News >> ആദർശ ജീവിതത്തിന് ഉദാത്ത മാതൃക


ദൈവേഷ്ടം - അതുമാത്രം - അതുമുഴുവൻ' എന്ന ആദർശത്തിൽ അധിഷ്ഠിതമായ ജീവിതം കാഴ്ചവച്ചവനാണ് ബ. കനീസിയൂസച്ചൻ. ദൈവചിത്തം തിരിച്ചറിഞ്ഞ്, അത് ചെയ്തു തീർക്കലാണല്ലൊ യഥാർത്ഥ വിശുദ്ധി. അതുമൂലമാകാം, ജീവിച്ചിരിക്കുമ്പോൾ തന്നെ സുപരിചിതരായവരെല്ലാം അദ്ദേഹത്തെ 'ജീവിക്കുന്ന വിശുദ്ധൻ (ഘശ്ശിഴ ടമശി)േ എന്ന് അഭിപ്രായപ്പെട്ടിരുന്നത്. പാണ്ഡിത്യത്തോടൊപ്പം വിനയവും, അധികാരത്തോടൊപ്പം ലാളിത്യവും, കർമ്മബാഹുല്യത്തോടൊപ്പം പ്രാർത്ഥനയും സമന്വയിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു കനീസിയൂസച്ചന്റേത്.

മാതാപിതാക്കൾ ഒരു മഹാദാനം
ആനന്ദപുരം തെക്കേക്കര പൊതപറമ്പിൽ ലോനപ്പന്റെയും, പഴൂക്കര കണ്ണേത്ത് മറിയത്തിന്റെയും ഏഴാമത്തെ സന്താനമാണ് കഥാനായകൻ. സ്വന്തം പിതാവു പണിയിച്ച വീട്ടിൽ ഭൂജാതനായതിലും അപ്പനിൽനിന്നും അമ്മയിൽനിന്നും ലഭിച്ച പ്രാർത്ഥനയുടെയും അധ്വാനത്തിന്റെയും അച്ചടക്കത്തിന്റെതുമായ ജീവിതശൈലിയിൽ വളരാൻ കഴിഞ്ഞതിലും അദ്ദേഹം അഭിമാനിക്കുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായിട്ടാണ് തന്റെ മാതാപിതാക്കളെ അദ്ദേഹം സ്മരിക്കുന്നത്. "ദൈവചിത്തം, അതുമാത്രം, അതുമുഴുവനും" എന്ന മഹത്തായ ആദർശം ഈ നല്ല മാതാപിതാക്കളാണ് അദ്ദേഹത്തിന് നല്കിയത്.

തന്റെ ജന്മഗൃഹം എന്നും പൂജ്യമായി സൂക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് സ്വന്തം വീടിനോടും അതിൽ താൻ ജനിച്ച മുറിയോടും താൻ പ്രാർത്ഥിച്ച മുറിയോടും തനിക്ക് പ്രത്യേക പ്രചോദനം ലഭിച്ച കുടുംബ സാഹചര്യത്തോടും എന്തെന്നില്ലാത്ത മതിപ്പുണ്ടായിരുന്നു. അതിപ്പോൾ അറിയപ്പെടുന്നത് 'കനീസിയം' എന്ന പേരിലാണ്. സി.എം.ഐ. വൈദികർ, ഒരു പൂജ്യപിതാവിന്റെ ഭവനമായി അത് സംരക്ഷിക്കുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
കനീസിയൂസച്ചന് വീടിനെക്കുറിച്ച് മാത്രമല്ല, നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും വലിയ മതിപ്പായിരുന്നു. ഒരിക്കൽ ആനന്ദപുരം ഇടവകയിൽ ഒരു മാന്യവ്യക്തിയുടെ മൃതദേഹസംസ്‌കാരത്തിൽ ഞാൻ പങ്കെടുക്കുകയായിരുന്നു. ബ. കനീസിയൂസച്ചനാണ് ചരമപ്രസംഗം പറഞ്ഞത്. ആനന്ദപുരത്തുകാർ നാടിന്റെ പേരിനൊത്തു സ്വതവേ ആനന്ദം അനുഭവിക്കുന്ന നല്ലവരാണെന്നും ആയതിന്റെ പുഞ്ചിരിയും സന്തോഷവും പരേതനായ ഈ കാരണവരിലും മറ്റുള്ളവരിലും കണ്ടിരുന്നുവെന്നും പ്രസ്താവിച്ചത് ഞാൻ ഓർക്കുന്നു.

