News >> പുരാതന റോമിന് തമിഴ്‌നാടുമായി കച്ചവടബന്ധങ്ങൾ: കൂടുതൽ തെളിവുകൾ


ചെന്നൈ: പുരാതൻ റോമൻ സാമ്രാജ്യവുമായി തമിഴ്‌നാടുമായി കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നെന്നതിന്റെ തെളിവുകൾ ലഭിച്ചു. ചെന്നൈയിൽനിന്നും 600 കിലോമീറ്റർ അകലെയുള്ള പട്ടറൈ പെരുമ്പതൂർ ഗ്രാമത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ പരിവേഷണത്തിനിടയിലാണ് ഇതു സംബന്ധിച്ച തെളിവുകൾ കിട്ടിയത്. റോമൻ സാമ്രാജ്യത്തിലെ പ്രഭുക്കന്മാർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ, ആനക്കൊമ്പുകൾകൊണ്ട് നിർമിച്ച മുത്തുകൾ, കോണാകൃതിയിലുള്ള കുടങ്ങൾ, പ്രത്യേകതരം കളിമണ്ണ് ചുട്ടെ ടുത്തു നിർമിച്ച വസ്തുക്കൾ, സ്ഫടികം തുടങ്ങി പുരാതന റോമിൽ ഉപയോഗിച്ചുകൊണ്ടുന്ന ഇരുന്നൂറോളം സാധനങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ആ കാലഘട്ടത്തിലെ കച്ചവട-സാംസ്‌കാരിക കേന്ദ്രമായിരുന്ന കാഞ്ചിപുരത്തേക്കുള്ള ജലപാതയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടറൈ പെരുമ്പതൂർ. ക്രിസ്തുവർഷത്തിന് മുമ്പ് തീരപ്രദേശത്തുള്ള പട്ടണങ്ങളുമായി റോമൻ സാമ്രാജ്യത്തിന് കച്ചവടം ഉണ്ടായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

ഇന്ത്യയുടെ പഞ്ചിമ ഭാഗങ്ങളുമായി കച്ചവടം ഉണ്ടായിരുന്നു എന്നതിന് ആദ്യമായാണ് തെളിവ് ലഭിക്കുന്നതെന്ന് ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രണ്ടടി ഉയരത്തിൽ കോണാകൃതിയിൽ മുകളിൽ സുഷിരങ്ങളോടുകൂടിയ കുടങ്ങളും ഖനനത്തിൽ ലഭിച്ചിരുന്നു. പുരാതന റോമൻ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന ഇത്തരം ഉപകരണങ്ങൾ രാജസ്ഥാനിൽനിന്നും ബീഹാറിൽനിന്നും കണ്ടെടുത്തിയിരുന്നു. കോസസ്തലിയാർ എന്ന പുരാതന ദേശത്തിന്റെ ഭാഗമായിരുന്നു പട്ടറൈ പെരുമ്പതൂർ എന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. ഈ വഴിയാണ് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി പോയിരുന്നത്. പുരാതന റോമൻ സാമ്രാജ്യം ഇന്ത്യയുമായി കച്ചവടബന്ധങ്ങൾ സ്ഥാപിച്ചിരുന്നതായി ചരിത്രകാരന്മാരുടെ നിഗമനം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു.

Source: Sunday Shalom