News >> കത്തോലിക്കാ സഭയിൽ എത്തിയ നിരീശ്വരവാദി
അത്ഭുതത്തോടെയാണ് ഞാൻ ക്രൈസ്തവ വിശ്വാസികളെ കണ്ടിരുന്നത്; സുഖമായി കിടന്ന് ഉറങ്ങാനുള്ള അവസരം കളഞ്ഞിട്ട് എന്തിനാണ് ആളുകൾ രാവിലെ ദേവാലയത്തിൽ പോകുന്നത്! 2011 വരെ എനിക്ക് മതവിശ്വാസത്തിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ആഗ്ലിക്കൻസഭയിൽ അംഗമായിരുന്നെങ്കിലും ആ വിശ്വാസത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ പിതാവ് തികഞ്ഞ നിരീശ്വരവാദിയായിരുന്നതിനാൽ വിശ്വാസത്തെക്കുറിച്ച് പഠിക്കാതിരിക്കാനാണ് എനിക്ക് പ്രോത്സാഹനം ലഭിച്ചത്. ഞാൻ വളർന്നത് തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ്. പഠിച്ചത് ആഗ്ലിക്കൻസഭയുടെ സ്‌കൂളിലും. ഒട്ടും താൽപര്യമില്ലാത്ത പ്രോട്ടസ്റ്റന്റ് പഠനമനുസരിച്ചാണ് അവിടെ മതപരമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. സ്‌കൂൾ അസംബിളി പ്രാർത്ഥനയിൽ മാത്രമെ അന്നാളിൽ ഞാൻ പങ്കെടുത്തിരുന്നുള്ളൂ. സ്‌കൂൾ വിദ്യാഭ്യാസം അവസാനിച്ചതോടെ അതും തീർന്നു.
മന്ത്രവാദത്തിനു പിന്നാലെപലപ്പോഴായി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ ജീവിച്ചു. അവസാനം ഇംഗ്ലണ്ടിന്റെ തെക്കേതീരത്തിനടുത്തുള്ള വയ്റ്റ് എന്ന ചെറിയ ദ്വീപിൽ താമസമാക്കി. അവിടെ വച്ച് ന്യു ഏജ് പ്രസ്ഥാനത്തിൽപ്പെടുകയും ആത്മാക്കളെ ശരീരത്തിൽ ആവാഹിക്കാൻ കഴിവുളള ഒരു സ്ത്രീയെ കണ്ടുമുട്ടുകയും ചെയ്തു. അത്തരത്തിലുള്ളവരുടെ ഒരു ഗ്രൂപ്പിനും അവർ നേതൃത്വം നല്കിയിരുന്നു. റ്റാരോട്ട് (മേൃീ)േ കാർഡ് (ഭാവി പ്രവചിക്കാനുപയോഗിക്കുന്ന കാർഡ്) വായിക്കുന്നതിനാണ് ഞാൻ അവരെ സമീപിച്ചത്. അപ്പോൾ അവർ എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ആ സമയത്ത് ജീവിതത്തിൽ എനിക്ക് ചില മാർഗനിർദേശങ്ങൾ അത്യാവശ്യമുണ്ടായിരുന്നതിനാൽ അതിനുവേണ്ടിമാത്രം ഒട്ടും താല്പര്യമില്ലാതെ ഞാൻ അവരുടെ കൂട്ടത്തിലെത്തി. പക്ഷേ, ആ സന്ദർശനം അവസാനിച്ചത് ഏഴു വർഷത്തെ എന്റെ അവിടുത്തെ പ്രവർത്തനങ്ങൾക്ക് ശേഷമാണ്. ആത്മാക്കൾക്ക് സംസാരിക്കാനും പ്രവർത്തിക്കാനും സ്വന്തം ശരീരം മാധ്യമമാക്കുക, സ്വശരീരത്തിലൂടെ പല ആത്മാക്കളെ നിയന്ത്രിക്കുക, ഭാവിപറയുന്ന കാർഡുകൾ വായിക്കുക, മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകുക തുടങ്ങിയവ ഞാൻ പഠിച്ചു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ ഇവ പഠിപ്പിക്കുകയും ചെയ്തു. കൂടാതെ കല്ലുകളേയും ഭൂതങ്ങളേയും മന്ത്രങ്ങൾ ഉപയോഗിച്ച് ആരാധിച്ച് എന്റെയും മറ്റുള്ളവരുടേയും ആവശ്യങ്ങൾ നേടുയെടുക്കാനും പഠിച്ചു. ദേവൻമാരേയും ദേവതമാരേയും പ്രസാദിപ്പിക്കുന്നതിന് പ്രത്യേക ദിവസങ്ങളിൽ ചില ആചാരങ്ങളും ഞാൻ നടത്തിയിരുന്നു.ഏഴുവർഷങ്ങൾക്കുശേഷം 2011 ജനുവരിയിൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ നേത്രി അവിടെ നിന്നും താമസം മാറ്റി. അപ്പോൾ ഞാൻ സ്വയം പരിശോധിച്ചപ്പോൾ എനിക്ക് മനസിലായി ഈ ജോലി അശാന്തി മാത്രമേ എനിക്കു തന്നിട്ടുള്ളൂ. മനസിന് സന്തോഷം നല്കാൻ ഇതിന് കഴിവില്ല; ഞാൻ അത് അവസാനിപ്പിച്ചു. പിന്നീട്, വൃദ്ധദമ്പതികളെ അവരുടെ വീട്ടിൽ ചെന്ന് ശുശ്രൂഷിക്കുന്ന മറ്റൊരു ജോലിയിൽ ഞാൻ പ്രവേശിച്ചു.
കൊർ അബിസെപ്റ്റംബർ മദ്ധ്യത്തോടെ വയ്റ്റ് ദ്വീപിലെ റൈഡ് എന്ന എന്റെ സ്വന്തം പട്ടണത്തിൽ പോയി. എന്റെ വീട് ഇപ്പോഴും അവിടെയുണ്ട്. നേരെ വീട്ടിൽ പോകാനായിരുന്നു ഉദ്ദേശം, പക്ഷേ എന്തോ ഞാൻ നഗരത്തിലുടെ വെറുതെ നടക്കാൻ തിരുമാനിച്ചു. അപ്പർ ഹൈ സ്ട്രീറ്റിലുടെ നടക്കുമ്പോൾ, തുറന്നു കിടക്കുന്ന ഒരു വാതിൽ കണ്ടു, ഞാൻ അറിയാതെ എന്റെ പാദങ്ങൾ എന്നെ അങ്ങോട്ട് നയിച്ചു. അതൊരു കത്തോലിക്കാ ദേവാലയമായിരുന്നു. (അത് അന്ന് എനിക്ക് അറിയില്ലായിരുന്നു). പതിനാല് വർഷമായി ഞാൻ ഈ സ്ഥലത്ത് ജീവിക്കുന്നു, എന്നിട്ടും ഇതുവരെ അവിടെ ഒരു ദേവാലയം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിേട്ടയില്ല. തികച്ചും വിചിത്രമായി തോന്നി. തീർച്ചയായും നൂറുകണക്കിന് തവണ ഞാൻ ആ ദേവാലയത്തിന്റെ മുന്നിലുടെ കടന്നുപോയിട്ടുണ്ട്.
