News >> സ്വപ്നം കാണുന്ന മുത്തശ്ശീമുത്തച്ചന്മാരെ നാടിനാവശ്യം-പാപ്പാ


മുത്തശ്ശീമുത്തച്ചന്മാര്‍ക്ക് സ്വപ്നം കാണാനും യുവജനത്തിന് വന്‍കാര്യങ്ങള്‍ പ്രവചിക്കാനും ധൈര്യം ഉണ്ടാകുമ്പോള്‍ മാത്രമെ സ്വന്തം നാട് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകൂ എന്ന് മാര്‍പ്പാപ്പാ.

     തന്‍റെ ജന്മനാടായ, തെക്കെ അമേരിക്കന്‍ രാജ്യമായ അര്‍ജന്തീനയുടെ സ്വാതന്ത്ര്യത്തിന്‍റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിന്‍റെ തലേന്ന്, വെള്ളിയാഴ്ച (08/07/16) ഫ്രാന്‍സീസ് പാപ്പാ അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹൊസെ മരിയ അറന്‍സേദൊയ്ക്ക് അയച്ച ആശംസാസന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

      പ്രചോദനദായകരായ സ്വപ്നംകാണുന്ന മുത്തശ്ശീമുത്തച്ചന്മാരെയും ഈ സ്വപ്നങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പ്രവചനപരമായ സര്‍ഗ്ഗാത്മകതയോടെ മുന്നേറുന്ന യുവതയെയുമാണ് നമുക്കാവശ്യമെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

      1816 ജൂലൈ 9 ന് സ്വാതന്ത്ര്യം നേടിയ അര്‍ജന്തീനയ്ക്ക്, ആ ജനതയ്ക്ക്, സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതോടൊപ്പം പാപ്പാ അര്‍ജന്തീനയിലെ ജനങ്ങള്‍ക്ക്  തന്‍റെ സാമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പുനല്കുകയും ചെയ്യുന്നു.

     അന്നാട്ടില്‍ കൂടുതല്‍ യാതനകളനുഭവിക്കുന്നവരുടെ, അതായത്, രോഗികളുടെയും, നിര്‍ദ്ധനരുടെയും തടവുകാരുടെയും ഏകാന്തതയനുഭവിക്കുന്നവരുടെയും തൊഴില്‍രഹിതരു‌ടെയും, മനുഷ്യക്കടത്തിനിരകളായവരുടെയും ചൂഷിതരുടെയും മയക്കുമരുന്നു ദുരുപയോഗം മൂലം യാതനകളനുഭവിക്കുന്ന യുവജനങ്ങളുടെയും, പീഢനങ്ങള്‍ക്കിരകളായ കുട്ടികളുടെയും ചാരെ താനുണ്ടെന്ന് പാപ്പാ ​‌എടുത്തു പറയുന്നു.

      അര്‍ജന്തീനയെ കാത്തുസംരക്ഷിക്കാനും അതിനെ കൂടുതല്‍ ശക്തവും സാഹോദര്യം വാഴുന്നതുമാക്കിത്തീര്‍ക്കാനും സകലവിധത്തിലുള്ള ആധിത്യങ്ങളിലും നിന്ന് സംരക്ഷിക്കാനും പാപ്പാ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. 

Source: Vatican Radio