News >> കരുണയുടെ യുവജന സാക്ഷികൾ
ജൂലൈ 10 യുവജനദിനം.ഇതോടനുബന്ധിച്ച് കെസിബിസി യുവജനകമ്മീഷൻ പുറപ്പെടുവിക്കുന്ന സർക്കുലർമുപ്പത്തിയൊന്നാം ലോകയുവജനദിനാഘോഷങ്ങൾക്കായി പോളണ്ടിലെ ക്രാക്കോവ് നഗരം ഒരുങ്ങുകയാണ്. ലോകത്താകമാനമുള്ള യുവജനങ്ങൾ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിനും സഭയോടുള്ള സഹവർത്തിത്വം ഊട്ടിഉറപ്പിക്കുന്നതിനും സമൂഹത്തോടുള്ള തങ്ങളുടെ ക്രൈസ്തവമായ പ്രതിജ്ഞാബദ്ധത നവീകരിക്കുന്നതിനുമായി ആഘോഷപൂർവം ഒത്തുചേരുന്ന ദിനങ്ങളാണ് ജൂലൈ 25 മുതൽ 31 വരെയുള്ള യുവജനദിനാഘോഷ വേള. കരുണയുടെ മഹാജൂബിലി പ്രഖ്യാപിച്ചിരിക്കുന്ന യുവജനങ്ങളുടെ കൂടിവരവുകളെല്ലാം ഈ കാലഘട്ടത്തിൽ കരുണയുടെ യുവജനസാക്ഷികളാകാനുള്ള ഓർമ്മപ്പെടുത്തലാണ്.
പിതാവിനെപ്പോലെ കരുണാപൂർണർകരുണയുടെ മഹാജൂബിലി വർഷത്തിന്റെ ആത്പവാക്യം വിശുദ്ധ ലൂക്കായുടെ സുവിശേഷം ആറാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനത്തെ കേന്ദ്രീകരിച്ചുള്ളതാണ്. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. വിശുദ്ധ ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നത്, കരുണയുടെ സുവിശേഷം എന്നാണ്. മാപ്പു നല്കലിന്റെ സുവിശേഷം, ദരിദ്രരുടെ സുവിശേഷം, സ്ത്രീകളുടെ സുവിശേഷം, വിജാതീയരുടെ സുവിശേഷം എന്നിങ്ങനെ വിവിധ വിശേഷണങ്ങൾ ഈ സുവിശേഷത്തിനുണ്ട്.കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വർഷത്തിൽ യുവജനങ്ങൾ സവിശേഷശ്രദ്ധയോടെ വായിക്കുകയും പഠിക്കുകയും ചർച്ചചെയ്യുകയും ചെയ്യേണ്ട ഒന്നാണ് കരുണയുടെ സുവിശേഷം. സമൂഹത്തിന്റെ സമഗ്രവിമോചനത്തിനായി എന്നും മുന്നിട്ടിറങ്ങി ശബ്ദമില്ലാത്തവരുടെ ശബ്ദമായി സമൂഹത്തിലെ വേറിട്ട ശബ്ദമായി നിലനില്‌ക്കേണ്ട യുവജനങ്ങളുടെ മാതൃകയും പ്രതീക്ഷയുമായ യുവാവായ യേശുനാഥന്റെ നയപ്രഖ്യാപനം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന പ്രത്യേകതയാണ്. കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്.ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.ബേത്‌ലേഹമിൽ നിന്നും കാൽവരിയോളം സഞ്ചരിച്ച മനുഷ്യനായി പിറന്ന യേശുനാഥൻ തന്റെ മുഖം കരുണയുടേതാണെന്ന് തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ലോകത്തോട് വിളിച്ചു പറഞ്ഞു. വിശക്കുന്നവന് അപ്പമായും രോഗിക്ക് സൗഖ്യമായും തളർന്നവന് ആശ്വാസമായും മനമിടിഞ്ഞവർക്ക് പ്രതീക്ഷയായും മരിച്ചവന് ഉത്ഥാനമായും ലോകം അവനെ പ്രതീക്ഷയോടെ തിരിച്ചറിഞ്ഞു.തന്റെ വാക്കിലും പ്രവൃത്തിയിലും കാരുണ്യം കവിഞ്ഞൊഴുക്കി, ആശ്വാസദായകനായി കടന്നുവന്ന യേശുനാഥൻ എക്കാലത്തും യുവജനങ്ങളുടെ മാതൃകയാണ്. നൂറ്റാണ്ടുകൾക്കിപ്പുറം വിവിധ സേവനമേഖലകളിൽ തങ്ങളുടെ ജീവിതം യേശുവിനുവേണ്ടി പൂർണമായും സമർപ്പിച്ച് മനുഷ്യർക്കായി പൂർണമായി പങ്കുവയ്ക്കുന്ന കരുണയുടെ മാലാഖമാരിലൂടെ ഇന്നും പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമായ യേശുനാഥനെ ലോകം തിരിച്ചറിയുന്നു. വിവിധ മിഷൻ മേഖലകളിൽ വേല ചെയ്യുന്ന സന്ന്യസ്തരിലും പുരോഹിതരിലും അല്മായരിലും ഭൂരിഭാഗവും യുവജനങ്ങളാണ്. യുദ്ധഭൂമിയിലും സദാ ജാഗരൂകരായി തങ്ങളുടെ മാതൃരാജ്യത്തിനു കാവൽനില്ക്കുന്ന അതിർത്തി മേഖലകളിലും കരുണയുടെയും നീതിയുടെയും കാവൽ ഭടന്മാരാകുന്നത് സ്വജീവിതം അനേകർക്കായി ത്യാഗമായി നല്കുന്ന യുവജനങ്ങളാണ്.
