News >> ഇസ്രായേൽ പാലസ്തീൻ പ്രശ്‌നപരിഹാരം മതവിശ്വാസികളുടെ ഉത്തരവാദിത്തം


വത്തിക്കാൻ സിറ്റി: അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ സാധ്യമാകുന്ന രണ്ട് രാജ്യങ്ങളുടെ രൂപീകരണം മാത്രമാണ് ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനുള്ള ശാശ്വതപ്രതിവിധിയെന്ന് ഐക്യരാഷ്ട്ര സഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരനിരീക്ഷകൻ ആർച്ച്ബിഷപ് ഇവാൻ ജുക്കോവിക്ക്. ഇസ്രായേൽ-പാലസ്തീൻ സമാധാനത്തെക്കുറിച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ കോൺഫ്രൻസിലാണ് ആർച്ച് ബിഷപ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.

രണ്ട്-രാജ്യങ്ങൾ രൂപീകരിച്ചുകൊണ്ടുള്ള പരിഹാരം ഒരു സ്വപ്നമായി തുടരാതെ എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കാൻ ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009-ൽ വിശുദ്ധ നാട് സന്ദർശിച്ചപ്പോൾ നടത്തിയ ആഹ്വാനം ആർച്ച് ബിഷപ് ജുക്കോവിക്ക് പ്രസംഗത്തിൽ ഉദ്ധരിച്ചു. 2014-ൽ ഫ്രാൻസിസ് മാർപാപ്പയും ഇതേ നിലപാട് ബെത്‌ലഹേമിൽവച്ച് ആവർത്തിക്കുകയുണ്ടായി. ഔദ്യോഗിക ചർച്ചകളിൽ മാത്രം ആശ്രയിക്കാതെ എല്ലാ മതങ്ങളിലുമുള്ള വിശ്വാസികൾ സമാധാനത്തിന് വേണ്ടി പ്രയത്‌നിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.

ആക്രമണ മാർഗങ്ങളെ ന്യായീകരിക്കുന്നതിന് മതങ്ങളെ ഉപയോഗിക്കുന്നതിനെ എല്ലാ മതനേതാക്കളും അപലപിക്കണമെന്നും സമാധാനം സാധ്യവും അഭിലഷണീയവും മാത്രമല്ല എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന ബോധ്യം പകർന്നു നൽകണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. രണ്ട് രാജ്യങ്ങൾ രൂപീകരിച്ചുകൊണ്ടുള്ള പരിഹാരമാർഗത്തോടുള്ള പ്രതിബദ്ധത പദ്ധതികളിലൂടെയും പ്രവൃത്തിയിലൂടെയും ഇരുകക്ഷികളും പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് ഐക്യരാഷ്ട്രസഭയും നയതന്ത്ര സഖ്യകക്ഷികളും ജൂലൈ ഒന്നാം തിയതി പ്രസിദ്ധീകരിച്ചിരുന്നു. സമാധാനത്തിനായുള്ള ചർച്ചകളെ തടസ്സപ്പെടുത്തുന്ന ഏകപക്ഷീയമായ നടപടികളിൽ നിന്ന് ഇരുകക്ഷികളും വിട്ടുനിൽക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

Source: Sunday Shalom