നിസ്വാർത്ഥതയും നീതിബോധവും
സ്വാർത്ഥതയോ സ്വജനപക്ഷപാതമോ കുടുംബക്കാർക്കുവേണ്ടിയുള്ള കരുനീക്കങ്ങളോ ഇല്ലാത്ത ഒന്നായിരുന്നു അദ്ദേഹത്തിന്റെ ദേശസ്‌നേഹം. ക്രൈസ്റ്റ് കോളജിൽ അഡ്മിഷന് റെക്കമൻഡ് ചെയ്യാൻ അച്ചന്റെ സ്വന്തത്തിൽപ്പെട്ട ഒരുവൻ ആവശ്യപ്പെട്ടപ്പോൾ അതു ചെയ്തുകൊടുത്തില്ല. അവനേക്കാൾ അർഹിക്കുന്ന ഒരുവന് ഇവൻമൂലം നീതി നിഷേധിക്കപ്പെടുക, അച്ചന് ചിന്തിക്കാൻപോലും പറ്റുകയില്ലായിരുന്നു. നോക്കുക- അദ്ദേഹത്തിന്റെ നിസ്വാർത്ഥത.

എത്ര പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നാലും, വൈദികരോട് ഏറ്റുമുട്ടാതെ, ദൈവചിത്തമാണെന്ന് മനസ്സിലാക്കി, ക്ഷമയും സഹകരണവും കാഴ്ചവയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നുവെന്ന്, അദ്ദേഹത്തിന്റെ കുടുംബക്കാർ തന്നെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

പ്രാർത്ഥനാ ചൈതന്യം, ദീനാനുകമ്പ, സംസാരത്തിലും പെരുമാറ്റത്തിലും പ്രകടമായ കുലീനത്വം, അധികാരികളോടുള്ള വിനയംനിറഞ്ഞ വിധേയത്വം ഇവയെല്ലാം ബ. കനീസിയൂസച്ചനിൽ ചെറുപ്പം മുതൽ നിറഞ്ഞുനിന്നിരുന്നു. പത്താമത്തെ വയസ്സിൽ ഒരു സന്യാസിയാകാൻ, അതും സി.എം.ഐ. സഭാംഗമാകാൻ ആഗ്രഹിച്ച് ആ ബാലൻ വീട് വിട്ടിറങ്ങി. എൽത്തുരുത്തിലും, പാവറട്ടിയിലും അമ്പഴക്കാട് നോവിഷ്യേറ്റ് ഹൗസിലും മംഗലാപുരം മേജർ സെമിനാരിയിലും കിട്ടിയ പരിശീലനങ്ങൾ ഉത്തമനായിരുന്ന ആ വിദ്യാർത്ഥിയെ മാതൃകാ സന്യാസ വൈദികനാക്കിമാറ്റി. പിന്നീട് ശ്രീലങ്കയിലെ കാണ്ടി സെമിനാരിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുന്ന കാലത്തും, റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബൈബിളിൽ ഡോക്ടറേറ്റ് നേടുന്ന കാലത്തും വിജ്ഞാന സമ്പാദനത്തോടൊപ്പമുള്ള വചനബദ്ധമായ ജീവിതം അദ്ദേഹത്തിന്റെ ആധ്യാത്മികവും ബൗദ്ധികവുമായ വ്യക്തിത്വത്തെ ശക്തമാക്കി. മാതൃകയും മാർഗനിർദേശവും നല്കിയ തന്റെ ആത്മീയാചാര്യന്മാരോടും, ഇതരഗുരുഭൂതന്മാരോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.