കരുണയുള്ളവർ ഭാഗ്യവാന്മാർമുപ്പത്തിയൊന്നാം ലോകയുവജനദിനാഘോഷങ്ങളുടെ ആപ്തവാക്യം വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ സുവിശേഷഭാഗ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന തിരുവചനഭാഗങ്ങളിലെ ഏഴാം വാക്യമാണ്. കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും'(മത്തായി 5:7). കരുണയുടെ മഹാജൂബിലി വർഷത്തിന്റെ ആപ്തവാക്യവും ലോകയുവജനദിനാഘോഷങ്ങളുടെ ആപ്തവാക്യവും ഏറെ സമാനതകളുള്ളതാണ്. പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമായ യേശുനാഥന്റെ കരുണയുടെ യുവജനസാക്ഷികളാകാനുള്ള വിളി ഈ കാലഘട്ടത്തിന്റെ പ്രത്യേക നിയോഗമായി ഏറ്റെടുത്തുകൊണ്ട് ഭീകരതയും പട്ടിണിയും അക്രമവും അസമത്വവും അഴിമതിയും മനുഷ്യനിർമ്മിതമായ പ്രകൃതി ദുരന്തങ്ങളും കൊടികുത്തി വാഴുന്ന ആധുനികലോകത്തിൽ കരുണയുടെ കാവൽക്കാരായി യേശുവിന് സാക്ഷ്യം വഹിക്കണമെന്ന് ഈ തിരുവചനങ്ങൾ ഓർമ്മിപ്പിക്കുന്നു.
കാരുണ്യവർഷവും യുവജനങ്ങളുംകേരളത്തിലെ മുപ്പത്തിയൊന്ന് രൂപതകളിലെയും യുവജനങ്ങളുടെ പഠനത്തിനും വിചിന്തനത്തിനും കർമ്മപദ്ധതികൾക്കുമായി കെസിബിസി യുവജനകമ്മീഷൻ ഈ വർഷം മുമ്പോട്ടുവയ്ക്കുന്ന പഠനവിഷയം, ആഗോള കത്തോലിക്കാസഭയുടെ കാരുണ്യവർഷചിന്തകളോടും ഫ്രാൻസിസ് മാർപാപ്പായുടെ ലോകയുവജനദിനസന്ദേശത്തോടും താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ളതാണ്. കേരളത്തിലെ എല്ലാ യുവജനസംഘടനകളും കെസിബിസി യുവജനകമ്മീഷൻ മുമ്പോട്ടുവയ്ക്കുന്ന പഠനവിഷയമായ കരുണയുടെ യുവജനസാക്ഷികൾ: പരിസ്ഥിതി സൗഹൃദം - ലഹരി വിരുദ്ധസമൂഹം - ജീവന്റെ സംരക്ഷണം'എന്ന പഠനവിഷയം അത് അർഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണ്.ഈ വർഷത്തെ പ്രധാന പഠനവിഷയമായ കരുണയുടെ യുവജനസാക്ഷികൾ എന്ന പ്രധാന തലവാചകത്തിന്റെ ഉപവിഭാഗങ്ങളാണ് പരിസ്ഥിതി സൗഹൃദം, ലഹരിരഹിതസമൂഹം, ജീവന്റെ സംരക്ഷണം'എന്നിവ. മനുഷ്യനും പരിസ്ഥിതിയും നേരിടുന്ന ആധുനിക വെല്ലുവിളികൾ ഏറെ കരുണയോടും ശ്രദ്ധയോടും സമീപിക്കേണ്ട വിഷയങ്ങളാണെന്നും അവയെ പരിചരിക്കുന്നതിൽ കരുണയുടെ യുവജനസാക്ഷികളാകുവാനുള്ള പ്രത്യേക വിളിയാണ് ഓരോ യുവാവിനും യുവതിക്കും ഉള്ളതെന്നും ഈ പഠനവിഷയം നമ്മെ അനുസ്മരിപ്പിക്കുന്നു.തീരദേശ മക്കളുടെ നിലയ്ക്കാത്ത കണ്ണീരും നാളെയെക്കുറിച്ചുള്ള ആകുലതയും മലനാടിന്റെ പച്ചയായ മനുഷ്യരുടെ നിസ്സഹായ അവസ്ഥകളും ദളിത് വിഭാഗങ്ങളുടെ സമത്വത്തിനുവേണ്ടിയുള്ള സമരങ്ങളും ഹരിതാഭ നഷ്ടപ്പെടുന്ന ഭൂമിയുടെ ഉൾക്കിടിലങ്ങളും അന്യം നിന്നുപോകുന്ന ജീവജാലങ്ങളുടെ ജീവൻ മരണപോരാട്ടവും യുവജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന പ്രതിധ്വനികളാവണം. കരുണയുടെ ഈ വർഷത്തിൽ ആഘോഷിക്കപ്പെടുന്ന യുവജനദിന കർമ്മപരിപാടികളും ഈ വർഷത്തെ എല്ലാ യുവജനശുശ്രൂഷാമേഖലകളും മനുഷ്യനെയും പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും നൊമ്പരപ്പെടുത്തുന്ന വിഷയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയാവണം.Source: Sunday Shalom