News >> ഫാ.ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ: വിവാഹാഘോഷങ്ങളിലെ ആർഭാടവും ഇടറുന്ന മൂല്യസങ്കൽപ്പങ്ങളും


പഭോഗസംസ്‌കാരവും, ആഗോളവൽക്കരണവും കൊടികുത്തിവാഴുന്ന ആധുനിക സംസ്‌കൃതിയിൽ ആർഭാടവും ധൂർത്തും മനുഷ്യന്റെ ജീവിതശൈലിയായിത്തീർന്നിരിക്കുന്നു. ആഘോഷങ്ങൾ ആർഭാടത്തിനും ആർഭാടം മൂല്യശോഷണത്തിനും വഴിമാറിക്കൊടുക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. താൻപോരിമയുടെയും, പ്രകടനപരതയുടെയും വിശ്വാസപ്രമാണങ്ങളാൽ നയിക്കപ്പെടുന്ന ആധുനികമനുഷ്യൻ മറ്റുള്ളവരുടെ അംഗീകാരവും, പ്രശംസയും നേടിയെടുക്കാൻ വേണ്ടിയാണ്കൂടുതൽ പണവും ചെലവഴിക്കുന്നത്. തൻമൂലം, സൗകര്യങ്ങളെക്കാൾ ആഢംബരത്തിനും ആവശ്യങ്ങളെക്കാൾ ആർഭാടത്തിനും പ്രധാന്യം ലഭിക്കുന്നു.

വിവാഹമെന്ന പവിത്രമായ കൂദാശ ഇന്ന് ആർഭാടത്തിന്റെയും, ധൂർത്തിന്റെയും നീരാളിപ്പിടുത്തത്തിൽ അമർന്നിരിക്കുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. വിവാഹത്തിന്റെ കൗദാശികമാനങ്ങൾക്ക് പ്രാധാന്യം നല്കാതെ, ആഘോഷങ്ങൾക്ക് മാത്രം പ്രാധാന്യം നല്കുന്ന പ്രവണത ക്രിസ്തീയകുടുംബങ്ങളിൽ ഏറിവരുന്നുണ്ട്. ഇത് വിവാഹത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥദർശനങ്ങൾക്കും, സഭാപ്രബോധനങ്ങൾക്കും കടകവിരുദ്ധമാണ്.

വിശുദ്ധഗ്രന്ഥദർശനമനുസരിച്ച്, ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും, വിവാഹമെന്ന ഉടമ്പടിയിലൂടെ അവരെ സംയോജിപ്പിക്കുകയും ചെയ്തു. വിവാഹത്തിനു മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി സ്ത്രീയും പുരുഷനും തമ്മിലുള്ള ഗാഢബന്ധം സ്ഥാപിക്കുക; രണ്ടാമതായി സന്താനപരമ്പര നിലനിർത്തുക (ഉത്പത്തി 1:26-28; 2:18-24). ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിലൂടെയാണ് ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും ഇണയും തുണയും ആയിത്തീരുന്നത്.

വിവാഹത്തിന്റെ അവിഭാജ്യതയെയും പവിത്രതയെയും കുറിച്ചാണ് പുതിയ നിയമത്തിലൂടെ ഈശോയും പഠിപ്പിക്കുന്നത് (മർക്കോ 10:2-9). ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ബന്ധമായ വിവാഹം മരണംവരെ നിലനിൽക്കേണ്ട ഉടമ്പടിയാണ്. അതുകൊണ്ടാണ് ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെയെന്ന് ഈശോ പഠിപ്പിക്കുന്നത്. (മത്താ 19:5-6). വിവാഹത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾ മാത്രമല്ല വിവാഹാഘോഷങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും സുവിശേഷങ്ങളിലുണ്ട് (മത്താ 22: 1-14; ലൂക്ക 4:15-24). കാനായിലെ വിവാഹാഘോഷ പശ്ചാത്തലത്തിലാണ് ഈശോ തന്റെ പരസ്യജീവിതത്തിലെ ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നത് (യോഹ 2:1-11).

