News >> ബൈബിൾ പകർത്തിയെഴുതി 80-കാരൻ ആന്റണി


തൃശൂർ: അതിരൂപതയിലെ നടത്തറ തിരുഹൃദയ ഇടവകാംഗമായ സി.സി. ആന്റണി ചിറമേൽ (82) ബൈബിൾ പകർത്തിയെഴുതി വിസ്മയമാവുന്നു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവയെ സമ്പൂർണമായി അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ദിവ്യവചനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വചനം പകർത്തി എഴുതിയതെന്ന് സി.സി. ആന്റണി സൺഡേ ശാലോമിനോട് പറഞ്ഞു.
ബൈബിൾ പഴയനിയമവും പുതിയ നിയമവും സ്വന്തം കയ്യക്ഷരത്തിൽ 18 മാസംകൊണ്ട് ദിവസം ശരാശരി നാലുമണിക്കൂർ സമയമെടുത്ത് 3002 പേജിൽ (എ ഫേർ സൈസ്) ഒരേ ഒരു എഡ്ഡ് പേനയിൽ 91 റീഫിൽ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ജി.എം ആയി റിട്ടയർ ചെയ്ത വ്യക്തിയാണ് സി.സി. ആന്റണി. തുടർന്ന് പത്തുവർഷം മലയാള മനോരമയുടെ ഫിനാൻസ് സെക്ഷനിൽ ചീഫ് എക്‌സിക്യുട്ടീവായി ജോലി നോക്കി. തുടർന്ന് അഞ്ചുമാസം അമേരിക്കയിലെ ഫിലാഡൽഫിയയിൽ മകളോടൊപ്പം താമസിച്ചു. തുടർന്ന് ചെന്നൈയിലെ വി.ഡി.പി കമ്പനിയിൽ സെക്രട്ടറിയായി രണ്ടുവർഷം. ജോലി സംബന്ധമായി കൂടുതലും ചെന്നൈയിലായിരുന്നതിനാൽ 40 വർഷമായി ചെന്നൈയിൽ സ്ഥിര താമസമാക്കി. റിട്ടയർമെന്റിനുശേഷം തൃശൂരിലും ചെന്നൈയിലും മാറിമാറി താമസിക്കുന്നു.

വർഷത്തിലൊരിക്കൽ കേരളത്തിലെ ധ്യാനകേന്ദ്രങ്ങൾ മാറിമാറി സി.സി. ആന്റണിയും ഭാര്യയും താമസിച്ചുള്ള ധ്യാനങ്ങളിൽ പങ്കെടുക്കും. എന്തെങ്കിലും എഴുതണമെന്ന പ്രചോദനം ഓരോ ധ്യാനാവസരങ്ങളിലും അദ്ദേഹത്തിന് ലഭിക്കും. സൺഡേ ശാലോം, ശാലോം ടൈംസ്, വചനോത്സവം, മേരിവിജയം, കത്തോലിക്കസഭ, താലന്ത്, മലങ്കര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഈ ലേഖനങ്ങളെല്ലാം സമാഹരിച്ച് 'ആത്മീയ നിറവിലേക്ക് നയിക്കുന്ന സ്വർഗീയ ചിന്തകൾ' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.

സി.സി. ആന്റണിയുടെ ഭാര്യ മേഴ്‌സി. നാലുമക്കൾ- നെൽസൺ, ജെൻസൺ, നെൻസി, ജെൻസി. കുറെക്കൂടെ ദൈവത്തോട് അടുക്കാൻ വചനമാണ് നല്ലതെന്ന ബോധ്യത്തോടെ വചനഭാഗങ്ങൾ കട്ട് ചെയ്ത് ഓരോ പ്രതലങ്ങളിൽ പേസ്റ്റ് ചെയ്ത് സൂക്ഷിക്കാൻ തുടങ്ങി. ഇത് കലണ്ടർപോലെ വീട്ടിലെ പല മുറികളിലും തൂക്കിയിട്ടു. പിന്നീട് ബൈബിൾ പകർത്തിയെഴുത്ത് തുടങ്ങി. ഒരു പ്രത്യേക നിയോഗവുമായിട്ടാണ് ബൈബിൾ പകർത്തിയെഴുതിയത്.

രണ്ടാമത്തെ മകൻ ജെൻസൻ അന്യമതക്കാരിയുമായി പ്രണയത്തിലായി, അത് വിവാഹത്തിലെത്തി. ആന്റണിക്കും ഭാര്യയ്ക്കും താൽപര്യമുണ്ടായിരുന്നില്ലെങ്കിലും മകന്റെ ഇഷ്ടത്തിന് വഴങ്ങി. ജെൻസൻ വിവാഹം ചെയ്ത പെൺകുട്ടി കിഡ്‌നി പേഷ്യന്റ് ആയിരുന്നു. ഈ വിവരം മറച്ചുവച്ചാണ് വിവാഹം നടത്തിയത്. വിവാഹശേഷം രണ്ട് കിഡ്‌നികളും തകരാറിലായി. ലണ്ടനിൽ കൊണ്ടുപോയി ഓപ്പറേഷൻ നടത്തിയെങ്കിലും രക്ഷപ്പെട്ടില്ല. 16 വർഷം മാത്രമേ ആ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. ഡൽഹി സ്വദേശിനിയായിരുന്നു ഭാര്യ. ഭാര്യയുടെ മരണശേഷം വീട്ടിലേക്ക് വരാതായി. പല പ്രാവശ്യം പുനർവിവാഹത്തിന് മകനെ നിർബന്ധിച്ചെങ്കിലും ജെൻസൻ കൂട്ടാക്കാൻ തയാറായില്ല. പിന്നീട് ജെൻസൻ ജോലി കിട്ടി സ്വിറ്റ്‌സർലണ്ടിലേക്ക് പോയി.

