News >> ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കണം: കെ.ആർ.എൽ.സിസി


എറണാകുളം: ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും കേരള കത്തോലിക്ക സഭയും ഉണർന്ന് പ്രവർ ത്തിക്കണമെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം.

കേരളത്തിലെ ലത്തീൻ സഭാ സമുദായത്തിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെ ജനറൽ അസംബ്ലി എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ദളിത് ഉന്നമനത്തിനായി ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. അവർണരെ അടിമത്തത്തിൽ നിന്നുയർത്താൻ മറ്റു ജനവിഭാഗങ്ങളോടൊപ്പം മിഷനറിമാർ മുന്നോട്ടു വന്നു. ക്രൈസ്തവമിഷനറിമാർ ദളിതരിൽ കണ്ടത് ദൈവത്തിന്റെ ഛായയും സാദൃശ്യവും ലാളിത്യവുമാണ്.

ഉത്തരവാദിത്വപ്പെട്ടവർക്ക് ദളിതരോടുള്ള നിലപാട് മാറ്റാൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. മിഷനറിമാരുടെ സംഭാവനകളെ ആരും കുറച്ചു കാണുന്നില്ല. എന്നാൽ മിഷണറിമാർക്ക് പണ്ട് ദളിതരോടുണ്ടായിരുന്ന താൽപര്യവും തീക്ഷ്ണതയും ഇപ്പോൾ കുറഞ്ഞു പോയില്ലേ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ദളിത് വിഭാഗത്തിനു വേണ്ടിയുള്ള സമനീതിയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള സ്‌നേഹപരിഗണന മാത്രമല്ല ഇതിനെ അർഹിക്കുന്ന പ്രധാന്യത്തോടെ നമുക്ക് കാണാൻ കഴിയാത്തതാവാം കാരണം. അതിന് ആദ്യം വേണ്ടത് നമ്മുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തുകയാണ്. അദേഹം പറഞ്ഞു.

ദളിത്‌ക്രൈസ്തവരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കാനായി ദളിത് മഹാജനസഭ രൂപീകരിച്ച് അതിനു സാധ്യമായ എല്ലാ പ്രോത്സാഹനവും സഹായസഹകരണങ്ങളും നൽകിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ സഭാനേതൃത്വമാണ്. നിരന്തരമായ പ്രക്ഷോഭണങ്ങളുടേയും സമ്മർദ്ദങ്ങളുടേയും ഫലമായി ദളിത് ക്രൈസ്തവർക്കായി കുറേയൊക്കെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

ദളിതരോട് പക്ഷം ചേർന്ന് അവർക്ക് നിഷേധിക്കപ്പെട്ട നീതി പുന:സ്ഥാപിച്ചു കിട്ടാൻ കെആർഎൽസിസി പരിശ്രമിക്കണമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെആർഎൽസിസി വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ വ്യക്ത മാക്കി.

ദളിത് ക്രൈസ്തവരെ ഇന്നത്തെ അവസ്ഥയിൽ നിന്നു മോചിപ്പിക്കണമെങ്കിൽ ദളിതത്വത്തെ പ്രസവിക്കുന്ന വ്യവസ്ഥയോട് സഭ മല്ലിടണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം റവ. ഡോ. വത്സൻ തമ്പു ചൂണ്ടിക്കാട്ടി. കെആർഎൽസിസി വൈസ് പ്രസിഡന്റ് റവ. പ്രസാദ് തെരുവത്ത് ഒസിഡി മോഡറേറ്ററായിരുന്നു. കെആർഎൽസിസിയുടെ പ്രഥമ ട്രഷററായിരുന്ന അന്തരിച്ച പ്രഫ. ആന്റണി ഐസക്, കെആർഎൽസിസി മെമ്പർ അഡ്വ. റോഷർ നെല്ലിക്കൽ എന്നിവരെ ഷെവ. പ്രഫ. എബ്രഹാം അറക്കൽ അനുസ്മരിച്ചു. ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, മദർ ലൈസ, ഫാ. ജോയ് പുത്തൻവീട്ടിൽ, തോമസ് കെ. സ്റ്റീഫൻ, ആന്റണി നെറോണ എന്നിവർ സംബന്ധിച്ചു.

പാനൽ ചർച്ചകളിൽ റവ. ഡോ. ഫ്രാൻസിസ് ടി. പാറവിള, റവ. ഡോ. മാത്യു ഏർത്തയിൽ, ശൂരനാട് ഗ്രിഗറി എന്നിവർ വിവിധ ദളിത് വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരുന്നു. തുടർന്നു നടന്ന ദിവ്യബലിയിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു.

Source: Sunday Shalom