ദൈവേഷ്ടം നടപ്പാക്കിയ ഭരണാധിപൻ
സി.എം.ഐ. സന്യാസ സമൂഹത്തിന്റെ വ്യത്യസ്ത സ്ഥാപനങ്ങളിലും തസ്തികകളിലും ഉദ്യോഗമണ്ഡലങ്ങളിലും വ്യാപരിച്ച അദ്ദേഹം അല്പംപോലും സ്വാർത്ഥതയില്ലാതെ, ഏവരുടെയും നന്മ കണക്കിലെടുത്ത്, ഏറെ അഭിമാനത്തോടെ ചാവറപ്പിതാവിന്റെ "തിരുമനസ്സ് നടക്കും; നടത്തും" എന്ന ചിന്താഗതിയോടെ എപ്പോഴും എവിടെയും പ്രവർത്തിച്ചിരുന്നു. ചാവറപ്പിതാവിൽ, നിറഞ്ഞുനിന്ന ദൈവോന്മുഖമായ വിനയവും, പരോപകാരവും ഏവരുടെയും നന്മ കണക്കിലെടുത്തുള്ള പ്രവർത്തനവും അനുതാപ ചിന്തയും ഫാ. കനീസിയൂസ് എക്കാലവും നല്ല മാതൃകയാക്കിയിരുന്നു.
ശരിയായ ഉത്തരവാദിത്വത്തോടും, നിസ്വാർത്ഥതയോടുംകൂടെ മനഃസാക്ഷിയനുസരിച്ചുള്ള അദ്ദേഹത്തിന്റെ അധികാരരംഗത്തുള്ള പ്രവർത്തനങ്ങൾ വലിയ വെല്ലുവിളികൾ നിറഞ്ഞവയായിരുന്നു. അധികാരികളോടും സമൂഹാംഗങ്ങളോടും തികഞ്ഞ വിനയഭാവത്തോടും ലാളിത്യത്തോടും കൂടെ വ്യാപരിച്ച അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും ഏറെ വിജയമായിരുന്നു. എങ്കിലും, താൻവഴി വേദനിച്ചവരുണ്ടാകുമെന്നുകണ്ട് അവരോട് മാപ്പു ചോദിക്കാൻ തയാറാകുന്ന ആ സ്വഭാവ വൈശിഷ്ട്യം അദ്ദേഹത്തിന്റെ വിശുദ്ധിയെ മറനീക്കി പുറത്തുകൊണ്ടുവരുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാനല്ല, ഉദ്യോഗങ്ങളിൽനിന്ന് ഒഴിവാക്കി, ഏകാന്തതയ്ക്കും, പ്രാർത്ഥനയ്ക്കും മറ്റും പ്രാധാന്യം നല്കുന്നതും ബൈബിൾ ക്ലാസുകളെടുത്ത് മറ്റുള്ളവരെ വചനത്തിൽ വളർത്തുന്നതുമായ ഒരു ജീവിതം നയിക്കാനുള്ള അനുവാദത്തിനായി അദ്ദേഹം മേൽശ്രേഷ്ഠന്മാരോട് ആവശ്യപ്പെടുന്നുണ്ട്.

പ്രാർത്ഥനയും സാന്ത്വനവും
ഇരിങ്ങാലക്കുട രൂപതാതിർത്തിയിലുള്ള പരിയാരത്തെ ഇ.ട.ഞ. ൽ അദ്ദേഹം 16 നീണ്ട വർഷങ്ങൾ ചെലവഴിച്ചു. വൈദികർക്കും, സന്യസ്തർക്കും, അത്മായർക്കും അദ്ദേഹത്തിന്റെ ക്ലാസുകളും, ഉപദേശങ്ങളും, മാർഗനിർദേശങ്ങളും വലിയ അനുഗ്രഹമായിരുന്നു. ഓരോ ദിവസവും തിരുസന്നിധിയിൽ അഞ്ചു മണിക്കൂർ അദ്ദേഹം പ്രാർത്ഥിച്ചിരുന്നതു മാത്രമല്ല, യേശുവിന്റെ പ്രതിപുരുഷനും ആത്മീയാചാര്യനുമായ അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ എന്നെന്നും ആവേശവും പ്രകാശവും പ്രത്യാശയും ഏവർക്കും നല്കിയിരുന്നുവെന്ന് കാണാം.

