News >> മാർ ജെയിംസ് പഴയാറ്റിലിനു ബുധനാഴ്ച യാത്രാമൊഴി

ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ ജെയിംസ് പഴയാറ്റിലിന്റെ സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ ശുശ്രൂഷകൾ ആരംഭിക്കുക. സീറോ മലബാർ സഭാ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ഷിക്കാഗോ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് തുടങ്ങിയവർ ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം ഇന്നു രാവിലെ വിവിധ പ്രാർഥനാ ശുശ്രൂഷകൾക്കുശേഷം പൊതുദർശനത്തിന് വച്ചു. രാവിലെ 7.30 മുതൽ 8.30 വരെ സെന്റ് ജെയിംസ് ആശുപത്രിയിലും ഒമ്പതുവരെ തൊട്ടടുത്തുള്ള സെന്റ് ജോസഫ് ഭവനിലും പൊതുദർശനം നടന്നു. പിന്നീട് പൊതുദർശനത്തിനായി ഈസ്റ്റ് പുത്തൻചിറയിലെ പഴയാറ്റിൽ പിതാവിന്റെ സ്വവസതിയിലേക്കും ഇടവകപള്ളിയിലേക്കും കൊണ്ടുപോയി. ഉച്ചയോടെ ഇരിങ്ങാലക്കുടയിൽ എത്തിക്കുന്ന ഭൗതികശരീരം ഒന്നു മുതൽ 1.30 വരെ രൂപതാഭവനത്തിലും രണ്ടു മുതൽ 3.30 വരെ പിതാവ് വിശ്രമജീവിതം നയിച്ചിരുന്ന സെന്റ് പോൾസ് മൈനർ സെമിനാരിയിലും തുടർന്നു നാല് മുതൽ സെന്റ് തോമസ് കത്തീഡ്രലിലും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷയും ദിവ്യബലിയും നഗരികാണിക്കലും നടത്തും. ഭൗതികശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ പ്രത്യേകമായി തയാറാക്കിയ ശവകുടീരത്തിൽ സംസ്കരിക്കും. രൂപതയുടെ പ്രഥമ മെത്രാനായതുകൊണ്ട് പഴയാറ്റിൽ പിതാവിനു ദേവാലയത്തിനകത്തു സ്‌ഥിതിചെയ്യുന്ന കപ്പേളയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്കു പ്രത്യേക പ്രാർഥനകൾക്കും അനുരഞ്ജന കൂദാശയ്ക്കുമായി ഒരുക്കിയിരിക്കുന്ന ഇടമാണ് ഈ കപ്പേള. മൃതസംസ്കാര ശുശ്രൂഷകൾക്കു ശേഷം വൈകീട്ട് ആറിന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. സഭാപിതാക്കന്മാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് ബാവ, മാർ ആൻഡ്രൂസ് താഴത്ത്, മാർ അപ്രേം മെത്രാപ്പോലീത്ത, മാർ റാഫേൽ തട്ടിൽ, മാർ ബോസ്കോ പുത്തൂർ, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് പവ്വത്തിൽ, മാർ ജേക്കബ് മനത്തോടത്ത്, ഡോ. ജോസഫ് കാരിക്കശേരി, മാർ ഏബ്രഹാം കുരുതുകുളങ്ങര, മാർ തോമസ് തുരുത്തിക്കോണം, മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ, സിബിസിഐ സെക്രട്ടറി ഫാ. സ്റ്റീഫൻ ആലത്തറ എന്നിവർ മാർ ജെയിംസ് പഴയാറ്റിലിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. വിദ്യഭ്യാസമന്ത്രിയും മാർ ജെയിംസ് പഴയാറ്റിലിന്റെ പൂർവ വിദ്യാർഥിയുമായ പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്. സുനിൽകുമാർ, ഇന്നസെന്റ് എംപി, സി.എൻ. ജയദേവൻ എംപി, കേരള കോൺഗ്രസ്-എം നേതാവ് അഡ്വ. തോമസ് ഉണ്ണിയാടൻ, ബി.ഡി. ദേവസി എംഎൽഎ, മുനിസിപ്പൽ മുൻ ചെയർമാൻ എം.പി. ജാക്സൺ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു എന്നിവരും അനുശോചനം അറിയിച്ചു. <യ>ഇരിങ്ങാലക്കുട രൂപതയിലെ ക്രൈസ്തവ സ്‌ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി തൃശൂർ: മാർ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്കാര ദിനമായ ബുധനാഴ്ച രൂപതയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും മറ്റു സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് രൂപത പിആർഒ ഫാ. ജോമി തോട്ട്യാൻ അറിയിച്ചു.
Source: Deepika