ഈശോയും, സഭയും തമ്മിലുള്ള ബന്ധത്തോടാണ് പൗലോസ് ശ്ലീഹാ വിവാഹത്തെ ഉപമിച്ചിരിക്കുന്നത്. മിശിഹാ സഭയെ സ്‌നേഹിച്ചതുപോലെ ഭർത്താവ് ഭാര്യയെ സ്‌നേഹിക്കുകയും, പരസ്പരം ആത്മാർപ്പണം ചെയ്യുകയും വേണം. മാത്രമല്ല, സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും മിശിഹായെപ്രതി ഒരുമയോടും ഐക്യത്തോടുംകൂടി ജീവിക്കുമ്പോഴാണ് വിവാഹത്തിന്റെ ക്രിസ്തീയഭാവവും പവിത്രതയും മററുള്ളവർക്ക് കൂടുതൽ ദൃശ്യമാകുന്നത്. ഇതിനുള്ള ശക്തിയും, ദൈവികകൃപയുമാണ് വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികൾ സ്വായത്തമാക്കേണ്ടത്.

എന്നാൽകൗദാശികമാനം മറന്ന് ആഡംബരവും, ആർഭാടവും നിറഞ്ഞ സാമൂഹിക ചടങ്ങായിട്ടാണ് ഇന്ന് പലരും വിവാഹത്തെ വീക്ഷിക്കുന്നത്. സമൂഹത്തിൽ നിലയും, വിലയും സ്ഥാപിച്ചെടുക്കാനുള്ള ഉപാധിയായി വിവാഹാഘോഷങ്ങളെ മാതാപിതാക്കളും കുടുംബാംഗങ്ങളും കാണുന്നു. തൻമൂലം വിവാഹമെന്നത് പണക്കൊഴുപ്പിന്റെ വേദിയും, ധൂർത്തിന്റെ അടയാളവുമായി അധഃപതിച്ചിരിക്കുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് വിവാഹധൂർത്തിന് കടിഞ്ഞാണിടുവാനായി ചില പ്രായോഗിക നിർദ്ദേശങ്ങളുമായി 2015??ൽ സംസ്ഥാന വനിതാകമ്മീഷൻ മുന്നോട്ടുവന്നത്. കമ്മീഷന്റെ സദുദ്ദേശപരമായ നിർദ്ദേശങ്ങൾ നടപ്പിൽവരുത്തുവാൻ കേരളജനത പരിശ്രമിക്കുകയാണെങ്കിൽ സാമൂഹിക-സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നത് തീർച്ചയാണ്.

സമീപകാലത്ത് ലളിതമായ വിവാഹഘോഷങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകളും, സംവാദങ്ങളും, നിയമങ്ങളും, നിർദ്ദേശങ്ങളും ഉണ്ടാകുന്നുവെങ്കിലും അവയൊന്നും പ്രായോഗികമായി നടപ്പിലാകുന്നില്ലായെന്നതാണ് യാഥാർത്ഥ്യം. സ്വാർത്ഥതയും കാപട്യവും പൊങ്ങച്ച മനഃസ്ഥിതിയും, നമ്മൾ പ്രസംഗിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തുവാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ആദ്യമേ അപരൻ മാതൃക കാണിച്ചു തരട്ടേയെന്നാണ് നമ്മുടെ ചിന്താഗതി. തൻമൂലം വിവാഹാഘോഷങ്ങൾ അനുദിനം സങ്കീർണ്ണവും, ചെലവേറിയതുമായിക്കൊണ്ടിരിക്കുന്നു.

