News >> ദരിദ്രരാണ് സഭയുടെ സമ്പത്ത്
വത്തിക്കാൻ സിറ്റി: ദരിദ്രരാണ് സഭയുടെ നിധിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫ്രഞ്ച് രൂപതയായ ലയോണിൽ നിന്നുള്ള ദരിദ്രരും രോഗികളും വൈകല്യം ബാധിച്ചവരുമായ 200 പേരടങ്ങുന്ന സംഘത്തെ സ്വകാര്യ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.ദരിദ്രരെയും വിശക്കുന്നവരെയും കരയുന്നവരെയും പീഡിതരെയും വെറുക്കപ്പെട്ടവരെയും അനുഗ്രഹീതരെന്നു വിളിക്കുന്ന കർത്താവ് സമ്പന്നരെക്കുറിച്ച് പറയുന്ന പദം ഭയമുളവാക്കുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. ദുരിതം എന്നാണ് പാപ്പ സമ്പന്നരോട് പറയുന്നത്. സമ്പന്നരോടും ജ്ഞാനികളോടും ഇപ്പോൾ ചിരിക്കുന്നവരോടും ബഹുമാനിക്കപ്പെടുന്നവരോടും കാപട്യം കാണിക്കുന്നവരോടുമാണ് കർത്താവ് ഇത് പറഞ്ഞത്.
ഇവരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കാനുള്ള ദൗത്യവും പാപ്പ തന്റെ പ്രേഷകരെ ഏൽപ്പിച്ചു. നിങ്ങളുടെ ദാരിദ്ര്യത്തിന് കാരണക്കാരായവർക്ക് വേണ്ടി പ്രാർത്ഥിക്കുക.വലിയ വിരുന്നുകൾ നടത്തി ആഹ്ലാദിക്കുന്നവർ അവരുടെ പടിക്കൽ മേശയിൽ നിന്ന് വീഴുന്ന മിച്ചത്തിന് വേണ്ടി കാത്തിരിക്കുന്ന ലാസർമാർ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുന്നില്ല. നല്ല സമറായന്റെ ഉപമയിലെ ലേവായനെപ്പോലെ സഹായം ആവശ്യമുള്ളവരെ കണ്ടിട്ടും കാണാത്തുപോലെ കടന്നുപോകുന്ന വൈദികർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. അതുപോലെ നിങ്ങളുടെ ദാരിദ്ര്യത്തിൽ പങ്കുപറ്റുന്ന സഹോദരർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. അവരുടെ നന്മ ആഗ്രഹിക്കുകയും ഹൃദയത്തിൽ നിന്ന് പുഞ്ചിരിക്കുകയും അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും വേണം. നിങ്ങൾ ഇപ്രകാരം ചെയ്താൽ സഭയിൽ വലിയ സന്തോഷമുണ്ടാകുമെന്ന് ഞാൻ ഉറപ്പുതരുന്നു. നിങ്ങളുടെ ഹൃദയങ്ങളിലും മാതൃരാജ്യമായ ഫ്രാൻസിലും ആ സന്തോഷം പടരും;പാപ്പ പങ്കുവച്ചു.ലയോൺ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ്പ് ബാർബറിനാണ് ലയോണിൽ നിന്നുള്ള സംഘത്തെ നയിച്ചത്. ദരിദ്രരുടെ സ്ഥാനം സഭയുടെ ഹൃദയത്തിലാണെന്ന് പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ പാപ്പ വ്യക്തമാക്കി. യേശു നിങ്ങളെപ്പോലുള്ളവർക്കാണ് പ്രാധാന്യം നൽകിയത്. യേശുവിന്റെ മുൻഗണയും സ്‌നേഹവും തന്നെയാണ് തന്നെയാണ് സഭയുടെ മുൻഗണനയും സ്‌നേഹവും.അതുകൊണ്ട് പുറത്താക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആരും വിലമതിക്കാത്തവരുമായ എല്ലാവരിലേക്കും എത്തിപ്പെടുന്നത് വരെ സഭയ്ക്ക് വിശ്രമിക്കാനാവില്ല. ശരീരത്തിൽ സഹിക്കുന്ന മനുഷ്യർ എന്ന നിലയിൽ ദരിദ്രരും വൈകല്യമുള്ളവരും അവരുടെ ജീവിതം മുഴുവൻ യേശുവിനെക്കുറിച്ച് പ്രഘോഷിക്കുന്നവരാണ്. ദൈവത്തിന്റെ മുമ്പിലെ മധ്യസ്ഥരായ നിങ്ങളുടെ പ്രാർത്ഥനകൾക്ക് പ്രത്യേകമായ വിധത്തിൽ ദൈവം ഉത്തരം നൽകുന്നു; മാർപാപ്പ വ്യക്തമാക്കി.Source: Sunday Shalom