News >> കത്തോലിക്കാസഭയുടെ ദലിത് അരൂപി കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് കെആർഎൽസിസി
എറണാകുളം: ദളിത് ചൈതന്യത്തിന് ക്രിസ്തീയ സമൂഹത്തിൽ വലിയ പങ്കുണ്ടെന്ന് കെആർഎൽസിസി വ്യക്തമാക്കി.ദലിത് ക്രൈസ്തവരെ സംബന്ധിച്ച് വ്യക്തമായ നയരൂപീകരണവും കർമ്മപദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് നിലവിലുള്ള സാമൂഹികസാമ്പത്തിക നിജസ്ഥിതി മനസ്സിലാക്കുവാൻ സർവേ അടക്കമുള്ള സമഗ്രപഠനങ്ങൾ സംഘടിപ്പിക്കുമെന്നും കത്തോലിക്കാസഭയുടെ ദലിത് അരൂപി കൂടുതൽ പ്രോത്സാഹിപ്പിക്കുവാനും നിലനിറുത്തുവാനും കെആർഎൽസിസി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും എറണാകുളത്ത് സമാപിച്ച കെആർഎൽസിസി 28-ാമത് ജനറൽ അസംബ്ലി പ്രഖ്യാപിച്ചു.ദളിത് വിഷയം സജീവമായി ചർച്ച ചെയ്തതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. സമ്മേളനത്തിന്റെ മറ്റു പ്രധാന തീരുമാനങ്ങൾ ചുവടെ; 1950 ആഗസ്റ്റ് 10 ലെ പ്രസിഡൻഷ്യൽ ഓർഡറിനുശേഷം കടുത്ത അവഗണനയും നീതി നിഷേധവും അനുഭവിച്ചു വരികയാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ച ദലിതർ.ജനാധിപത്യവും മതേതരത്വവും മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്ന ഭാരതത്തിൽ മതത്തിന്റെ പേരിൽ യാതൊരുവിധ വിവേചനവും നീതി നിഷേധവും പാടില്ലയെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നു. എന്നാൽ ക്രിസ്തുമതം സ്വീകരിച്ചതിന്റെപേരിൽ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ദലിത് ക്രൈസ്തവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇത് പൗരാവകാശ നിഷേധമാണ്; മൗലിക അവകാശ നിഷേധമാണ്; മനുഷ്യാവകാശ നിഷേധമാണ്; മത വിവേചനമാണ്.
മാറിമാറിവരുന്ന സർക്കാരുകൾ ദലിത് ക്രൈസ്തവരോട് നിഷേധമനോഭാവമാണ് സ്വീകരിച്ചുവരുന്നത്. ഉദ്യോഗ, വിദ്യാഭ്യാസ രംഗത്ത് നല്കുന്ന സംവരണം ഒഴികെ സർക്കാർ ക്ഷേമപദ്ധതികളിൽ ദലിത് ക്രൈസ്തവർക്ക് തുല്യപരിഗണന നല്കാൻ തടസ്സമില്ലാതിരിക്കെ അതിനാവശ്യമായ സത്വര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. വിദ്യാഭ്യാസ പ്രവേശനത്തിൽ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ അവരുടെ അസാന്നിദ്ധ്യത്തിൽ ദലിത് ക്രൈസ്തവർക്ക് മാത്രമായി നല്കിയിരുന്നു. എന്നാൽ ഇന്ന് അത് ഒ.ഇ.സിക്കായി മാറ്റിവയ്ക്കുകയും ഒ.ഇ.സി. ലിസ്റ്റ് വിപുലീകരിക്കുകയും ചെയ്തിരിക്കുന്നു. ഇത് ദലിത് ക്രൈസ്തവർക്കായി പുനസ്ഥാപിക്കണം.പട്ടികജാതിക്കാർക്ക് നിലവിൽ ഉപരി പഠനത്തിന് അനുവദിച്ചുവരുന്ന വയസ്സിളവും മാർക്കിളവും ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും അനുവദിക്കണം. ഒപ്പം പ്രവേശനത്തിന് സംവരണം പ്രത്യേകം ക്വാട്ടയായി അനുവദിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് നല്കിവരുന്ന ആനുകൂല്യങ്ങൾ വിവേചനരഹിതമായി ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും അനുവദിക്കണം. സർക്കാർ നിയമനങ്ങളിൽ ദലിത് ക്രൈസ്തവർക്ക് അനുവദിച്ചിരിക്കുന്ന സംവരണതോത് വർദ്ധിപ്പിച്ച് ഫലപ്രദമായ രീതിയിൽ റൊട്ടേഷൻ ക്രമീകരിക്കുകയും വയസ്സിളവ് അനുവദിക്കുകയും വേണം. ദലിത് ക്രൈസ്തവവിദ്യാർത്ഥികൾക്ക് എസ്.സി. വിദ്യാർത്ഥികൾക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നല്കുമെന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം സംസ്ഥാനസർക്കാർ സത്വരമായി നടപ്പാക്കണം.