അഞ്ഞൂറു രൂപാ മുതൽ ആയിരം രൂപാ വരെയുള്ള ക്ഷണക്കത്തുകൾ അച്ചടിക്കുവാൻ മാതാപിതാക്കൾക്ക് ഉത്സാഹമാണ്. വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും വിലകൂടിയ തുണിത്തരങ്ങൾ വാങ്ങിക്കൂട്ടുന്നതിനായി ലക്ഷങ്ങൾ ചിലവഴിക്കാൻ ഇന്നാർക്കും ഒരു മടിയുമില്ല. ശീതികരിച്ച ഓഡിറ്റോറിയങ്ങളും പങ്കെടുക്കുന്നവരുടെ ബാഹുല്യവും വിവാഹാഘോഷത്തിന്റെ മാനദണ്ഡങ്ങളായി പലരും കണ്ടുതുടങ്ങിയിരിക്കുന്നു.

സ്വർണ്ണം വാങ്ങിക്കൂട്ടി മോടി കാണിക്കാനുള്ള പ്രവണതയും ക്രിസ്തീയ കുടുംബങ്ങളിൽ വർദ്ധിച്ചു വരുന്നു. വിവാഹം ഇനിയും സ്വപ്‌നമായി മാത്രം അവശേഷിക്കുന്ന അനേകം യുവതികൾ നമ്മുടെ ഇടയിൽ ഉള്ളപ്പോൾ വിവാഹാവശ്യങ്ങൾക്കായി 800 ടൺ സ്വർണ്ണം ഓരോ വർഷവും മലയാളികൾ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പത്തുപവൻ സ്വർണ്ണം കൊണ്ട് മനോഹരമായി വിവാഹം നടത്തിക്കൂടേ എന്ന് 2015??ൽ സംസ്ഥാന വനിതാകമ്മീഷൻ ചോദിച്ചത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

എന്നാൽ, സ്വർണ്ണത്തിൽ വരനേയും, വധുവിനേയും പൊതിഞ്ഞു നിറുത്തുവാനാണ് ഇന്ന് മാതാപിതാക്കൾക്ക് താൽപ്പര്യം. അതിഥികളെ സ്വീകരിക്കുവാൻ കോർപറേറ്റ് ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകൾ വിവാഹവേദിയിൽ നിറസാന്നിധ്യമാണ്. വിവാഹത്തിന്റെ തലേദിവസമുള്ള ആഘോഷങ്ങൾ അനാവശ്യവും, ഒഴിവാക്കേണ്ടതുമാണ്.

കാരണം ഇത് ധൂർത്തിനും, മദ്യപാനത്തിനുമുള്ള അവസരവമായി പരിണമിച്ചിരിക്കുന്നു. ഗാനമേളകളും, പന്തലുകളുടെ അലങ്കാരങ്ങളുമെല്ലാം വിവാഹാഘോഷവേളയിലെ ധൂർത്തിന്റേയും, ആഡംബരത്തിന്റേയും സാക്ഷ്യപത്രമായി നമുക്കു മുൻപിൽ നിലകൊള്ളുന്നു. ഇപ്രകാരം വിശുദ്ധമായ ആഘോഷങ്ങൾ ധൂർത്തിലേക്കും, ആർഭാടത്തിലേക്കും വഴുതിവീഴുമ്പോഴാണ് വിവാഹസങ്കല്പ്പങ്ങൾ തകിടം മറിയുന്നതും സമൂഹത്തിൽ മൂല്യശോഷണം സംഭവിക്കുന്നതും. ഓരോരുത്തരും കൂടുതൽ പണം ചിലവാക്കി വിവാഹാഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാൻ പരിശ്രമിക്കുന്നുവെന്നതാണ് സമൂഹത്തിന്റെ മറ്റൊരു പ്രത്യേകത.

ആകാശത്തിലും, സമുദ്രത്തിനടിയിലും വച്ച് വിവാഹം ആഘോഷിക്കുവാനുള്ള സാധ്യതകളേക്കുറിച്ചാണ് ഇന്ന് സാധാരണ കുടുംബങ്ങൾവരെ ചിന്തിക്കുന്നത്. വിവാഹധൂർത്ത് കാണിക്കുന്നവരുടെ ന്യായവാദങ്ങൾ പലപ്പോഴും സമാനരീതിയിലുള്ളതാണ്. ഒന്നോ, രണ്ടോ കുട്ടികളേ ഉള്ളൂ. അതുകൊണ്ട് ഇപ്രകാരമുള്ള ആഘോഷങ്ങൾ ജീവിതത്തിൽ ഒന്നോ, രണ്ടോ പ്രാവശ്യം മാത്രമാണുള്ളത്.