എന്തായാലും ഞാൻ ആ ദേവാലയത്തിനകത്തേക്ക് പ്രവേശിച്ചു. അപ്പോൾ അവിടെ ദിവ്യബലി അർപ്പിക്കപ്പെടുകയായിരുന്നു. ആരാലും ഞാൻ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ ദേവാലയത്തിൽ കയറി അനങ്ങാതെയിരുന്നു. വൈദികൻ എന്തോ പറയുന്നുണ്ടായിരുന്നു, ജനങ്ങൾ പ്രത്യുത്തരം നൽകുന്നതുപോലെയുംതോന്നി. വിശുദ്ധ കുർബാന ശ്രവിച്ചുകൊണ്ട് അവിടെയിരുന്നപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ചലനം ഉണ്ടായതായി അനുഭവപ്പെട്ടു. വിശുദ്ധ ബലിയുടെ തുടർന്നുള്ള ഭാഗങ്ങളിൽ വിശ്വാസികൾ മുട്ടുകുത്തുന്നതും എഴുന്നേൽക്കുന്നതും വീണ്ടും മുട്ടുകുത്തുന്നതും കണ്ടു. ഒന്നും മനസിലായില്ലെങ്കിലും ഞാൻ അവരെ അനുകരിച്ചുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് ദേവാലയത്തിന്റെ മുന്നിലേക്ക് പോയി. വൈദീകൻ വിശുദ്ധ കുർബാന (അതെന്താണെന്ന് എനിക്ക് പിന്നീട് മനസിലായി) നൽകുകയായിരുന്നു. ഈ വ്യാഴാഴ്ച രാവിലെ ഞാൻ ദേവാലയത്തിൽ വന്നിരിക്കുന്നു, എന്നിട്ടും ഇവിടെ നടക്കുന്നതിലൊന്നും എനിക്ക് പങ്കുചേരാനാകുന്നില്ലല്ലോയെന്ന് ഞാൻ സങ്കടപ്പെട്ടു.കുറേ ദിവസങ്ങൾ കഴിഞ്ഞ് കുറച്ച് മണിക്കൂറുകളുടെ അവധി എടുത്ത് ഞാൻ വീണ്ടും റൈഡിലേക്ക് പോയി. ആ കത്തോലിക്കാ പള്ളിയിൽ പോകുന്നതിനു പകരം ഞാൻ ചെന്നത് അവിടെയുള്ള കൊർ അബി എന്ന കത്തോലിക്കാ ആശ്രമത്തിലേക്കാണ്. ആ കത്തോലിക്കാ ദേവാലയത്തെപ്പോലെ, പലതവണ ഇതിന്റെ മുന്നിലുടെയും ഞാൻ കടന്നു പോയിട്ടുണ്ട് തീർച്ച. എന്നാൽ ഇപ്പോൾ ഞാൻ ആശ്രമത്തിലേക്ക് കയറിയിരിക്കുന്നു. പക്ഷേ ഇവിടെ ഇരിക്കുമ്പോൾ ഞാൻ തളർന്നിരിക്കേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നി. കാരണം ദൈവത്തെ പൂർണ്ണമായും ഇഷ്ടപ്പെടാതെ തന്നെ ഞാൻ അവിടുത്തെ ഒരു അനുയായി ആയി മാറിക്കൊണ്ടിരിക്കുന്നു. എനിക്ക് ചിലപ്പോൾ ദൈവത്തെ ഇഷ്ടമല്ലായിരിക്കാം, പക്ഷേ അവിടുന്ന് എന്നെ സ്‌നേഹിക്കുന്നു. ഈ തോന്നൽ ആ ഒരു നിമിഷത്തേക്ക് തോന്നിയതല്ല, മറിച്ച് അവിടെയിരിക്കുന്തോറും ആഴമായ ഒരു സമാധാനത്തിന്റെ അനുഭൂതി പലതവണ ഉണ്ടായി. എന്റെയുള്ളിൽ എന്തോ ഒരു മാറ്റം ഉണ്ടായപോലെ തോന്നി. കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൽ ഒരു പുസ്തകശാല കണ്ടു. അവിടെ ചെന്ന് കടയിലെ സ്ത്രീയോട് പെട്ടെന്ന് വിചാരശൂന്യമായി ചോദിച്ചു, "ഞാൻ എങ്ങനെ ഒരു കത്തോലിക്ക ആകും?" ഞാൻ വിചാരിച്ചു അവരെന്നെ പരിഹസിക്കുമെന്ന്, പക്ഷേ അവർ ആ ചോദ്യം തികച്ചും യുക്തിപുർണമായ കണ്ടു. അവർ എന്നെ കത്തോലിക്ക പുസ്തകങ്ങളുടെ ശേഖരത്തിലേക്ക് കൊണ്ടുപോയി. എന്നിട്ട് "എങ്ങനെ ഒരു കാത്തലിക് ആകാം" എന്ന പുസ്തകം എടുത്തുതന്നു.