News >> നായശല്യം: ഭരണാധികാരികള്‍ ഉത്തരവാദിത്വം കാണിക്കണം: കെസിബിസി
കൊച്ചി: രൂക്ഷമായിരിക്കുന്ന തെരുവുനായ് ശല്യത്തിനു ഫലപ്രദ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).
തെരുവുനായ്ക്കളും വന്യമൃഗങ്ങളും മേയുന്ന ഇടമായി കേരളത്തിന്റെ തെരുവുകളും പൊതുസ്ഥലങ്ങളും മാറുന്നതു കണ്ടില്ലെന്നു നടിക്കരുത്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും കൊന്നുതിന്നുന്നതും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുന്നു. തെരുവുനായ്ക്കള്‍ കുട്ടികളെയും മുതിര്‍ന്നവരെയും തെരുവിലും വീട്ടില്‍ കയറിയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നതും പതിവു വാര്‍ത്തയാണ്. വന്യമൃഗങ്ങളെ വനത്തിലും വളര്‍ത്തുന്ന മൃഗങ്ങളെ വീടുകളിലും സംരക്ഷിക്കാന്‍ നടപടി വേണം.
നായവളര്‍ത്തലിനു ലൈസന്‍സ് കര്‍ശനമാക്കുകയും സംരക്ഷിക്കുന്നതിനുള്ള ചുമതല ലൈസന്‍സിയില്‍ നിക്ഷിപ്തമാക്കുകയും വേണം. അവയെ സ്വന്തം വീട്ടുവളപ്പിനു പുറത്തു വിടാതിരിക്കാനും നിയമം വേണം. തെരുവുനായ്ക്കളുടെ പരിപൂര്‍ണ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മൃഗസംരക്ഷണ വകുപ്പോ ഏറ്റെടുക്കണം.
അവയെ പൊതുജനങ്ങള്‍ ക്കു ഭീഷണിയാകാത്തവിധം സുരക്ഷിത സ്ഥാനങ്ങളില്‍ സംരക്ഷിക്കണം. നായ്ക്കളെ തെരുവില്‍നിന്നു നിര്‍മാര്‍ജനം ചെയ്യാന്‍ സത്വ രവും സുസ്ഥിരവുമായ നടപടി സ്വീകരിക്കണം. തെരുവുനായ്ക്കള്‍ പെരുകുന്നതു സംസ്കാര സമ്പന്നതയുടെയും പ്രകൃതിസ്നേഹത്തിന്റെയും പ്രതീകമായി ആഘോഷിക്കുന്നതു ശരിയല്ല.
ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കു നടപടി സ്വീകരിക്കാത്ത ജനപ്രതിനിധികള്‍ക്കെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമൂഹം തയാറാകണം.
തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിന് ഇരയായവര്‍ക്കു ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേരളത്തിന്റെ തെരുവുകളിലും പൊതുവഴികളിലും സുരക്ഷിതരായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ക്കു ചുമതലയുണ്െടന്നും കെസിബിസി വക്താവ് റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു.
Source: Deepika