News >> പാപ്പായുടെ ജോര്‍ജിയ,അസെര്‍ബൈജാന്‍ സന്ദര്‍ശന പരിപാടികള്‍
ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നടത്താന്‍പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍ പരിശുദ്ധസിംഹാസനം തിങ്കളാഴ്ച (11/07/16) പരസ്യപ്പെടുത്തി. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശനം. പാപ്പായുടെ പതിനാറാമത്തെ വിദേശ അപ്പസ്തോലിക പര്യടനം ആയിരിക്കും ഇത്. സെപ്റ്റംബര്‍ 30 ന് ഉച്ചതിരിഞ്ഞ് ജോര്‍ജിയായുടെ തലസ്ഥാനമായ തിബ്ലിസിയില്‍ എത്തുന്ന പാപ്പായുടെ അന്നാട്ടിലെ ആദ്യദിനത്തിലെ പരിപാടികള്‍ അന്നാടിന്‍റെ പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച, സര്‍ക്കാരധികാരികളും പൗരാധികാരികളുമായുള്ള കൂടിക്കാഴ്ച, ആകമാന ജോര്‍ജിയായുടെ കാതോലിക്കോസ് ഇലിയ രണ്ടാമനെ സന്ദര്‍ശിക്കല്‍ എന്നിവയാണ്. രണ്ടാം ദിനമായ ശനിയാഴ്ച പാപ്പാ മെഷ്കി സ്റ്റേഡയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. വൈദികരും സന്യസ്തരുമായുള്ള കൂടിക്കാഴ്ച, കാരുണ്യപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച, മെഷ്കെത്തയിലെ പാത്രിയാര്‍ക്കല്‍ കത്തീദ്രല്‍ സന്ദര്‍ശനം എന്നിവയും അന്നത്തെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒക്ടോബര്‍ രണ്ടിന് പാപ്പാ അസെര്‍ബൈജാനിലേക്കു പോകും. അന്ന് സലേഷ്യന്‍ സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ബക്കുവിലുള്ള ഒരു കേന്ദ്രത്തിലെ ദേവാലയത്തില്‍ ദിവ്യപൂജാര്‍പ്പണം, രാഷ്ട്രപതിമന്ദിരത്തില്‍ പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച പൗരാധികാരികളുമായുള്ള നേര്‍ക്കാഴ്ച, കൗക്കാസിലെ ഇസ്ലം ഷെയ്ക്കുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, ബക്കുവിലെ ഓര്‍ത്തഡോക്സ് മെത്രാനുമായുള്ള കൂടിക്കാഴ്ച അവിടത്തെ യഹൂദസമൂഹത്തിന്‍റെ പ്രസിഡന്‍റുമായുള്ള നേര്‍ക്കാഴ്ച എന്നിവയാണ് പാപ്പായുടെ അന്നാട്ടിലെ ഏകദിന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്നു രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio