News >> ഭാരതം കതിരു കണ്ടു, ഭൂമുഖം തെളിവു കണ്ടു


"സൂര്യരശ്മിപോലെ ഗോളത്തിൽനിന്ന് പുറപ്പെടുന്ന നീ ഭാഗ്യവാൻ. നിന്റെ അനുഗ്രഹീതാഗമനമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്തകാരണത്തെ മാറ്റുന്നു" - ഭാരത അപ്പോസ്‌തോലനായ തോമാശ്ലീഹായെക്കുറിച്ച് മാർ അപ്രേം പറഞ്ഞ വാക്കുകൾ. "പത്രോസിന് റോം ലഭിച്ചതുപോലെ തോമസിന് ഇന്ത്യ ലഭിച്ചു" - സെവില്ലായിലെ വിശുദ്ധ ഇസിദോറിന്റെ വാക്കുകൾ. "പത്രോസിന്റെയും പൗലോസിന്റെയും കബറിടംപോലെ പ്രസിദ്ധമാണ് തോമാശ്ലീഹായുടെയും കബറിടമെന്ന്" സഭാപിതാവായ ജോൺ ക്രിസോസ്റ്റം പറയുന്നു. ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാർ തോമാശ്ലീഹായുടെ 'ദുക്‌റാന തിരുനാൾ' കൊണ്ടാടുമ്പോൾ പഴയ ഒരു ഭക്തിഗാനത്തിന്റെ വരികൾ ഓർമയിലെത്തുന്നു. 'ഭാരതം കതിരു കണ്ടു, ഭൂമുഖം തെളിവു കണ്ടു. മാർത്തോമാ നീ തെളിച്ച മാർഗത്തിലായിരങ്ങൾ ആനന്ദശാന്തി കണ്ടു...' അതെ, നമുക്ക് ആനന്ദത്തിന്റെ ദിവസമാണ് ദുക്‌റാന തിരുനാൾ.

പല ദിവസത്തെ കടൽയാത്രയ്ക്കുശേഷം അദ്ദേഹം ഗംഗയുടെ ഇങ്ങേ വശത്തുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ മുസ്സീരിയിലെത്തിയെന്ന് മിലാനിലെ വിശുദ്ധ അബ്രോസ് പറയുന്നു. തോമാശ്ലീഹ ഇന്ത്യയിൽ പ്രേക്ഷിത പ്രവർത്തനം നടത്തിയതിനെപ്പറ്റി സഭാപിതാവായ മാർ അപ്രേം (306-378) പ്രതിപാദിക്കുന്നു. തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെപ്പറ്റി കൃത്യമായി സഭാപിതാവായ വിശുദ്ധ ഗ്രിഗറി നാസിയാൻസൺ പ്രതിപാദിക്കുന്നു. മാർ തോമാശ്ലീഹ എ.ഡി 72 ജൂലൈ മൂന്നിന് വൈകിട്ട് 4.30-ന് മരിച്ചുവെന്ന് തോമപർവം അഥവാ റമ്പാൻപാട്ട് രേഖപ്പെടുത്തിയിരിക്കുന്നു (പ്രാചീന ക്രിസ്ത്യൻ പാട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്). മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടത്തിങ്കൽ ക്രൈസ്തവരും മുഹമ്മദിയരും ആദരവുകൾ അർപ്പിക്കുന്നതായി പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോ രേഖപ്പെടുത്തുന്നു.
1972-ൽ തോമാശ്ലീഹായുടെ പത്തൊൻപതാം ചരമശതാബ്ദിയാഘോഷിച്ചപ്പോൾ ആറാം പൗലോസ് മാർപാപ്പ ശ്ലീഹായെ ഭാരത അപ്പസ്‌തോലൻ എന്ന് വിളിക്കുകയുണ്ടായി. തോമാശ്ലീഹ നമുക്കഭിമാനമാണ്. നമ്മുടെ പരിശുദ്ധ കുർബാനയിലും നാം തോമാശ്ലീഹായെ അനുസ്മരിക്കുന്നു. മാർ തോമായെയും നിണസാക്ഷികളെയും സൽകർമ്മികളെയും ബലിയിതിലോർത്തിടാം.... കുമ്പസാരത്തിനുള്ള ജപത്തിലും വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടുമൊപ്പം മാർ തോമാശ്ലീഹായോടും നാം അപേക്ഷിക്കുന്നു. തോമാശ്ലീഹായുടെ സ്മരണ നമുക്കേറെ അഭിമാനകരമാണെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നു.