മറ്റൊരു രീതിയിൽ എപ്രകാരം ഞങ്ങളുടെ അന്തസ്സും, ആഭിജാത്യവും സമൂഹമധ്യേ പ്രകടിപ്പിക്കും? തങ്ങൾ മറ്റുള്ളവരെ സന്തോഷവാൻമാരാക്കുകയത്രെ ചെയ്യുന്നത്. വിവാഹാഘോഷങ്ങൾക്കായി തങ്ങൾ പോയിട്ടുള്ള വീട്ടുകാരെയും, സുഹൃത്തുക്കളെയും ക്ഷണിച്ചില്ലെങ്കിൽഅവരെന്തു വിചാരിക്കും? ഇപ്രകാരമുള്ള വരട്ടുവാദങ്ങൾ ഉന്നയിച്ച് സമ്പത്ത് ധൂർത്തടിക്കുന്നവർ സമൂഹനയ്ക്കായിട്ടാണോ പ്രവൃത്തിക്കുന്നതെന്ന് ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വിവാഹാഘോഷങ്ങളെ സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരളീയസമൂഹം വിവാഹവുമായി ബന്ധപ്പെട്ട ആഡംബരങ്ങൾക്കും, ആർഭാടത്തിനും മിതത്വവും, നിയന്ത്രണവും പാലിക്കണം. സമൂഹത്തിൽ ഉന്നതസ്ഥാനമുള്ളവരും, സമ്പന്നരും ലളിതമായ വിവാഹങ്ങൾക്കായി മുൻപോട്ട് വരണം. കാരണം എല്ലാ സാധ്യതകളുടേയും വാതായനങ്ങൾ തുറന്നു കിടക്കുന്നത് അവർക്കു മുൻപിലാണ്. സമ്പന്നർക്കാണ് ദരിദ്രരേക്കാളുപരി സമൂഹത്തിനു മുൻപിൽ നവീനമാതൃകകൾ അവതരിപ്പിക്കുവാൻ കഴിയുന്നത്.

ലാളിത്യത്തിന്റെ നൂതനശൈലികൾ സമ്പന്നർ അവതരിപ്പിച്ചാൽ അത് പൊതുവേ സമൂഹം അംഗീകരിക്കുകയും, അനുകരിക്കുകയും ചെയ്യും. എന്നാൽ ദരിദ്രർ അവതരിപ്പിച്ചാൽ അവർ പരിഹാസ്യരാക്കപ്പെടാനാണ് സാധ്യത.

തൻമൂലം സമ്പന്നരും, ജനസ്വാധീനമുള്ളവരുമാണ് ലളിതമായ വിവാഹാഘോഷങ്ങളുടെ സാതൃകകൾ സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ടത്. ക്രിസ്തീയകുടുംബങ്ങളിലെ വിവാഹാഘോഷങ്ങൾ വിവാഹമെന്ന പവിത്രമായ കൂദാശയുമായി ചേർന്നുപോകുന്ന രീതിയിലായിരിക്കുവാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണം. വിവാഹത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നആഘോഷങ്ങളും, ആർഭാടങ്ങളും ഒഴിവാക്കുന്നത് ക്രിസ്തീയപുണ്യം തന്നെയാണ്. കച്ചവടതാല്പര്യങ്ങളും, രാഷ്ട്രീയനേട്ടങ്ങളും വിവാഹമെന്ന കൂദാശയുമായി കൂട്ടിക്കലർത്തുമ്പോഴാണ് ആഘോഷങ്ങൾ ആർഭാടങ്ങളായിത്തീരുന്നത്.

