News >> പ്രളയത്തിൽ മുങ്ങിയ ഉത്തരാഖണ്ഡിന് സഹായവുമായി കാരിത്താസ് ഇന്ത്യ


ന്യൂഡൽഹി: കനത്ത മഴയും ഉരുൾപ്പൊട്ടലും കനത്ത നാശനഷ്ടങ്ങൾ വിതച്ച ഉത്തരാഖണ്ഡിൽ സഹായഹസ്തവുമായി ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ. പ്രാദേശിക സന്നദ്ധസംഘടനകളുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇടവിടാതെ പെയ്ത മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചു.

വീടും വസ്തുവകകളും വളർത്തുമൃഗങ്ങളും വാഹനങ്ങളും പ്രളയജലം കവർന്നെടുത്തു. ഇതുവരെ 35 പേർ മരിച്ചതായാണ് സ്ഥീകരിച്ചിരിക്കുന്നത്. ആഹാരം, വസ്ത്രങ്ങൾ, സാനിറ്റേഷൻ കിറ്റുകൾ, സോളാർ ലാമ്പുകൾ എന്നിവയുടെ വിതരണത്തിലാണ് കാരിത്താസ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചു. ദുരന്തത്തിൽപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്കായി താല്ക്കാലിക ടെന്റുകൾ നിർമിക്കുകയും കഴിയുന്നിടത്തോളം ആളുകളെ സഭയുടെ സ്‌കൂളുകളിൽ താമസിപ്പിക്കുകയുമാണെന്ന് കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രെഡറിക് ഡിസൂസ പറഞ്ഞു. കനത്ത മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ടൂറിസ്റ്റുകളടക്കം ഏതാണ്ട് 5,000 ആളുകൾ പല സ്ഥലങ്ങളിലായി കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെത്തുടർന്ന് ഉണ്ടായ ഉരുൾപ്പൊട്ടലുകൾ കുന്നുംമേടുകളും നിറഞ്ഞ സംസ്ഥാനത്തിന് ഏറെ നാശനഷ്ടങ്ങൾ വിതച്ചു. മേഘവിസ്‌ഫോടനമാണ് ഉരുൾപ്പൊട്ടലിന് കാരണമായത്. ബാഹ്യമായ സഹായങ്ങൾ കൂടാതെ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പ്പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷപ്രവർത്തകർക്ക് പല ഗ്രാമങ്ങളിലേക്കും എത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഉൾപ്പൊട്ടലിനെത്തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായത് ജനജീവിതത്തെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എത്താൻ കഴിയാത്ത പ്രദേശങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ടെന്ന് ഫാ. ഡിസൂസ പറഞ്ഞു. എന്നാൽ, അവരിൽ എത്രപേർക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നതും ഒരു പ്രശ്‌നമായി നിലനില്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2013-ൽ ഉത്തരാഖണ്ഡിൽ ഇതുപോലൊരു പ്രകൃതിദുരന്തം ഉണ്ടായിരുന്നു. ആയിരത്തോളം പേർ അതിൽപ്പെട്ട് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വീടും സ്ഥലങ്ങളും നഷ്ടമായത്തിനെ തുടർന്ന് പല പ്രദേശങ്ങളിൽനിന്നും കുടിയൊഴിഞ്ഞു പോയിരുന്നു.

Source: Sunday Shalom