അതായിരുന്നു ഞാൻ ആദ്യം വാങ്ങിച്ച മതപരമായ പുസ്തകം. കാറിൽ കയറിയ ഉടനെ കത്തോലിക്കാ സഭയിലേക്ക് ചേരുവാൻ അവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരു സ്ത്രീയെ ഞാൻ ഫോൺ വിളിച്ചു. എന്റെ ആഗ്രഹം അറിയിച്ചപ്പോൾ അവർ വളരെ സന്തോഷത്തോടെ എന്റെ പേരും ഫോൺ നമ്പറും വാങ്ങിയ ശേഷം നവമ്പർ അവസാനത്തെ കോഴ്‌സ് തുടങ്ങുന്നതിനുമുമ്പ് വിളിക്കാമെന്നു പറഞ്ഞു. സമയം കടന്നു പോയി. ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് ഒരു നഴ്‌സിങ് ഹോമിൽ വീട്ടു ജോലിക്ക് ചേർന്നു.നവമ്പർ അവസാനത്തോടെ കോഴ്‌സിനുചോരാൻ ആ സ്ത്രീ വിളിച്ചു. ജോലിത്തിരുക്കുകാരണം ആദ്യ ക്ലാസിൽ എത്താൻ സാധിച്ചില്ല. രണ്ടാമത്തെ ദിവസത്തെ ക്ലാസിൽ വളരെ നല്ലവരായ കുറേ ആളുകളെ കണ്ടുമുട്ടി. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചി പഠിച്ചു തുടങ്ങിയപ്പോൾ തന്നെ ചിലതൊക്കെ വിശ്വസിക്കാൻ മടിയും സംഭ്രമവും ഒക്കെ തോന്നിത്തുടങ്ങി. മൂന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇനി അവിടെ പോകണ്ടായെന്ന്. അന്ന് ഞാൻ ക്ലാസിനു പോയില്ല, പക്ഷേ അന്നു വൈകുന്നരമായപ്പോഴെക്കും എനിക്ക് വല്ലാത്ത അസ്വസ്ഥതയും നിരാശയും തോന്നി. വെറുതെ വീട്ടിലിരുന്ന് ടി.വി കണ്ട് സമയം കളയാതെ വീണ്ടും ക്ലാസിൽ പോകാൻ തുടങ്ങി.
50-ാം വാർഷികത്തിലെ അത്ഭുതംഅത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി. ക്ലാസിൽ പോയി കുടുതൽ പഠിക്കാൻ ആഗ്രഹിച്ചു. എന്റെ മുൻകാല ജീവിതത്തിൽ ചെയ്തിരുന്ന പല കാര്യങ്ങളും തെറ്റാണ് എന്നു മനസിലായപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. പത്തു കൽപനകൾ പഠിച്ചത് ഞാൻ ഓർക്കുന്നു. "നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു, ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്ന ഒന്നാമത്തെ കൽപന എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആദ്യമായി എനിക്ക് തോന്നി കഴിഞ്ഞ കാലത്തിൽ ഞാൻ ചെയ്തകാര്യങ്ങൾ ധാർമ്മികമായും ആത്മീയമായും തെറ്റാണെന്ന്. ക്ലാസ് നയിച്ച സ്ത്രീയോട് എന്റെ വിഷമാവസ്ഥ പറഞ്ഞു. മാരകപാപങ്ങളേയും ലഘുപാപങ്ങളേയും കുറിച്ചുള്ള അവരുടെ ക്ലാസുകളും കൂടി കഴിഞ്ഞതോടെ എനിക്ക് മനസ്സിലായി ഞാൻ ഒരു മഹാപാപിയാണെന്ന്. അപ്പോൾ ആ സ്ത്രീ പറഞ്ഞുതന്നു, ഞാൻ ചെയ്തതെല്ലാം പാപമാണെങ്കിലും അത് പാപമാണെന്നുള്ള പൂർണ്ണ ബോധ്യമില്ലാതെയാണ് ചെയ്തത്. ആ ബോദ്ധ്യം എളുപ്പത്തിൽ സമ്മതിച്ചുകൊടുക്കാൻ സാധിച്ചില്ലെങ്കിലും അത് എനിക്ക് ആശ്വാസം തന്നു.