News >> നിര്‍ദ്ധനരുമായൊരു കൂടിക്കാഴ്ച; സമ്പന്നര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു


ഫ്രാന്‍സില്‍നിന്നും എത്തിയ നിര്‍ദ്ധനരുമായി  പാപ്പാ ഫ്രാ‍ന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. വേനല്‍ അവധിക്കാലത്ത് വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച പരിപാടി ഇല്ലമെങ്കിലും ജൂലൈ 6-ാം തിയതി ബുധനാഴ്ച നിര്‍ദ്ധാനയവരുമായി പാപ്പാ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്ന കൂടിക്കാഴ്ച. പാവങ്ങളും, തൊഴില്‍രഹിതരും, അംഗവൈകല്യമുള്ളവരുമായി 200-ല്‍ ഏറെ നിര്‍ദ്ധനരാണ് പ്രത്യേക കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തിയത്.

ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ പാവങ്ങളാണ് ജൂബിലിനാളില്‍ കാരുണ്യത്തിന്‍റെ കവാടം കടക്കാനും, പാപ്പാ ഫ്രാന്‍സിസിനെ കാണുവാനുമായി വത്തിക്കാനില്‍ എത്തിയത്. ലിയോണ്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധനായ ജോസഫ് റെസിന്‍സിസ്ക്കിയുടെ  (1917-1988) നാമത്തിലുള്ള ഉപവിപ്രസ്ഥാനമാണ് (ATD - All Together for Dignity for the 4th World) നിര്‍ദ്ധനരുടെ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.

സമ്പന്നരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പാവങ്ങളായവരോട് അഭ്യര്‍ത്ഥിച്ചു.  മനുഷ്യന്‍ മനുഷ്യനെ അവഗണക്കിക്കുകയും, ആവശ്യത്തില്‍ ആയിരിക്കുന്നവരോട് നിസംഗത കാണിക്കുകയും ചെയ്യുന്നതുന്നതിനാലാണ് ലോകത്ത് ഇന്നു ഇത്രയേറെ ദാരിദ്ര്യം ഉള്ളത്. ബഹുഭൂരിപക്ഷം ജനങ്ങള്‍ പട്ടിണിയില്‍ കഴിയേണ്ടി വരുന്നതും ഇക്കാരണത്താലാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ ഉപമയിലെ പുരോഹിതനും, ലേവ്യനും വഴിമാറിപ്പോയതുപോലെ, സഹായം തേടുകയും, അത് അര്‍ഹിക്കുകയും ചെയ്യുന്നവന്‍റെ കരച്ചില്‍ കേള്‍ക്കാതെ കഴിവും കരുത്തുമുള്ളവര്‍ നിസംഗഭാവരായി കടന്നുപോവുകയും, കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ലോകത്ത് ദാരിദ്ര്യം വര്‍ദ്ധിച്ചുവരുന്നതെന്നും പാപ്പാ വിവരിച്ചു. അതിനാല്‍ ധനാഠ്യരുടെയും സമ്പന്നരുടെയും മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന്, റോമിലേയ്ക്ക് തീര്‍ത്ഥാടകരായെത്തിയ ഫ്രാന്‍സിലെ നിര്‍ദ്ധനരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

നിര്‍ദ്ധനര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച ഫ്രാന്‍സിലെ സിദ്ധന്‍, ജോസഫ് റെസിന്‍സ്ക്കിയെ തന്‍റെ പ്രഭാഷണത്തില്‍ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. പാവങ്ങളെ പ്രത്യേകമായി ക്രിസ്തു സ്നേഹിച്ചുവെന്നും, അവിടുത്തെ ദൃഷ്ടിയിലും, ജീവിതത്തിലും അവര്‍ക്ക് വലിയ സ്ഥാനവുമുണ്ടായിരുന്നുവെന്നും സുവിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിവരിച്ചു. "ദരിദ്രരേ, നിങ്ങള്‍ അനുഗൃഹീതരാകുന്നു," എന്നു തുടങ്ങുന്ന ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണത്തിലെ ചിന്ത പാപ്പാ  ഉദ്ധരിച്ചു.

സഭയുടെ ഹൃദയത്തിലും ജീവിതത്തിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ ഇടനല്‍കുന്നതും, ഇടംനല്ക്കുന്നതും പാവങ്ങളാണ്. അതിനാല്‍ എളയവരെയും പീഡിതരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തുണയ്ക്കുവാനും, അവരുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനായി സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ പ്രത്യേക മൂല്യമുണ്ട്. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.

അവര്‍ക്കൊപ്പം പാപ്പാ ഫ്രഞ്ചു ഭാഷയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥന ചൊല്ലുകയും, ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുകയും ചെയ്തു. 

Source: Vatican Radio