News >> പൊതു സിവിൽ കോഡ്: ഇന്ത്യൻ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടണം: സി.ബി.സി.ഐ
തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുവേണം പൊതു സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ എന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.).ഭാരതത്തിന്റെ അഖണ്ഡത അന്യൂനം പരിരക്ഷിക്കപ്പെടണം. ഭരണഘടന അംഗീകരിച്ചിട്ടുള്ള വൈവിധ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെ പൊതു സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചയിൽ എല്ലാ മതവിഭാഗങ്ങളും കണക്കിലെടുക്കപ്പെടുകയും പരിഗണിക്കപ്പെടുകയും വേണം. അതിന് ഉപകരിക്കുന്ന ചർച്ചകളിൽ പങ്കുചേരുന്നതിന് ഭാരത കത്തോലിക്കാ സഭയ്ക്ക് തുറന്ന മനസ്സാണുള്ളത്. പൊതു സിവിൽ കോഡ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളുടെ കരടുരൂപം ലഭിച്ചതിന് ശേഷമേ കൂടുതലായി പ്രതികരിക്കുവാൻ സാധിക്കൂ എന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ. ഇത് സംബന്ധിച്ച് ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി വേണ്ട ചർച്ചകൾ നടത്തുവാൻ സി.ബി.സി.ഐ. മുൻകൈ എടുക്കുമെന്നും ബാവാ പറഞ്ഞു.പൊതു സിവിൽ കോഡ് രൂപീകരണം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ മതവിഭാഗങ്ങളുമായി സമയബന്ധിതമായി ചർച്ച നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ബാവാ ആവശ്യപ്പെട്ടു.Source; Sunday Shalom