ഡിസംബറിൽ ഞാൻ അടുത്തുള്ള ദേവാലയത്തിൽ പോയി ക്രിസ്മസ് ആഘോഷങ്ങളിലും കരോൾ ഗാനാഘോഷങ്ങളിലും പങ്കുചേർന്നു. ജനുവരി അവസാനമായപ്പോഴെക്കും എനിക്ക് വിശ്വാസം സ്വീകരിക്കണമെന്നുതോന്നി. അത് എന്റെ കോഴ്‌സിന്റെ അധികാരികളോട് പറഞ്ഞു. പഠനം പൂർത്തിയാക്കിയ എന്നെ തിരഞ്ഞടുക്കാനുള്ള ദിവസം പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി, കാരണം 50 വർഷങ്ങൾക്ക് മുമ്പ് ഈ ദിനമായിരുന്നു ഞാൻ ഇംഗ്ലീഷ് സഭയിൽ അംഗമായത്. അവിടുത്തെ അധികാരികളിൽ ഒരാളായ ഒരു സ്ത്രീ കത്തോലിക്കാ സഭയിൽ എന്റെ രക്ഷകർത്താവാകാമെന്നു സമ്മതിച്ചു. ഞാൻ ചോദിക്കാതെ തന്നെ വളരെ സന്തോഷത്തോടെ അവർ അതിനു സമ്മതിച്ചു. ഞങ്ങൾ ഒരുമിച്ച് ഇംഗ്ലണ്ടിലെ പോർസ്മൗത്ത് എന്ന സ്ഥലത്തെ സെന്റ് ജോൺസിന്റെ കത്തീഡ്രലിൽ പോയി. എന്നിട്ട് അവിടുത്തെ മെത്രാനെയും കണ്ടു. അത് നല്ല സന്തോഷപ്രദമായ ദിവസമായിരുന്നു.
കുമ്പസാരത്തിൽ നിന്നും ഒളിച്ചോടൽകത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാനുള്ള കർമ്മങ്ങളിൽ എന്നെ ഏറ്റവും ഭയപ്പെടുത്തിയത് എന്റെ ആദ്യ കുമ്പസാരമായിരുന്നു. സമയം പോയിക്കൊണ്ടേയിരുന്നു. മാർച്ച് അവസാനം ആയപ്പോഴേക്കും ഭയം എന്നെ വല്ലാതെ കീഴ്‌പ്പെടുത്തിയിരുന്നു. കുമ്പസാരം വേണ്ട എന്നുവരെ തീരുമാനിച്ചു. പകരം ആംഗ്ലിക്കൻ ദേവാലയത്തിൽ പോയി ബാക്കി കർമ്മങ്ങൾ പൂർത്തിയാക്കാമെന്ന ആലോചനയിലെത്തി. അങ്ങനെ ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ആംഗ്ലിക്കൻ ദേവാലയത്തിലേക്ക് പോകുകയായിരുന്നു. അപ്പോൾ വഴിയിൽ യാദൃച്ഛികമായി എന്റെ രക്ഷകർത്താവായ സ്ത്രീയെ കണ്ടുമുട്ടി. അവർ മറ്റേതോ ആവശ്യത്തിനായി റൈഡിൽ എത്തിയതായിരുന്നു. നമുക്ക് കത്തോലിക്കാ ദേവാലയത്തിലേക്ക് പോകാമെന്നും പോകുന്ന വഴിക്ക് ജപമാല ചൊല്ലാമെന്നു അവർ അഭിപ്രായപ്പെട്ടു. മര്യാദ കാണിക്കാൻ വേണ്ടി ഞാൻ അവരുടെ അഭിപ്രായത്തോടു യോജിച്ചു. ആംഗ്ലിക്കൻ ദേവാലയത്തിൽ കുറച്ചു താമസിച്ചാലും കുഴപ്പമില്ല എന്നും ചിന്തിച്ചു.എന്റെ ആദ്യത്തെ ജപമാലയായിരുന്നുവത്. എനിക്കത് വളരെ ഇഷ്ടമായി. തപ്പിതടഞ്ഞാണ് ഞാൻ ചൊല്ലിയതെങ്കിലും ജപമാലയ്ക്കിടയിൽ എന്തോ സംഭവിക്കുന്നണ്ടായിരുന്നു. കത്തോലിക്കാ സഭയിൽ നിന്നും ഞാൻ അകന്നു പോകാതിരിക്കാൻ (അംഗമാകുന്നതിനു മുമ്പ് തന്നെ) ദൈവം അയച്ചതാണ് ആ സ്ത്രീയെ എന്ന് എനിക്ക് മനസ്സിലായി. പ്രാർത്ഥന അവസാനിപ്പിച്ച് ദൈവത്തിനുനന്ദി പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ എന്തു ചെയ്യാൻ പോകുകയായിരുന്നു എന്ന് ആ സ്ത്രീയോട് പറഞ്ഞു. പിന്നീട് ആംഗ്ലിക്കൻ ദൈവാലയത്തിൽ പോയില്ല.
