News >> ലോകയുവജന മേള (ജൂലൈ 27-31) : ക്രാക്കോ നഗരം ഒരുങ്ങുന്നു
ജൂലൈ 27-മുതല്‍ 31-വരെ പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറുന്ന ലോകയുവജന മേളയില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. നാസി മേല്‍ക്കോയ്മയുടെ കാലത്തെ ഓഷ്വിച് ബിര്‍ക്കീനോ എന്ന മനുഷ്യക്കുരുതിയുടെ സ്മാരകവേദി (German Concentration Camp) പാപ്പാ ഫ്രാന്‍സിസ് ജൂലൈ 29-ന് സന്ദര്‍ശിക്കും. യുവജനങ്ങള്‍ക്കൊപ്പമുള്ള രണ്ടു ദിവസത്തെ പരിപാടികള്‍ക്കുശേഷം മൂന്നാം ദിവസം രാവിലെ 70 കി. മി. യാത്രചെയ്താണ് ഒരു ലക്ഷത്തിലേറെ യഹൂദര്‍ കൊല്ലപ്പെട്ട 'ഓഷ്വിച്-ബിര്‍ക്കീനോ' എന്നറിയപ്പെടുന്ന നാസി കൂട്ടക്കുരുതിയുടെ സ്മാരകവേദി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്ന പാപ്പാ വൈകുന്നേരം തന്നെ യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴിക്കായി ക്രാക്കോയില്‍ തിരിച്ചെത്തും.രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1940-1945 കാലഘട്ടത്തിലാണ് പോളണ്ടിലെ 'ഓഷ്വിച്' എന്ന സ്ഥലത്തെ ജര്‍മ്മന്‍ ക്യാമ്പില്‍ യഹൂദര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടത്.4000 യുവജനങ്ങള്‍ കാനഡയില്‍നിന്നും...! കാനഡയില്‍നിന്നും നാലായിരത്തോളം യുവജനങ്ങള്‍ മേളയില്‍ പങ്കെടുക്കും. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യുവജനമേള തുടങ്ങിയതിന്‍റെ 25-ാം വാര്‍ഷികവുമാണ് 2016.
'യുവജനങ്ങളുടെ പാപ്പാ
' യെന്നു വിളിക്കുന്ന വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടും നഗരവുമാണ് ഇക്കുറി ആതിഥ്യം നല്കുന്നത്
. പോളണ്ട് 1991-നുശേഷം രണ്ടാം തവണയാണ് യുവജനമേളയ്ക്ക് വേദിയാകുന്നത്.കാനഡയുടെ ദേശീയ പ്രതിനിധി സംഘത്തില്‍ യുവജനങ്ങള്‍ക്കൊപ്പം വൈദികരും സന്ന്യസ്തരും, സംഗീതജ്ഞരും കലാകാരുന്മാരും യുവജനപ്രേഷിതരുമുണ്ടെന്ന് മേളയില്‍ പങ്കെടുക്കുന്ന ക്യൂബെക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ സിപ്രിയന്‍ ലക്രൂവ ജൂലൈ 6-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഗമിക്കുന്ന ലോകയുവജന സംഗമത്തിന്‍റെ 13-ാമത്തെ പതിപ്പാണ് ജൂബിലിവത്സരത്തില്‍ ക്രാക്കോയില്‍ ഒത്തുചേരുന്ന ലോക കത്തോലിക്കാ യുവതയുടെ ബൃഹത്തായ ഈ ആത്മീയ സംഗമം. ലോകത്ത് ഇതുപോലൊരു സംഘടിതമായ യുവജനസംഗമം മറ്റൊന്ന് ഇല്ലെന്നു പറയാം. കുറഞ്ഞത് 10 ലക്ഷം യുവതീയുവാക്കളാണ് ആഗോള സഭാദ്ധ്യക്ഷനായ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ പഠിച്ചും, പ്രാര്‍ത്ഥിച്ചും പങ്കുവച്ചും സമാധനമായി ഒത്തുചേരുന്നത്."
ഹൃദയവിശുദ്ധിയുളളവര്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ദൈവത്തെക്കാണും,
" (മത്തായി 5, 8) എന്ന സുവിശേഷസൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും യുവജനങ്ങള്‍ ക്രാക്കോയില്‍ സംഗമിക്കുന്നത്.Source: Vatican Radio