News >> പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന് പുതിയ അമരക്കാര്‍
പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്, പ്രസ്സ് ഓഫീസിന് പുതിയ മേധാവികള്‍.
അമേരിക്കക്കാരനായ ഗ്രെഗ് ബര്‍ക്കിനെയാണ് (GREG BURKE ) ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (11/07/16) പ്രസ്സ് ഓഫീസിന്‍റെ മേധാവിയായി നിയമിച്ചത്. ആഗസ്റ്റ് ഒന്നിന് (01/08/16) ചുമതലയേല്‍ക്കുന്ന അദ്ദേഹം ഇപ്പോള്‍ ഈ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ്
പ്രസ്സ് ഓഫീസിന്‍റെ പുതിയ ഉപാദ്ധ്യക്ഷയായി നിയമിതയായിരിക്കുന്നത് സ്പെയിന്‍ സ്വദേശിനി ശ്രീമതി പലോമ ഗര്‍സീയ ഒവെഹേരൊയാണ് (PALOMA GARCIA OVEJERO).
പ്രസ്സ് ഓഫീസിന്‍റെ ഡയറെക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ വിടുവിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, 74 വയസ്സ് പ്രായമുള്ള ഈശോസഭാവൈദികന്‍ ഫെദറിക്കൊ ലൊംബാര്‍ദി സമര്‍പ്പിച്ച രാജിക്കത്ത് തിങ്കളാഴ്ച(11/07/16) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ പുതിയ നിയമനങ്ങള്‍ നടത്തിയത്. 2006 ജൂലൈ 11 ന് പ്രസ്സ് ഓഫീസിന്‍റെ ഡയറെക്ടറായി ചുമതലയേറ്റ അദ്ദേഹം ഈ മാസം 31 വരെ( 31/07/16) തല്‍സ്ഥാനത്തു തുടരും.
2001 മുതല്‍ 2013 ജനുവരി 22 വരെ വത്തിക്കാന്‍ ടെലവിഷന്‍ കേന്ദ്രത്തിന്‍റെയും (CTV) 2005 നവമ്പര്‍ 5 മുതല്‍ 2016 ഫെബ്രുവരി 29 വരെ വത്തിക്കാന്‍ റേഡിയോയുടെയും മേധാവി (ഡയറെക്ടര്‍ ജനറല്‍) ആയിരുന്നു ഫാദര്‍ ഫെദറീക്കൊ ലൊംബാര്‍ദി.
ശിഷ്ടകാലവും സഭാസേവനത്തില്‍...! വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി
വ്യക്തിപരമായ കാരണങ്ങളാലാണ് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവിയുമായിരുന്ന ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി വിരമിക്കുന്നത്. അദ്ദേഹം ജൂലൈ 12-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ടെലിവിഷന്‍ ഉള്‍പ്പെടെ വത്തിക്കാന്‍ മാധ്യമങ്ങളുടെ മൊത്തം മേല്‍നോട്ടം വഹിച്ചിരുന്നത് ഒരുസമയത്ത് ഫാദര്‍ ലൊമ്പാര്‍ഡിയായിരുന്നു.സ്ഥാനത്യാഗം അംഗീകരിക്കുകയും, വത്തിക്കാന്‍ മാധ്യമവിഭാത്തില്‍ സേവനംചെയ്തിരുന്ന അമേരിക്കന്‍ സ്വദേശി, ഗ്രെഗ് ബുര്‍ക്കെയെ പ്രസ്സ് ഓഫിസിന്‍റെ ഡയറക്ടറായി പാപ്പാ ഫ്രാന്‍സിസ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ സ്ഥാനത്ത് നിയോഗിക്കുകയുംചെയ്തു. സ്പെയിന്‍കാരി പലോമാ ഗാര്‍സിയയെ ഡെപ്യൂട്ടി ഡയറക്ടറായും ജൂലൈ 11-ാം തിയതി തിങ്കളാഴ്ച പാപ്പാ നിയമിച്ചു. ആഗസ്റ്റ് 1-ാം തിയതിമുതല്‍ ഗ്രെഗും പലോമായും വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ ചുമതല ഏറ്റെടുക്കും.ആഗോള സഭയുടെ സാരഥ്യം മുന്‍പാപ്പാ ബനഡിക്ട് 16-മന്‍ ഏറ്റെടുത്ത കാലംമുതല്‍ (2005) പത്തുവര്‍ഷക്കാലം മാധ്യമ ലോകത്ത് നിറഞ്ഞുനിന്ന പേരാണ് ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി. 74 വയസ്സുള്ള അദ്ദേഹം ഇറ്റലിക്കാരനായ ഈശോസഭാ വൈദികനാണ്. വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ ജന്മനാടായ വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് സ്വദേശിയാണ്. പ്രാഥമിക വിദ്യാഭാസത്തിനുശേഷം ഗണിതശാസ്ത്രം ഐച്ഛികവിഷയമായി പഠിച്ച അദ്ദേഹം, ഉന്നതപഠനം ജര്‍മ്മനിയില്‍ നടത്തി. അവിടെവച്ചാണ് ഈശോസഭയില്‍ ചേര്‍ന്നത്.1972-ല്‍ വൈദികപട്ടം സ്വീകരിച്ചശേഷം ഈശോസഭയുടെ മേല്‍നോട്ടത്തിലുള്ള
ചിവില്‍ത്താ കത്തോലിക്കാ (
La Civilt Cattolica) എന്ന ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിലാണ് മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. മാസികയുടെ ലേഖകനും പ്രസാദകനുമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഈശോ സഭയുടെ ഇറ്റാലിയന്‍ പ്രവിശ്യയുടെ പ്രവിന്‍ഷ്യലായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.പ്രോവിന്‍സിന്‍റെ ഭരണകാര്യങ്ങള്‍ ആറു വര്‍ഷക്കാലം കാര്യക്ഷമമായി നയിച്ച ഫാദര്‍ ലൊമ്പാര്‍ഡി 1991-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടര്‍ (Director of Programs) എന്ന സ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെട്ടു. 2006 ജൂലൈ 11-ാം തിയതി മുന്‍പാപ്പാ ബനഡിക്ട് 16-ാമനാണ് അദ്ദേഹത്തെ വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവിയായും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവായും നിയോഗിച്ചത്. അതോടെ വത്തിക്കാന്‍ റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഫാദര്‍ ലൊമ്പാര്‍ഡിയില്‍ നിക്ഷിപ്തമായി.പാപ്പായുടെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും വത്തിക്കാന്‍ പരിപാടികളും വാരാന്ത്യത്തില്‍ ക്രോഡീകരിച്ച് ഇറ്റാലിയന്‍ ടെലിവിഷന്‍ ശൃംഖലയ്ക്ക്
(RAI- the official Television Network of Italy) എട്ടാമിടം
Octavo Dies എന്ന ശീര്‍ഷകത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി അവതരിപ്പിച്ചിരുന്നത് ജനപ്രീതിയാര്‍ജ്ജിച്ച ടി.വി. പരിപാടികളില്‍ ഒന്നായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 9 മണിക്ക് അത് (Rai Uno) സംപ്രേക്ഷണം ചെയ്തിരുന്നു.ലാളിത്യമാര്‍ന്ന ജീവിതശൈലിയും പ്രശാന്തതയും സൗമ്യതയും ലഭ്യതയുംകൊണ്ട് ശ്രദ്ധേയമാണ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ വ്യക്തിത്വം. ഇത്രയേറെ ജനപ്രിയനും ദാര്‍ശനികനുമായ പാപ്പായ്ക്ക് വക്താവ് ആവശ്യമില്ല, എന്ന ഫാദര്‍ ലൊമ്പാര്‍ഡിയുടെ പ്രസ്താവം മാധ്യമലോകത്ത് പ്രശസ്തമാണ്. അദ്ദേഹത്തിന്‍റെ ചിന്തകള്‍ അത്രയേറെ വ്യക്തവും സുതാര്യവുമാണെന്നു ഫാദര്‍ ലൊമ്പാര്‍ഡി വാദിക്കുന്നു. പാപ്പായുടെ എല്ലാ അന്തര്‍ദേശിയ അപ്പസ്തോലിക യാത്രകളിലും ഔദ്യോഗിക പരിപാടികളിലും സന്നിഹിതനായി മാധ്യമകാര്യങ്ങള്‍ ക്രമീകരിക്കുക എന്ന ഉത്തരവാദിത്തം അവസാനമായി പാപ്പായുടെ റൊമേനിയ അപ്പസ്തോലിക യാത്രിയിലും ഫാദര്‍ ലൊമ്പാര്‍ഡി ഭംഗിയായി കൈകാര്യംചെയ്തു.
വിരമിക്കുകയാണെങ്കിലും തന്‍റെ കഴിവും പരിചയസമ്പത്തും ശിഷ്ടകാലവും സഭാസേവനത്തില്‍ ലഭ്യമാക്കിക്കൊണ്ടു മുന്നോട്ടു പോകുമെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു ജൂലൈ 12-ാം തിയതി ചൊവ്വാവ്ച നല്കിയ അഭിമുഖത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
Source: Vatican Radio