News >> ജൂബിലിയിൽ സമ്പൂർണ ഹീമോഫീലിയ ചികിത്സ ആരംഭിച്ചു


തൃശൂർ: രക്തസ്രാവ വൈകല്യമുള്ളവർ സമൂഹത്തിൽ വർധിക്കുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും സമഗ്ര ചികിത്സാസംരംഭങ്ങൾ വഴി പ്രശ്‌നം നേരിടാൻ കഴിയണമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രസ്താവിച്ചു. ജൂബിലിമിഷൻ ആശുപത്രിയിൽ ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവ വൈകല്യങ്ങൾ ഉള്ളവർക്കായി ആരംഭിക്കുന്ന ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമ്പുകടിയേറ്റ് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയ അനുഭവം മന്ത്രി പങ്കുവച്ചു.

സാമ്പത്തിക പരാധീനത ആരോഗ്യസേവന ശുശ്രൂഷയ്ക്ക് തടസമായിരിക്കരുതെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് എടുത്തുപറഞ്ഞു. യഥാസമയം ആവശ്യമായ ചികിത്സ മുൻകൂട്ടി ലഭ്യമാക്കിക്കൊണ്ട് ഹീമോഫീലിയക്കാർക്ക് വൈകല്യങ്ങളിൽ നിന്നുള്ള മോചനം ഉറപ്പുവരുത്തണമെന്ന് പ്രിൻസിപ്പൽ ഡോ. പ്രവീൺലാൽ കൂട്ടിച്ചേർത്തു. ഡോ. അബ്രഹാം വർഗീസ് ഹീമോഫീലിയ അടക്കമുല്‌ള രക്തസ്രാവ വൈകല്യമുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ, മുൻ കരുതലുകൾ, സമഗ്രചികിത്സ, ചികിത്സയുടെ മാനങ്ങൾ എന്നിവ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് വിദഗ്ധർ മറുപടി പറഞ്ഞു.

ആശുപത്രി സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ (സൗത്ത്) ചെയർമാൻ ഇ. രഘുനന്ദനൻ, കുന്ദംകുളം ഹീമോഫീലിയ സൊസൈറ്റി പ്രസിഡന്റ് പ്രഫ. എൻ.എൻ. ഗോകുൽദാസ്, ഡോ. സിസ്റ്റർ മെർളി, ഫിസിയോതെറാപിസ്റ്റ് ബാബു, എന്നിവർ പ്രസംഗിച്ചു

Source: Sunday Shalom