അവസാനകാല രോഗങ്ങളെയും പീഡകളെയും, ദൈവഹിതത്തോടെ അദ്ദേഹം സ്വീകരിച്ച വിധം അന്യാദൃശ്യമാണ്. ഒത്തുതീർപ്പുകളില്ലാത്ത സന്യാസ മൂല്യസംരക്ഷണം, യുവജനങ്ങളെ സഭയോടൊപ്പം നിർത്തുന്നതിനുള്ള പരിശ്രമം, ആവേശപൂർവം വളർത്തിയെടുക്കേണ്ട മിഷൻ ചൈതന്യം, പാവപ്പെട്ടവരോടും പാപികളോടും പുലർത്തേണ്ട യേശുസദൃശ്യമായ അനുകമ്പ തുടങ്ങി പലതും അദ്ദേഹത്തിൽനിന്നു കണ്ടുപഠിക്കേണ്ടതാണ്.

അനുദിനം നന്മചെയ്യാൻ കനീസിയൂസച്ചൻ ഉദ്‌ബോധിപ്പിച്ചിരുന്നു. സ്വന്തം ഇടവകയുടെ ജൂബിലിയവസരത്തിൽ നന്മചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി അദ്ദേഹം പറഞ്ഞ ഒരു ഹൈന്ദവ യുവാവിന്റെ വ്രതനിഷ്ഠ ഞാൻ ഓർക്കുന്നു. അദ്ദേഹം തീവണ്ടിയിൽ യാത്രചെയ്യുകയായിരുന്നു. അത്താഴസമയം കഴിഞ്ഞിട്ടും എതിർഭാഗത്തെ സീറ്റിൽ ഇരിക്കുന്ന യുവാവ് ഭക്ഷണം കഴിക്കുന്നില്ല. അത്താഴം കഴിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചതിന് ആ ഹൈന്ദവ യുവാവ് പറഞ്ഞ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. എല്ലാദിവസവും 21 പേർക്ക് നന്മ ചെയ്തിരിക്കണമെന്നും, അതിനു കഴിഞ്ഞില്ലെങ്കിൽ ഭക്ഷണം കഴിക്കാതെ വേണം ഉറങ്ങാനെന്നും അമ്മ പഠിപ്പിച്ചിട്ടുണ്ടെന്നും, ഇന്നുവരെ ആ ഉപദേശം കാത്തുപാലിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ആ യുവാവ് പറഞ്ഞു.

ഈ സംഭവം ബ. അച്ചൻ പിന്നീട് പല വേദികളിലും പറഞ്ഞിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നോക്കുക, നല്ലത് ആര് പറഞ്ഞാലും അദ്ദേഹം അത് സ്വീകരിച്ചിരുന്നു. സ്വന്തം സഭാസ്ഥാപകനായ വാഴ്ത്ത. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പഠിപ്പിച്ചതും അദ്ദേഹം ആ ചരമപ്രസംഗത്തിൽ കൂട്ടിച്ചേർത്തു- 'നന്മചെയ്യാതെ കടന്നു പോകുന്ന ദിവസം ആയുസ്സിന്റെ പുസ്തകത്തിൽ, നഷ്ടപ്പെട്ട ഒരു ദിവസം പോലെയാണ്'.