കത്തോലിക്കാസഭയിലേക്ക്ഒരാഴ്ചയ്ക്ക് ശേഷം എന്റെ ആദ്യകുമ്പസാരം നടത്തി. അപ്പോൾ ഭയമെല്ലാം എന്നെ വിട്ടകന്നിരുന്നു. അതുകഴിഞ്ഞുള്ള ശനിയാഴ്ച ഞാൻ ഔദ്യോഗീകമായി കത്തോലിക്കാ സഭയിൽ അംഗമായി. ഇന്നുവരെ ഞാൻ ചെയ്തതിൽ ഏറ്റവും നല്ല കാര്യം കത്തോലിക്കാ സഭയിൽ അംഗമായി എന്നതാണ്. ഇപ്പോൾ എല്ലാ ദിവസവും ഞാൻ പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയും ദൈവിക കരുണയുടെ ജപമാലയും ചൊല്ലുന്നു. എങ്ങനെ ഒരു കത്തോലിക്കാ വിശ്വാസിയാകാം എന്ന് ഞാൻ ആദ്യം ചോദിച്ച കൊർ അബിയിലെ പുസ്തകശാലയിൽ ഞാൻ സൗജന്യ സേവനം ആരംഭിച്ചു.പരിശീലനത്തിനുശേഷം 2012 മെയ് മാസത്തിൽ ദേവാലയത്തിലെ ഗായകസംഘത്തിൽ അംഗമായി. കൂടാതെ മരിയൻ സഖ്യത്തിലും സജീവമായി പ്രവർത്തിക്കുന്നു. പ്രാർത്ഥനാ ശുശ്രൂഷകളും ദൈവരാജ്യ പ്രവർത്തനങ്ങളുമായി ഇപ്പോൾ എന്റെ കത്തോലിക്കാ ജീവിതം വളരെ തിരക്കുപിടിച്ചതാണ്.മാനുഷികമായ വീഴ്ചകളും കുറവുകളും എനിക്ക് സംഭവിക്കാറുണ്ടെങ്കിലും നല്ലവരായ എന്റെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും ഒരിക്കലും കുറ്റപ്പെടുത്താതെ എപ്പോഴും എന്നെ പിന്തുണയ്ക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇന്ന്, ഒരോ ദിവസവും ദൈവം എനിക്ക് തരുന്ന അനുഗ്രഹങ്ങൾ ഞാൻ എണ്ണുന്നു. എല്ലാ ദിവസവും എന്റെ പ്രഭാതം പ്രാർത്ഥനയോടെ ആരംഭിക്കുന്നു. വഴിതെറ്റിപ്പോയ ആടിനെ അവൻ കണ്ടെത്തുകയും അവളെ തിരികെ കൂട്ടത്തിലേക്ക് കൊണ്ടുവന്നതിനും ഞാൻ എന്റെ ദൈവത്തിന് എന്നും നന്ദി പറയുന്നു.
മാത്യു സൈമൺSource: Sunday Shalom