"നമുക്കും അവനോടുകൂടെ പോയി മരിക്കാം" യോഹ. 11:16 എന്ന് പറഞ്ഞുകൊണ്ട് ശിഷ്യന്മാർക്ക് ധൈര്യം പകർന്ന തോമാശ്ലീഹായെ അനുസ്മരിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടിയിരിക്കുന്നു. യഹൂദപ്രമാണികൾ ഈശോയെ നശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് തോമാശ്ലീഹ മറ്റുള്ളവർക്ക് ധൈര്യം പകരുന്നത്. ഈശോയോടൊപ്പം പോയാൽ മരണമുറപ്പാണെന്നറിയാമായിരുന്നിട്ടും അതിനുള്ള സന്നദ്ധത ഈശോയോടുള്ള സ്‌നേഹത്താൽ പ്രേരിതനായി തോമാശ്ലീഹ പ്രകടിപ്പിച്ചത് വെറും വാക്കല്ലായിരുന്നുവെന്നത് മദ്രാസിനടുത്തുള്ള ചിന്നമലയിൽവച്ച് തോമാശ്ലീഹാ തെളിയിച്ചു. തോമാശ്ലീഹായെ സംശയിക്കുന്നവനായി നാം കാണുമ്പോൾ ആ സംശയം വലിയൊരു വിശ്വാസപ്രഖ്യാപനത്തിലേക്കും പ്രാർത്ഥനയിലേക്കും നയിക്കുകയായിരുന്നുവെന്ന സത്യം മറക്കരുത്. "എന്റെ കർത്താവേ, എന്റെ ദൈവമേ" (യോഹ. 20:28).

ചില സംശയങ്ങളൊക്കെ നല്ലതുതന്നെ. സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ ആ സംശയങ്ങളൊക്കെ അവരുടെ മാത്രമല്ല നമ്മുടെയും സംശയങ്ങളാണെന്ന സത്യം അറിയേണ്ടിയിരിക്കുന്നു. ഈശോ തന്റെ പിതാവിന്റെ ഭവനത്തിൽ സ്ഥലമൊരുക്കാൻ പോവുകയാണെന്നും താൻ പോകുന്ന വഴി ശ്ലീഹന്മാർക്ക് അറിയാമെന്നും പറഞ്ഞപ്പോൾ തോമാശ്ലീഹ പ്രസ്താവിച്ചു: "കർത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി എങ്ങനെ അറിയാനാണ്?" (യോഹ. 14:3-6). ഇത് ന്യായമായ സംശയംതന്നെ. അതിനപ്പോൾത്തന്നെ ഉത്തരവും കിട്ടി. ഇത് സർവലോകർക്കുമുള്ള ഉത്തരമാണ്. "ഞാനാകുന്നു വഴിയും സത്യവും ജീവനും. ഞാൻ വഴിയല്ലാതെ ആരും പിതാവിന്റെ അടുക്കലെത്തുന്നില്ല" (യോഹ. 14:6). ഈശോയെന്ന വഴിയിലൂടെത്തന്നെയാണ് പാലസ്തീന, മെസപ്പൊട്ടാമിയ, മേദിയ, പേർഷ്യ, ബാക്ട്രിയ, എത്യോപ്യാ, സൊക്കോട്ര മുതലായ സ്ഥലങ്ങളിൽ സുവിശേഷം അറിയിച്ചതായി കരുതുകയും ഒടുവിൽ ഇന്ത്യയിലെത്തി തന്റെ ജീവിതദൗത്യം പൂർത്തിയാക്കിയതും.

ഭാരതഭൂവിന് ശിഷ്യത്വം
നൽകിയ ശ്ലീഹാ മാർ തോമാ
കരുണക്കർഹത കൈവരുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
(സപ്രാ പ്രാർത്ഥനയിൽനിന്ന്)

തങ്കച്ചൻ തുണ്ടിയിൽ

Source; Sunday Shalom