സ്‌നേഹമുള്ള കർമ്മയോഗി
ഞാൻ കനീസിയൂസച്ചനെ ആദ്യമായി കാണുന്നത് പൂന പേപ്പൽ സെമിനാരിയിൽ ഞാൻ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. കേരളത്തിലേക്കു മടങ്ങുംവഴി ഞാൻ ബാംഗ്ലൂർ ധർമ്മാരാം കോളജ് സന്ദർശിക്കുകയുണ്ടായി. ബ. കനീസിയൂസ് അച്ചൻ അന്ന് അവിടെ റെക്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ എളിമയും അതിഥികളെ സ്വീകരിക്കാനുള്ള എളിയ മനസ്സും എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുകയുണ്ടായി. ഞാൻ ഒരു കൊച്ചുശമ്മാശൻ; അദ്ദേഹമോ ദൈവശാസ്ത്രത്തിലും ബൈബിൾ പഠനത്തിലും ഡോക്ടറേറ്റുള്ള ധർമ്മാരാം പോലുള്ള ഒരു മേജർ സെമിനാരിയുടെ റെക്ടർ! ഈ എളിയവനോട് അദ്ദേഹം പ്രകടിപ്പിച്ച കാരുണ്യവും സ്‌നേഹവും പരിഗണനയും എന്നെ അത്ഭുതപ്പെടുത്തിയത്, സത്യം മാത്രം.
പിന്നിട് അദ്ദേഹത്തെ കണ്ടിട്ടുള്ളത് അദ്ദേഹം ദേവമാതാ പ്രൊവിൻഷ്യാൾ ആയിരിക്കുമ്പോഴാണ്. അന്നേരം ഞാൻ സെന്റ് തോമസ് കോളജിൽ പഠിപ്പിക്കുന്നു. അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെ ആഗ്രഹം കണക്കിലെടുത്ത് ഒരു ബൈബിൾ സെമിനാർ, തോപ്പു സെമിനാരിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നതും അതിൽ സംബന്ധിച്ചതും ഓർക്കുന്നു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥഗ്രാഹ്യം അന്ന് ഞാൻ മനസ്സിലാക്കി. ഇന്ത്യയിലെ പ്രഥമ ബൈബിൾ പണ്ഡിതൻ എന്ന ഭാവം ലേശവുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകൾ എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ഏതാനും സി.എം.ഐ. അച്ചന്മാരും ബ്രദേഴ്‌സും ചേർന്ന് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ ബ. കനീസിയൂസച്ചന്റെ നേതൃത്വത്തിൽ ആകർഷകവും പ്രചോദനാത്മകവുമായ ഒരു ഓഡിയോ വിഷ്വൽ പ്രോഗ്രാം നടത്തിയത് ഞാൻ ഓർക്കുന്നു. അത് വലിയ വിജയമായിരുന്നു.

അദ്ദേഹത്തിന്റെ താല്പര്യപ്രകാരം തന്നെയാണ് വൈദിക വിദ്യാർത്ഥികൾ നല്ല മിഷനറിമാരാകുന്നതിനും അവർക്ക് മിഷൻ അനുഭവം ലഭിക്കുന്നതിനുമായി, റാഞ്ചിയിൽ പരിശീലനകേന്ദ്രം സമാരംഭിച്ചത് എന്ന് ഞാൻ ഓർക്കുന്നു. 1978 ലെ ഇആഇക സമ്മേളനവേളയിൽ ഞാൻ അവിടം സന്ദർശിച്ചിട്ടുണ്ട്. ബ. അച്ചന് മിഷൻ പ്രവർത്തനങ്ങളോടുള്ള താല്പര്യം ഇതിൽനിന്ന് വ്യക്തമാണല്ലോ.
അദ്ദേഹം പാട്ടുരായ്ക്കലിൽ ആയിരിക്കുമ്പോൾ തന്നെ തൃശൂർ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്ക് ആവേശമാകുംവിധം ഒരു യുവജന പ്രസ്ഥാനം ആരംഭിച്ചതും ഞാൻ ഓർക്കുന്നു. സഭയ്ക്കും സമൂഹത്തിനും യുവജനത എത്രയോ ആവശ്യമാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് ശ്ലാഘനീയം തന്നെ.

