News >> മോൺ.വയലുങ്കലിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കോട്ടയം: പപ്പുവാ ന്യൂഗിനിയായുടെ അപ്പസതോലിക് നൂൺഷിയോയും റസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി നിയമിതനായ കോട്ടയം രൂപതാംഗമായ മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന മെത്രാഭിഷേക കർമ്മത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.ഈജിപ്തിലെ മുൻ നൂൺഷിയോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറോൾഡും സി.ബി.സി.ഐ സെക്രട്ടറി ജനറൽ റൈറ്റ്. റവ. ഡോ. തെയഡോർ മസ്‌ക്കെരാനോസും സഹകാർമ്മികരായിരിക്കും. സി.ബി.സി.ഐയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ചുബിഷപ്പുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മരിയ കാലിസ്റ്റ് സൂസെപാക്യം പിതാവും സന്ദേശങ്ങൾ നൽകും. വത്തിക്കാൻ പ്രതിനിധികളും ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 50 ഓളം മെത്രാന്മാരും ശുശ്രൂഷകളിൽ പങ്കാളികളാകും.നീണ്ടൂർ ഇടവക വയലുങ്കൽ എം.സി മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മോൺസിഞ്ഞോർ വയലുങ്കൽ തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1991 ഡിസംബർ 27-ാം തീയതി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ വച്ച് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച മോൺ. വയലുങ്കൽ രാജപുരം, കള്ളാർ, എൻ.ആർ.സിറ്റി, സേനാപതി പള്ളികളിൽ അജപാലനശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്.റോമിലെ "സാന്താക്രോചെ" യൂണിവേഴ്‌സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടുകയും വത്തിക്കാൻ നയതന്ത്ര അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്ത മോൺ. വയലുങ്കൽ ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം ചെയ്തു. 2001 ൽ മോൺസിഞ്ഞോർ പദവിയും 2011 ൽ "പ്രിലേറ്റ് ഓഫ് ഓണർ" പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ മോൺസിഞ്ഞോർ വയലുങ്കൽ നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപ്പാപ്പ അദ്ദേഹത്തെ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്.Source: Sunday Shalom