News >> സിറിയയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസന്ദേശം
കാരിത്താസ് ഇന്‍റര്‍നാഷണല്‍ (Caritas International) ഉപവിപ്രസ്ഥാനത്തിന്‍റെ പദ്ധതിയെ പിന്‍തുണച്ചുകൊണ്ട് ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചു. സന്ദേശത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു.വേദനിപ്പിക്കുന്ന കാര്യം നിങ്ങളുമായ പങ്കുവയ്ക്കുകയാണ്. അത് ആഗ്രഹിക്കുന്നത്: സിറിയിലെ യുദ്ധമാണത്! അഞ്ചു വര്‍ഷങ്ങളായി! പറഞ്ഞറിയിക്കാനാവാത്ത യാതനകള്‍ക്ക് ഇരകളാണ് അവിടത്തുകാര്‍. തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇടയിലുള്ള ജീവിതം! അല്ലെങ്കില്‍ നാടും വീടും, പിന്നെ സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ച് യുദ്ധത്തിന്‍റെ കാഠിന്യം കുറഞ്ഞ അയല്‍രാജ്യങ്ങളിലേയ്ക്ക് അവര്‍ ജീവരക്ഷാര്‍ത്ഥം ഓടിപ്പോകുന്നു. അവിടെയുള്ള ക്രൈസ്തവരെക്കുറിച്ചു പറയാതിരിക്കാനാവില്ല. പൂര്‍ണ്ണമായും ഞാന്‍ അവരെ പിന്‍തുണയ്ക്കുന്നു. കാരണം അവര്‍ വിവേചനത്തിന്‍റെ വേദനയും പീഡനങ്ങളുമാണ് സഹിക്കുന്നത്.സമാധാനകാംക്ഷികളായ സകലരുമായി, പ്രത്യേകിച്ച് 'കാരിത്താസ്' ഉപവി പ്രസ്ഥാനവുമായും, അതില്‍ സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്നവരുമായും കണ്ണിചേര്‍ന്ന് നീതിയുള്ളൊരു സമൂഹത്തിനായി പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരുവശത്ത് ജനങ്ങള്‍ വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ ഭീമമായ തുകയാണ് കണക്കില്ലാതെ ആയുധങ്ങള്‍ക്കുവേണ്ടി മുടക്കുന്നത്. ആയുധവിപണനം നടത്തുന്ന രാഷ്ട്രങ്ങളും സമാധാനത്തെപ്പറ്റി സംസാരിക്കുന്നു. വലതുകരംകൊണ്ട് തലോടുകയും, ഇടതുകരംകൊണ്ട് തല്ലുകയും ചെയ്യുന്ന ഒരാളെ നമുക്കെങ്ങനെ വിശ്വസിക്കാനാകും?കാരുണ്യത്തിന്‍റെ ഈ ജൂബിലിവത്സരം തീക്ഷ്ണതയോടെ ചെലവഴിച്ചുകൊണ്ട് നിസ്സംഗത മറികടന്ന്, സകല ശക്തിയോടുംകൂടെ സിറിയയിലെ സമാധാനം സാദ്ധ്യമാക്കാന്‍ പ്രായമായവരെയും യുവജനങ്ങളെയും സകലരെയും ക്ഷണിക്കുന്നു! സിറിയയില്‍ സമാധാനം സാദ്ധ്യമാണ്!"നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്," കര്‍ത്താവ് അരുള്‍ചെയ്യുന്നു. "നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതിയാണത്!" (ജെറെമിയ. 29, 11). ഈ വചനം നമുക്ക് ഉള്‍ക്കൊള്ളാം. സിറിയയുടെയും അവിടത്തെ ജനങ്ങളുടെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള ക്ഷണംകൂടിയാണിത്. സംഘടനകളിലും, ഇടവകകളിലും സമൂഹങ്ങളിലും കുടുംബങ്ങളിലും ഈ സമാധാന സന്ദേശം, ഐക്യത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം നിങ്ങള്‍ പ്രചരിപ്പിക്കുക! സമാധാന ശ്രമങ്ങളെ എപ്പോഴും പ്രാര്‍ത്ഥനയോടെ നാം അനുധാവനം ചെയ്യേണ്ടതുണ്ട്. സമാധാനത്തിനായി പരിശ്രമിക്കുന്നവരെയും വ്യപൃതരായിരിക്കുന്നവരെയും, അതുപോലെ മാനുഷികമായ സഹായങ്ങള്‍ സിറിയയിലേയ്ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കണമെന്ന് പ്രത്യേകം ഓര്‍പ്പിക്കുന്നു. സറിയയില്‍ ഒരു സൈനിക പ്രതിവിധി അരുത്! പരിഹാര മാര്‍ഗ്ഗം രാഷ്ട്രീയ തലത്തില്‍ മാത്രമായിരിക്കണം! ഇത് എല്ലാവരോടുമുള്ള എന്‍റെ അഭ്യര്‍ത്ഥനയാണ്. അതിനാല്‍ ദേശീയ ഐക്യം ഉന്നംവയ്ക്കുന്ന ഒരു ഭരണകൂടം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെയും, സമാധാന സംവാദങ്ങളെയും പിന്‍തുണയ്ക്കണമെന്നും രാജ്യാന്തര സമൂഹത്തോട് അപേക്ഷിക്കുന്നു.നമുക്കേവര്‍ക്കും പ്രിയപ്പെട്ട സിറിയന്‍ മണ്ണില്‍ സമാധാനം സാധിതമാക്കാന്‍ എല്ലാതലങ്ങളിലും കൂട്ടായി പരിശ്രമിക്കാം. സമാധാനം ലക്ഷ്യംവയ്ക്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പദ്ധതികള്‍ക്ക് കൈകോര്‍ക്കാം. ഇത് ഒരു മാതൃകയാവട്ടെ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! പരിശുദ്ധ കന്യകാനാഥ നിങ്ങളെ സംരക്ഷിക്കട്ടെ!! നന്ദി!Source: Vatican Radio