വിശുദ്ധമായ ജീവിതം
ആത്മീയ ജീവിതമായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഹരമായിയിരുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. 1978 ൽ ഞാൻ ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത മെത്രാനായിരിക്കുമ്പോൾ സി.എം.ഐ. ജനറാളായിരുന്ന ഫാ. തോമസ് ഐക്കരയോടൊപ്പം ഫാ. കനീസിയൂസ് എന്നെ സന്ദർശിച്ചതും പരിയാരം സാക്ഷാൽക്കാര തുടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചതും എന്റെ സ്മരണയിൽ ഓടിയെത്തുന്നു. പ്രാർത്ഥനയ്ക്കും, പഠനത്തിനും, ധ്യാനത്തിനും, കൗൺസിലിംഗിനും മറ്റും സൗകര്യമുള്ളതും; വൈദികർക്കും സന്യസ്തർക്കും അത്മായർക്കും മാർഗനിർദേശം നൽകുന്നതുമായ ഒരു റിന്യൂവൽ സെന്റർ ആയി ആയത് രൂപാന്തരപ്പെടുമെന്ന് ഉറപ്പ് നല്കിയതും എന്റെ ഓർമയിലുണ്ട്. ആ സ്ഥാപന സമുച്ചയത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ രൂപതാധ്യക്ഷനായ എന്റെ സാന്നിധ്യവും ആശീർവാദവും ആഗ്രഹിച്ചപേക്ഷിച്ചതും ഞാൻ നന്ദിയോടെ ഓർക്കുന്നു. സി.എം.ഐ. ജനറലേറ്റിന്റെ കീഴിലുള്ള ഈ മഹത്തായ സ്ഥാപനം ഈ രൂപതാതിർത്തിയിൽ വന്നത് ഒരു വലിയ അനുഗ്രഹമായി ഞാൻ കാണുന്നു. പരിയാരത്തെ അദ്ദേഹത്തിന്റെ തിരുവചനാധിഷ്ഠിതവും ദിവ്യകാരുണ്യാധിഷ്ഠിതവുമായ ശുശ്രൂഷകളുടെ വ്യാപ്തിയും സാഫല്യവും ശ്ലാഘനീയംതന്നെ. 16 വർഷം ആ സ്ഥാപനത്തിൽ അനുദിനം അഞ്ചു മണിക്കൂർ സമയം തിരുസന്നിധിയിൽ ചിലവഴിക്കുകയും ഏവർക്കും ആത്മീയാചാര്യനായി വർത്തിക്കുകയുംചെയ്ത ഫാ. കനീസിയൂസ് പുണ്യവാനായ സന്ന്യാസവര്യനാണെന്ന കാര്യത്തിൽ തർക്കമില്ല. ഇരിങ്ങാലക്കുടയിൽ, രൂപതയുടെ ടുശൃശൗേമഹശ്യേ ഇലിൃേല ൽ, ബ. കനീസിയൂസച്ചന്റെ ശുശ്രൂഷ ലഭിച്ചിരുന്നുവെങ്കിൽ... എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു വിശുദ്ധവ്യക്തിത്വമായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നതും സമീപിച്ചിരുന്നതും. രൂപതാധ്യക്ഷന്മാരോടും സഭാധികാരികളോടും പാലിച്ചുപോന്ന വിനയംനിറഞ്ഞ വിധേയത്വം, തിരുവചന വായനയിലും ക്ലാസുകളിലുമുള്ള താല്പര്യം, സഹനസന്നദ്ധത, ശാന്തതയും എളിമയും സ്‌നേഹവും നിറഞ്ഞ പെരുമാറ്റം എന്നിവയെല്ലാം ഏറെ വിലമതിക്കപ്പെടേണ്ടവ തന്നെ.
അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കാര ശുശ്രൂഷയിൽ പ്രധാന കാർമികനാകാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാൻ വിശ്വസിക്കുന്നു. നാമകരണ നടപടികൾ സമാരംഭിക്കുന്ന ഈ വേളയിൽ, ദൈവഹിതമെങ്കിൽ അദ്ദേഹം അൾത്താരയിൽ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനായി എത്രയുംവേഗം പ്രഖ്യാപിതനാകട്ടെയെന്നും, സ്വർഗീയ മാധ്യസ്ഥ്യം ഏവർക്കും അനുഗ്രഹമാകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാം ദൈവഹിതംപോലെ ഒരുക്കപ്പെടട്ടെ.

ബ&#