News >> ന്യൂമാന്‍ കോളജ് അക്രമം: കെഎസ്യു നേതാക്കള്‍ കോളജിലെത്തി മാപ്പുപറഞ്ഞു
തൊടുപുഴ: ന്യൂമാന്‍ കോളജ് ആക്രമിച്ചു പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കൈയേറ്റംചെയ്ത കെഎസ്യു നേതാക്കള്‍ കോളജിലെത്തി മാപ്പുപറഞ്ഞു. ഇന്നലെ വൈകുന്നേരം നാലോടെ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ കെഎസ്യു നേതാക്കളായ നിയാസ് കൂരാപ്പിള്ളി, മാത്യു കെ.ജോണ്‍, ലിനോ കുരിശുംമൂട്ടില്‍ തുടങ്ങിയവരാണു പ്രിന്‍സിപ്പല്‍ ഡോ. ടി.എം.ജോസഫ്, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ എന്നിവരോടു മാപ്പുപറഞ്ഞത്. സമരം അതിരുവിട്ടതു മാപ്പാക്കണമെന്നും ഇനി ഇത്തരം ആക്രമണം ആവര്‍ത്തിക്കില്ലെന്നും ഇവര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു.
കോളജ് അതിന്റെ ധര്‍മം മാത്രമേ പാലിച്ചുള്ളൂവെന്നും സത്യവും നീതിയും പാലിച്ചു ഒരു നല്ല തലമുറയെ സൃഷ്ടിക്കുന്നതില്‍ കോളജിനുള്ള പങ്ക് നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും പ്രിന്‍സിപ്പല്‍ കെഎസ്യു നേതാക്കളോടു പറഞ്ഞു.
കെഎസ്യുവിന്റെ നടപടികള്‍ അന്നേ ക്ഷമിച്ചതാണെന്നു ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിയോ മാത്യുവുമുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച എസ്എഫ്ഐയുടെ കാമ്പസ് അക്രമത്തിനെതിരേ സമരം നയിച്ചെത്തിയ നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കെഎസ്യു പ്രവര്‍ത്തകര്‍ കോളജ് ഗെയ്റ്റ് തകര്‍ത്ത് അകത്തുകയറി പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും അധ്യാപകരെയും കൈയേറ്റം ചെയ്യുകയായിരുന്നു. കെഎസ്യു ആക്രമണത്തെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും സംഘം ആക്രമിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്നു എന്‍എസ്യു ദേശീയ പ്രസിഡന്റ് റോജി എം. ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയുടെ റിപ്പോര്‍ട്ടു പ്രകാരം സംഘടനയില്‍നിന്നും നിയാസ് കൂരാപ്പിള്ളിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെടുകയും ഡിസിസി പ്രസിഡന്റ് റോയി കെ.പൌലോസിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് പ്രകാരം വി.എസ്. ജോയിയോട് സംഭവത്തില്‍ ഇടപെട്ട എല്ലാ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട 35 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയാണു കേസെടുത്തത്.
Source: Deepika.