മകന്റെ മടങ്ങിവരവിനുവേണ്ടി കുറെ പ്രാർത്ഥനകൾ ആന്റണി നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങനെയാണ് ബൈബിൾ പകർത്തിയെഴുതാൻ തീരുമാനിച്ചത്. വീടുമായി മകൻ ബന്ധപ്പെടണം എന്ന നിയോഗവുമായാണ് ബൈബിൾ പകർത്തിയെഴുത്ത് തുടങ്ങിയത്. 45 ദിവസംകൊണ്ട് പുതിയനിയമം എഴുതിക്കഴിഞ്ഞു. 45-ാം ദിവസം മകൻ ജെൻസൻ അപ്രതീക്ഷിതമായി യാതൊരു അറിയിപ്പുമില്ലാതെ വീട്ടിലെത്തി.
15 ദിവസം ജെൻസൻ മാതാപിതാക്കളുടെ കൂടെ താമസിച്ചു. ഇത് ദൈവത്തിന്റെ വലിയ ഇടപെടലായിട്ടാണ് ആന്റണി കരുതുന്നത്. മകൻ ബൈബിൾ എഴുതിയതൊക്കെ മറിച്ചുനോക്കി. അതിനു പറ്റിയ കവർ ഡിസൈൻ ചെയ്ത് കൊടുത്തു. അതിനുശേഷം സ്ഥിരമായി ഇടവേളകളിൽ മകൻ വീട്ടിലെത്തും. കുടുംബത്തിന്റെ ചടങ്ങുകളിലും പങ്കെടുക്കും.

ബൈബിൾ പകർത്തിയെഴുത്ത് തുടങ്ങിയതിനുശേഷം പറയത്തക്ക അസുഖങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സന്തോഷത്തോടെ സി.സി. ആന്റണി പറഞ്ഞു. എന്നാൽ അതിനുമുമ്പ് ഡയബറ്റിക്കും കൊളസ്‌ട്രോളുമൊക്കെ ഉണ്ടായിരുന്നു. ബൈബിൾ പകർത്തിയെഴുത്ത് തുടങ്ങിയതിനുശേഷം പ്രായത്തിന്റേതടക്കം എല്ലാ അസുഖങ്ങളും നോർമലായി.

പുതിയ നിയമം എഴുതിക്കഴിഞ്ഞപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. എഴുത്ത് പ്രധാനമായും ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു. അതിനിടയിൽ തൃശൂർ വീട്ടിലെത്തി. മഴക്കാലത്ത് തൃശൂർ ടൗണിലെ ഫുട്പാത്തിലൂടെ നടക്കുമ്പോൾ വഴുതി വീണു. മലർന്നടിച്ചായിരുന്നു വീഴ്ച. ആ വീഴ്ചയിൽ രക്തം കട്ടപിടിക്കുകയൊക്കെ സംഭവിക്കാനുള്ള പ്രായം. പക്ഷേ, ദൈവപരിപാലനയിൽ ആരൊക്കെയോ താങ്ങി ആശുപത്രിയിലെത്തിച്ചു. ബോധരഹിതനായ ആന്റണി ഓർമ വരുമ്പോൾ ആശുപത്രി കട്ടിലിലാണ്. ആശുപത്രിക്ക് സമീപത്തുള്ള വീഴ്ചയിൽ ആന്റണിയെ താങ്ങിയത് ആ ആശുപത്രിയിലെതന്നെ രണ്ട് ഡോക്ടർമാരാണെന്ന് പിന്നീട് മനസിലായി. ഈയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ബൈബിൾ പകർത്തിയെഴുത്ത് കൊണ്ടാണെന്ന് ആന്റണി വിശ്വസിക്കുന്നു.

പുതിയ നിയമം രണ്ടാം വട്ടം എഴുതാൻ ആഴുമാസം സമയമെടുത്തു. ഇതിനിടയിൽ വീട്ടിലെ എല്ലാ കാര്യങ്ങളും ദൈവം ക്രമീകരിച്ചു. അതിനിടയിൽ ആനുകാലികങ്ങളിൽ ലേഖനമെഴുതുന്നതും തുടർന്നു. പിന്നീട് പുതിയ നിയമം ഇംഗ്ലീഷിൽ പകർത്തിയെഴുതി. മൂന്നുമാസംകൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. അനുദിനവും ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ടാണ് ആന്റണിയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. എല്ലാ വിശുദ്ധരുടെയും നൊവേനകളിൽ കഴിവതും പങ്കെടുക്കും. എല്ലാ മാസവും 24-ന് രാത്രി 12 മുതൽ 1.30 വരെ നൈറ്റ് വിജിൽ പ്രാർത്ഥന വീട്ടിൽവച്ച് നടത്തും. ആദ്യമൊക്കെ ഒറ്റയ്ക്കാണ് നടത്തിയിരുന്നതെങ്കിലും ഇപ്പോൾ ഭാര്യ മേഴ്‌സിയും പങ്കെടുക്കുന്നുണ്ട്.

വീണ്ടും എഴുതണമെന്ന പ്രചോദനം ആന്റണിക്ക് കിട്ടിക്കൊണ്ടിരുന്നു. പഴയനിയമം എഴുതാനാരംഭിച്ചു. ഇതെഴുതി തീർക്കാനാകുമോ എന്ന സംശയമുണ്ടായെങ്കിലും ദൈവപരിപാലനയിൽ എഴുത്ത്.

Source: Sunday Shalom