News >> ചരിത്രപരമായ കൊളംബിയ സമാധാന കരാറിനെ സഭാ നേതാക്കൾ സ്വാഗതം ചെയ്തു


52 വർഷത്തെ സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് കൊളംബിയൻ ഗവൺമെന്റും എഫ്എആർസി എന്നറിയപ്പെടുന്ന കൊളംബിയൻ സായുധ വിപ്ലവസേനയും തമ്മിലുണ്ടാക്കിയ സമാധാന കരാറിനെ സഭ നേതാക്കൾ സ്വാഗതം ചെയ്തു. കരാർ പ്രകാരം സായുധ വിപ്ലവസേനയെ പിരിച്ചുവിടും. സായുധസേനയിലെ അംഗങ്ങൾ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ പൂർണമായി സമ്മതിക്കുന്ന പക്ഷം ശിക്ഷ ഇളവു ചെയ്യാമെന്നും നേരത്തെ ധാരണയായിരുന്നു.

പുനരൈക്യശ്രമങ്ങൾക്ക് ശക്തിപകരുക എന്നത് രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണെന്നും അതിനായി ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും ബിഷപ് വിക്ടർ ഒക്കോവ പ്രതികരിച്ചു. രാജ്യം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് മനസ്സിനെ നിരായുധീകരിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്നും ഒരുമിച്ച് പുനരൈക്യശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും ബിഷപ് ഫെർണാണ്ടൊ കാമിലൊ കാസ്ട്രല്ലോൺ പിസാനൊ എസ് ഡി ബി പറഞ്ഞു. ഹാവാനയിൽ ഉണ്ടാക്കിയ ധാരണയെ കൊളംബിയൻ ജനം മുഴുവൻ പോസിറ്റീവായി സമീപക്കണെന്നായിരുന്നു സഹായമെത്രാനായ വിക്ടർ തമായോയുടെ പ്രതികരണം.

ഇരുപക്ഷവും തമ്മിലുണ്ടാക്കിയ വെടിനിറുത്തൽ കരാറിനെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡൈ്വഡ് ചീഫ് എക്‌സിക്ക്യൂട്ടീവ് മെറിൻ തോമസും സ്വാഗതം ചെയ്തു.

Source: Sunday Shalom