News >> 42 ക്രൈസ്തവരെ പാക്കിസ്താനിൽ കുറ്റവിമുക്തരാക്കി


ഇസ്ലാമബാദ്: ഭീകരാക്രമണങ്ങളുടെയും ന്യൂനപക്ഷപീഡനങ്ങളുടെയും വാർത്തകൾ കേട്ട് മടുത്ത പാക്കിസ്താനിൽ നിന്നൊരു സന്തോഷവാർത്ത. ഭീകരരാണെന്ന് മുദ്ര കുത്തി പാക്കിസ്താനിലെ ജയിലിലടച്ചിരുന്ന 42 ക്രൈസ്തവരെ കോടതി കുറ്റവിമുക്തരാക്കി. ക്രൈസ്തവർക്കെതിരെ അക്രമം നടത്തുകയും അന്യായമായി അവരെ ഭീകര വിരുദ്ധ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് അധികാരികൾക്കെതിരെ കേസെടുക്കുക്കാനും അവർ കുറ്റക്കാരാണൊ എന്നന്വേഷിക്കാനും കോടതി ഉത്തരവിട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബ്രിട്ടീഷ് പാക്കിസ്താനി ക്രിസ്ത്യൻ അസോസിയേഷൻ എന്ന സംഘടനയാണ് കുറ്റാരോപിതരായ ക്രൈസ്തവർക്ക് വേണ്ട നിയമസഹായം നൽകിയത്.

പോലീസുകാർ രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചതിനെ ചോദ്യം ചെയ്ത ക്രൈസ്തവരെയാണ് പോലീസ് ഭീകരവാദനിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിനിരയായ പാസ്റ്റർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളുടെ കൺമുമ്പിൽ വച്ച് രണ്ട് യുവാക്കളെ പോലീസ് കൊല്ലുന്നത് തടയുക മാത്രമാണ് ചെയ്തതെന്ന് പാസ്റ്റർ പങ്കുവച്ചു. കോടതി മുറിയിലുള്ള പോലീസുകാരുടെ പെരുമാറ്റമാണ് അവർക്കെതിരെ കേസെടുക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.

Source: Sunday Shalom