News >> ദിവ്യകാരുണ്യസന്ദര്‍ശനം ഉപേക്ഷിക്കരുത് ദിവ്യകാരുണ്യനാഥനെ അവഗണിക്കയുമരുത് : പാപ്പാ ഫ്രാന്‍സിസ്


  1. ഇറ്റലിയുടെ ദിവ്യകാരുണ്യകോണ്‍ഗ്രസ് : കൂട്ടായ്മയുടെ കൂദാശയും വിരുന്നും
ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങുകയാണ് ഇറ്റലി. ജൂലൈ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച കത്തിലൂടെയാണ് ദിവ്യകാരുണ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചതും, വടക്കെ ഇറ്റലിയിലെ ജനോവ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലൊ ബഞ്ഞാസ്ക്കോയെ തന്‍റെ പ്രതിനിധിയായി പാപ്പാ നിയോഗിച്ചതും. അദ്ദേഹം ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍കൂടിയാണ്. സെപ്തംബര്‍ 15-മുതല്‍ 18-വരെ തിയതികളിലാണ് ഇറ്റലിയുടെ 26-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വടക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ജനോവയില്‍ അരങ്ങേറാന്‍ പോകുന്നത്. പുരാതനമായ ജനോവ അതിരൂപത അതിന് വേദിയൊരുക്കും.

  1. ദിവ്യകാരുണ്യം വളര്‍ത്തുന്ന കൂട്ടായ്മയുടെ  കേന്ദ്രസ്ഥാനം:
സന്തോഷദായകമാകുന്ന വിശ്വാസക്കൂട്ടായ്മയിലൂടെ പരിശുദ്ധ ദിവ്യകാരുണ്യത്തെ ആദരിക്കുകയും വണങ്ങുകയും ചെയ്യുന്ന അവസരമാകട്ടെ ഈ ദിവ്യകാരുണ്യസമ്മേളനം! ദിവ്യകാരുണ്യം സ്നേഹത്തിന്‍റെ കൂദാശയും, ഐക്യത്തിന്‍റെ അടയാളവും ഉപവിയുടെ അടിത്തറയുമാണ്. ആരാധനക്രമത്തെ സംബന്ധിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനത്തിലെ ചിന്തകള്‍ (Sacrosanctum Concilium)  പാപ്പാ ഫ്രാന്‍സിസ് കത്തില്‍ ഉദ്ധരിച്ചു. ക്രൈസ്തവര്‍ സാഹോദര്യത്തില്‍ ഒന്നായിരിക്കുവാനും, സഭയെ വളര്‍ത്തിയെടുക്കുന്നതില്‍ തനതായ പങ്കുവഹിക്കുവാനും, ലോകത്തിന്‍റെതന്നെ നന്മയ്ക്കായി ജീവിക്കുവാനും ദിവ്യകാരുണ്യം ശക്തിയേകുമെന്ന് പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.

  1. ദിവ്യകാരുണ്യസന്ദര്‍ശനം പ്രതിസന്ധികളില്‍ സാന്ത്വനം :
അനുദിന ദിവ്യകാരുണ്യ സന്ദര്‍ശനത്തിന്‍റെ പ്രസക്തിയെയും പ്രാധാന്യത്തെയുംക്കുറിച്ച് പാപ്പാ കത്തില്‍ എടുത്തുപറഞ്ഞു. ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യമാകയാല്‍, ആ ദിവ്യസന്നിധാനത്തിലേയ്ക്കുള്ള സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. വിശ്വാസികള്‍ ദിവ്യകാരുണ്യ സന്ദര്‍ശനം സാധിക്കുന്നത്ര ജീവിതക്രമമാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍, ക്രിസ്തുവിന്‍റെ അനന്തമായ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അച്ചാരമാണ് ദിവ്യകാരുണ്യമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദിവ്യകാരുണ്യനാഥനോടു മക്കളെപ്പോലെ സംസാരിക്കുവാനുംനിശബ്ദമായി അവിടുത്തെ ശ്രവിക്കുവാനും,സമാധാനത്തോടും ശാന്തമായും അവിടുത്തെ സന്നിധിയില്‍ ചെലവഴിക്കുവാനും സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാല്‍ നമ്മുടെ ദേവാലയങ്ങളില്‍ ദിവ്യകാരുണ്യനാഥന്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കത്തില്‍ പാപ്പാ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി.

"ദിവ്യകാരുണ്യം സ്നേഹക്കൂട്ടായ്മയുടെ കൂദാശയും വിരുന്നും..."(Sacrosanctum Concilium, 17 ) എന്ന ആപ്തവാക്യവുമായിട്ടാണ് ഇറ്റലിയുടെ ശ്രദ്ധേയമായ ആത്മീയസംഗമം നടക്കാന്‍ പോകുന്നത്.

Source: Vatican Radio