി: സിഎംഐ സഭയുടെ മുൻ വികാരി ജനറാളും ഇപ്പോഴത്തെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം ഏഴിന് ഉച്ചയ്ക്കു രണ്ടിന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബഥേൽ ആശ്രമത്തിനു സമീപം സാഗർ ഭവനിൽ. കാനൻലോയിൽ ഡോക്ടറേറ്റു നേടിയ റവ.ഡോ. താഞ്ചൻ ഭോപ്പാൽ സെന്റ് പോൾ പ്രൊവിൻസ് അംഗമാണ്. ആറു വർഷം സിഎംഐ സഭയുടെ വികാരി ജനറാൾ ആയിരുന്നു. 2014 മുതൽ അജപാലനത്തിന്റെ ചുമതലയുള്ള ജനറൽ കൗൺസിലറും മാന്നാനം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തീർഥാടനകേന്ദ്രത്തിന്റെ ഡയറക്ടറുമാണ്. സഭയുടെ ഭോപ്പാൽ പ്രൊവിൻഷ്യൽ, മധ്യപ്രദേശ് സിആർഐ പ്രസിഡന്റ്, കാനൻലോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. മാന്നാനം തീർഥാടനകേന്ദ്രത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്കു രണ്ടിന് കാക്കനാട്ടുള്ള ജനറലേറ്റിൽ (ചാവറ ഹിൽസ്) എത്തിക്കും. ഏഴിനു ചുണങ്ങംവേലി രാജഗിരി ആശുപത്രി മോർച്ചറിയിലേക്കു മാറ്റും.
Source: Deepika