News >> അന്ധതയുടെ ലോകത്ത് ഇരുപത് മിനിറ്റ്

കോലാർ: അഞ്ഞൂറ് വിദ്യാർത്ഥികളും അധ്യാപകരും 20 മിനിറ്റു നേരം അന്ധതയുടെ ലോകത്തുകൂടി സഞ്ചരിച്ചു. പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച അന്ധനടത്തത്തിന്റെ ഭാഗമായിരുന്നു യാത്ര. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അന്ധരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് പ്രൊജക്ട് വിഷൻ. നേത്രദാന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ കോലാറിനടുത്തുള്ള ഗൗവ്രിബിദനൂർ സെന്റ് ആൻസ് സ്‌കൂളിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. 500 വിദ്യാർത്ഥികളും അധ്യാപകരും കണ്ണുകൾ മൂടിക്കെട്ടി കരങ്ങൾ കോർത്തുപിടിച്ചായിരുന്നു യാത്ര നടത്തിയത്. കാഴ്ചശക്തി ഇല്ലാത്തവർ അനുഭവിക്കുന്ന പ്രയാസങ്ങൾ സമൂഹത്തിൽ എത്തിക്കുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. നേത്രദാന പ്രതിജ്ഞയോടെയായിരുന്നു പരിപാടി സമാപിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ നേതൃത്വം നൽകി. ഗൗവ്രിബിദനൂർ ബിഇഒ ബൈലപ്പ റെഡ്ഢി മുഖ്യാഥിതിയായിരുന്നു. Source: Sunday Shalom