ലത്തീൻ സഭയിൽ വിവേചനമില്ലാതെ എല്ലാവരും ഒന്നാണെന്ന ഏകതാബോധത്തോടെ സമൂഹത്തിൽനിന്നും സർക്കാർതലത്തിൽനിന്നും ലഭിക്കേണ്ട സമനീതി കൈവരിക്കാൻ ദലിത് സ്വത്വം നിലനിർത്തുകയും ചെയ്യുന്ന നയമായിരിക്കും കെആർഎൽസിസിയുടേത്. ദലിത് ജനതയുടെ മുഖ്യധാരാ പ്രവേശനം സഭാ ദൗത്യമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി ദീർഘകാല വീക്ഷണത്തോടുകൂടിയ കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കുകയും ആവശ്യമായ വിഭവ സമാഹരണം നടത്തി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ്.പ്രസ്തുത പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ മോണിട്ടർ ചെയ്തും വിലയിരുത്തിയും ലക്ഷ്യപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുവാൻ കെആർഎൽസിസിതലത്തിൽ ഒരു സ്ഥിരസംവിധാനം രൂപീകരിക്കുന്നതാണ്. അല്മായ പ്രാതിനിധ്യമുള്ള സഭാ സമുദായ സംവിധാനങ്ങളിൽ ദളിത് ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കും. ദലിത് സമൂഹത്തിൽനിന്നുള്ള ദൈവവിളി പരിപോഷണത്തിന് പ്രത്യേക കർമ്മപരിപാടികൾ ആവിഷ്‌കരിക്കരിച്ച് നടപ്പിലാക്കുന്നതാണ്. ദലിതരുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി പദ്ധതികൾ തയ്യാറാക്കുകയും സഭാ സ്ഥാപനങ്ങളിൽ തൊഴിൽ വിദ്യാഭ്യാസ സംവരണം ഉൾപ്പെടെയുള്ള നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതുമാണ്.ദലിത് ക്രൈസ്തവരെ സംബന്ധിച്ച് വ്യക്തമായ നയരൂപീകരണവും കർമ്മപദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് നിലവിലുള്ള സാമൂഹികസാമ്പത്തിക നിജസ്ഥിതി മനസ്സിലാക്കുവാൻ സർവേ അടക്കമുള്ള സമഗ്രപഠനങ്ങൾ സംഘടിപ്പിക്കും. ഒപ്പം കത്തോലിക്കാസഭയുടെ ദലിത് അരൂപി കൂടുതൽ പ്രോത്സാഹിപ്പിക്കുവാനും നിലനിറുത്തുവാനും കെആർഎൽസിസി പ്രതിജ്ഞാബദ്ധമായിരിക്കും.ലത്തീൻ സഭയിൽ ഇന്ന് പ്രവർത്തിക്കുന്ന സമുദായ സംഘടനകൾ പൊതുസ്വഭാവത്തിൽ നിലനിറുത്തുകയും യാതൊരു വിധ വിവേചനവുമില്ലാതെ ദലിത് ക്രൈസ്തവർക്ക് അംഗത്വം നല്കുകയും ചെയ്യും. ദലിത് കത്തോലിക്കാസംഘടനകളുടെ തനിമ നിലനിർത്തുകയും അവയെ ശക്തിപ്പെടുത്തുകയും ഇതരസഭാവിഭാഗങ്ങളിലുള്ള ദലിത് ക്രൈസ്തവ പ്രസ്ഥാനങ്ങളുമായി ചേർന്നുള്ള പോരാട്ടങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യും. ലത്തീൻ സഭയിലെ ദലിത് സംഘടനകളുടെ ഏകോപനത്തിന് ആവശ്യമായ നേതൃത്വം കെആർഎൽസിസി നല്കും. ദലിത് സംഘടനകളുടെയും നേതൃത്വത്തിന്റെയും ശക്തീകരണത്തിനായി പഠനപരിശീലനപരിപാടികൾ സംഘടിപ്പിക്കും.ലത്തീൻ സഭയെ സംബന്ധിച്ചിടത്തോളം ദളിതർ ഒരു മുതൽക്കൂട്ടാണെന്ന് സമാപനസമ്മേളനത്തിൽ കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ദളിത് തനിമ നിലനിർത്തി ആ ചൈതന്യം എല്ലാവർക്കും പകർന്നു കൊടുക്കാൻ കെആർഎൽസിസി മുൻകയ്യെടുക്കണം. യേശു ഒരു ദളിത്പക്ഷക്കാരനായിരുന്നു. അവർക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്.യേശുവിന്റെ പ്രവർത്തനങ്ങൾ പിന്തുടർന്ന് യേശുവുമായി താദാത്മ്യം പ്രാപിക്കണം. സംവരണമെന്നത് എല്ലാവരും മുഖ്യധാരയിൽ എത്താനായി ഏർപ്പെടുത്തിയിട്ടുള്ളതാണ്. ദളിതരോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ദളിതർക്ക് അർഹമാകുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സഭ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തി.Source: Sunday Shalom