News >> മാലാവിയിലെ 40 ശത്മാനം ജനങ്ങൾക്ക് ഭക്ഷണക്ഷാമം


ലിലോംഗ്വേ, മാലാവി: രാജ്യത്തെ 65 ലക്ഷം ജനങ്ങൾക്ക് ഭക്ഷണ സഹായം എത്തിക്കാൻ അന്താരാഷ്ട്രസഹായം ലഭ്യമാക്കണമെന്ന് മാലാവി ബിഷപ്പുമാർ അഭ്യർത്ഥിച്ചു. തങ്ങളുടെ 65 ലക്ഷം സഹോദരങ്ങൾ 'ഭക്ഷണക്ഷാമം നേരിടുമെന്ന ഗവൺമെന്റ് റിപ്പോർട്ട് വേദനജനകവും ഹൃദയഭേദകവുമാണെന്ന് മാലാവിയിലെ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് ജൂലൈ ഒന്നാം തിയതി പുറപ്പെടുവിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് ചെയർമാൻ ബിഷപ് തോമസ് മസുസ ബ്ലാന്റൈറാണ് കുറുപ്പിൽ ഒപ്പുവച്ചിരിക്കുന്നത്.

മെയ്യിൽ ഗവൺമെന്റ് പുറത്തുവിട്ട കണക്കുപ്രകാരം അടുത്തവർഷം ഈ രാജ്യത്തെ പകുതിയോളം ജനങ്ങൾ ഗുരുതരമായ ഭക്ഷണക്ഷാമം നേരിടും. രാജ്യത്തെ പകുതിയോളം ആശുപത്രികൾ ഇപ്പോൾ തന്നെ ജനങ്ങളിൽ പോഷകാഹാരത്തിന്റെ കുറവ് റിപ്പോർട്ട് ചെയ്തതായി മാലാവി ബിഷപ്പുമാരുടെ കുറുപ്പിൽ വ്യക്തമാക്കി.

എൽ നിനോ കാലാവസ്ഥ പ്രതിഭാസം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന സൗത്ത് ആഫ്രിക്കൻ മേഖലയിലുളള രാജ്യമാണ് മാലാവി. രാജ്യത്തെ പ്രധാന 'ക്ഷ്യവിളയായ ചോളം വറുതിയിലും വെള്ളപ്പൊക്കത്തിലും ഗണ്യമായ തോതിൽ നശിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. മാലാവിയിലെ സ്ഥിതി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് മുതാരികായുടെ നടപടിയെ ബിഷപ്പുമാർ ശ്ലാഘിച്ചു.

'ഭക്ഷണക്ഷാമം ബാധിച്ച ജനത്തിന് സഹായമെത്തിക്കാൻ 307.5 മില്യൻ ഡോളർ ആവശ്യമാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്തപ്പെട്ടവരും അഭ്യുദയകാംക്ഷികളായ എല്ലാ ജനങ്ങളും ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഈ സമ്പത്ത് ലഭ്യമാക്കുന്നതിനായി മുമ്പോട്ട് വരണമന്നും ബിഷപ്പുമാർ അഭ്യർത്ഥിച്ചു.

Source: Sunday Shalom