News >> പാപ്പായുടെ പുതിയ മോത്തു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം)
പരിശുദ്ധസിംഹാസനത്തിന്‍റെ ഭൗതികസമ്പത്ത് കൈകാര്യം ചെയ്യുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്ന സംവിധാനങ്ങളുടെ നവീകരണം പ്രാബല്യത്തില്‍ വരുത്തുന്ന പാപ്പായുടെ ഒരു മോത്തു പ്രോപ്രിയൊ, അഥവാ, സ്വയാധികാര പ്രബോധനം ശനിയാഴ്ച (09/07/16) പരസ്യപ്പെടുത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച (04/07/16) ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ചതാണിത്. പരിശുദ്ധസിംഹാസനത്തിന്‍റെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ആപ്സ-APSA ( AMMINISTRAZIONE DEL PATRIMONIO DELLA SEDE APOSTOLICA) യും പാപ്പാ 2014 ഫെബ്രുവരി 24 ന് രൂപം കൊടുത്ത പുതിയ മൂന്നു സംവിധാനങ്ങളിലൊന്നായ സാമ്പത്തികകാര്യാലയവും (SEGRETARIA PER L'ECONOMIA) തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ മോത്തു പ്രോപ്രിയൊ എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ് ഓഫീസ്) ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. പരിശുദ്ധസിംഹാസനത്തിന്‍റെ സമ്പത്ത് കൈകാര്യം ചെയ്യുകയെന്നതും അതിന്‍റെ നിയന്ത്രണവും സൂക്ഷ്മനിരീക്ഷണവും തമ്മിലുള്ള സുവ്യക്തവും അസന്ദിഗ്ദവുമായ വിത്യാസം ഉറപ്പുവരുത്തുകയാണ് ഈ മോത്തു പ്രോപ്രിയൊയുടെ അടിസ്ഥാനമെന്നും ഈ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ആപ്സയുടെ തനതായ ദൗത്യങ്ങളും, അതുപോലെതന്നെ, നിയന്ത്രണം സൂക്ഷ്മനിരീക്ഷണം എന്നിവയില്‍ സാമ്പത്തികാര്യാലയത്തിന്‍റെ മൗലിക ദൗത്യങ്ങളും ഈ മോത്തു പ്രോപ്രിയൊ കൃത്യമായി കാണിക്കുന്നു. ഇവ പ്രാബല്യത്തില്‍ വരുത്തുന്നതിന് ഈ വിഭാഗങ്ങളുടെ ഉത്തരവദിത്വം പേറുന്നവരുടെ പരസ്പര സഹകരണം ഉണ്ടാകുമെന്ന പ്രത്യാശയും പാപ്പാ ഈ മോത്തു പ്രോപ്രിയൊയുടെ അവസാനം പ്രകടിപ്പിക്കുന്നുണ്ട്.Source: Vatican Radio