ബിസിനസ്സിന്റെ വ്യാപ്തി വർദ്ധിപ്പിക്കുവാനും, രാഷ്ട്രീയപ്രതിച്ഛായ മെച്ചപ്പെടുത്തുവാനും, സ്ഥാപിതതാൽപ്പര്യങ്ങൾ നേടിയെടുക്കുവാനുമുള്ള അവസരമായി ആരും വിവാഹാഘോഷങ്ങളെ മാറ്റരുത്. വിവാഹത്തെ വരനും, വധുവും തമ്മിലുള്ള ദൈവിക ഉടമ്പടിയായും, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധമായും വീക്ഷിക്കണം.

പരസ്‌നേഹമില്ലാത്ത പ്രത്യാശ ഏറിവരുമ്പോഴാണ് ആഘോഷങ്ങൾ ആർഭാടത്തിനും, ധൂർത്തിനും വഴിമരുന്നിടുന്നത്. അമിതമായി ചെലവു ചെയ്യുന്നതും, പണം ധൂർത്തടിക്കുന്നതും ധാർമിക നിയമത്തിനു വിരുദ്ധമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു.

സമ്പത്തിന്റെ ദുർവ്യയമാണ് ധൂർത്തപുത്രനെ സ്വന്തം പിതാവിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും അകറ്റിക്കളഞ്ഞത് (ലൂക്കാ 15:11-17). അപരന്റെ ആവശ്യങ്ങളിലേക്ക് നോക്കാനുള്ള ദൃഷ്ടി നമ്മിലേക്ക് തന്നെ ചുരുങ്ങുമ്പോഴാണ് ധനവാന്റേയും ലാസറിന്റേയും ജീവിതപാഠങ്ങൾ നമ്മുടെയിടയിലും അരങ്ങേറുന്നത് (ലൂക്കാ 16:19-31). സഹോദരങ്ങളുടെ ആവശ്യങ്ങളേയും രോദനങ്ങളേയും ശ്രദ്ധിക്കാതെ വിവാഹാഘോഷങ്ങൾക്കായി സമ്പത്ത് ധൂർത്തടിക്കുമ്പോൾ ധനവാൻ ചെയ്ത തെറ്റ് തന്നെയാണ് നമ്മളും ആവർത്തിക്കുന്നത്.

സമൂഹം സുഖലോലുപതയിലേക്കും, ധൂർത്തിലേക്കും പോകുമ്പോൾ അതിന് പ്രതിസംസ്‌കാരം സൃഷ്ടിക്കുകയെന്നത് ക്രൈസ്തവസഭയുടെ കർത്തവ്യമാണ്. ആയതിനാൽ ക്രിസ്തീയചൈതന്യത്തിൽ ഊന്നിയതും, ലളിതവുമായ വിവാഹങ്ങൾക്ക് സഭ പ്രചുരപ്രചാരം നല്കണം. വിവാഹാഘോഷങ്ങളിൽ ലാളിത്യം പുലർത്തുവാൻ യുവതലമുറയെ പ്രോത്‌സാഹിപ്പിക്കുകയും, ബോധവത്ക്കരിക്കുകയും ചെയ്യേണ്ടത് സഭയുടെയും, സമൂഹത്തിന്റേയും സംഘാതമായ ഉത്തരവാദിത്വമാണ്.

വിവാഹഒരുക്ക സെമിനാറുകളിലൂടെയും, മറ്റ് ക്ലാസ്സുകളിലൂടെയും വിവാഹാഘോഷങ്ങളിലെ ധൂർത്തിന്റെ അപകടങ്ങളേക്കുറിച്ചും, ലളിതമായ വിവാഹത്തിന്റെ ആവശ്യകതയേക്കുറിച്ചും യുവതലമുറയെ ബോധവത്കരിച്ച് സമൂഹത്തിന്റെ ഭാവി ശോഭനമാക്കുവാൻ എല്ലാവരും പരിശ്രമിക്കണം. അപ്രകാരം ലളിതമായ വിവാഹങ്ങളുടെ നവീനമാതൃകയൂം, സദ്പ്രവണതയും ആധുനിക സമൂഹത്തിൽ ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കട്ടെ.

ഫാ.ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

Source: Sunday Shalom