News >> വിശ്വാസജീവിതം സല്‍പ്രവൃത്തികളായി ഫലമണിയണം
ജൂലൈ 10-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ നല്ല സമരിയക്കാരന്‍റെ ഉപമയെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത്. വേനല്‍ വെയിലിനെ വകവയ്ക്കാതെ വിവിധ രാജ്യക്കാരായി ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വന്നെത്തിയ പാപ്പാ നല്കിയ സന്ദേശം ചുവടെ ചേര്‍ക്കുന്നു:
- ആപത്തില്‍പ്പെട്ടവനെ തുണയ്ക്കുന്ന വെല്ലുവിളി:
ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള സുവിശേഷഭാഗം 'നല്ല സമരിയക്കാരന്‍റെ കഥ' പറയുന്നു (10, 25-37). ലളിതമെങ്കിലും പ്രചോദനാത്മകമായ ഉപമ സകലര്‍ക്കും നല്ലൊരു ജീവിതശൈലി കാട്ടിത്തരുന്നു. പ്രതിസന്ധിയില്‍പ്പെട്ട മനുഷ്യരെ നാം ജീവിതത്തില്‍ മറ്റാരെയുംകാള്‍ പരിഗണിക്കണം, മാനിക്കണം എന്ന വെല്ലുവിളിയാണ് ഈ ഉപമ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അതായത്, ജീവിത ക്ലേശങ്ങളില്‍പ്പെട്ടവര്‍ നമ്മെ വെല്ലുവിളിക്കുന്നു. ജീവിതവെല്ലുവിളികളോട് പ്രതികരിക്കാതിരിക്കുന്നത് ക്രിസ്തീയമല്ല.നിയമപണ്ഡിതന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ക്രിസ്തു ഈ ഉപമ പറയുന്നത്. ദൈവത്തെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. നിത്യതയുടെ മാനദണ്ഡമായ ഈ കല്പനയുടെ ദ്വൈമാനം വെളിപ്പെടുത്തുന്നതാണ് ഈ ഉപമ (25-28). "അപ്പോള്‍ അങ്ങു പറയൂ! ആരാണ് എന്‍റെ അയല്‍ക്കാരന്‍?" നിയമജ്ഞന്‍ ക്രിസ്തുവിനോടു ചോദിച്ചു (29). നിയമജ്ഞന്‍റെ ചോദ്യം നമ്മോടും ചേദിക്കേണ്ടതാണ്. എന്‍റെ അയല്‍ക്കാരന്‍ ആരാണ്? മാതാപിതാക്കളോ, സ്നേഹിതരോ, നാട്ടുകാരോ, ഒരേ മതത്തില്‍പ്പെട്ടവരോ? ആരെയാണ് സ്നേഹിതനായി ഞാന്‍ പരിഗണിക്കേണ്ടത്? ആരാണെന്‍റെ അയല്‍ക്കാരന്‍?
2. ഉപമ പറയുന്ന ഉത്തരം:ഉപമയിലൂടെയാണ് ക്രിസ്തു ഉത്തരംപറയുന്നത്. ഒരു മനുഷ്യന്‍ ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്ക് പോകുംവഴി കള്ളന്മാരുടെ കൈയ്യില്‍പ്പെട്ടു. അവര്‍ അയാളെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കി. കൈവശമുള്ളത് കവര്‍ന്നെടുത്തശേഷം ഉപേക്ഷിച്ചിട്ടുപോയി. ആ വഴി ഒരു പുരോഹിതനും ലേവായനും വന്നെങ്കിലും മുറിപ്പെട്ടവനെ കണ്ടിട്ടും വഴിമാറിപ്പോയി (31-32). ഒരു സമരിയക്കാരന്‍ ആ വഴി വന്നു. സമേരിയായില്‍നിന്നുമുള്ളവരെ യഹൂദര്‍ അക്കാലത്ത് പുച്ഛമായി കണ്ടിരുന്നു. കാരണം അവര്‍ യഥാര്‍ത്ഥമായ മതത്തിന്‍റെ അനുയായികള്‍ ആയിരുന്നില്ലത്രെ! എന്നിട്ടും സമരിയക്കാരന്‍ മുറിപ്പെട്ടു കിടക്കുന്ന യഹുദന്‍റെ പക്കല്‍ച്ചെന്നു. 'അനുകമ്പതോന്നി' അയാളെ പരിചരിച്ചു. മുറിവുകള്‍ വച്ചുകെട്ടി. കുതരപ്പുറത്തു കയറ്റി മുറിപ്പെട്ടവനെ അടുത്തുള്ള സത്രത്തില്‍ കൊണ്ടാക്കി (33-34). അടുത്ത ദിവസം സത്രാധിപനെ കറുച്ചു പണമേല്പിച്ചു. അയാളെ പരിചരിക്കണമെന്നും, മടങ്ങിവന്ന് ബാക്കി പണം തന്നുകൊള്ളാമെന്നും പറഞ്ഞേല്പിച്ചിട്ടു സമരായന്‍ യാത്രയായി (35).
ഇത്രയും പറഞ്ഞിട്ട് ക്രിസ്തു നിയമപണ്ഡിതനോടു ചോദിച്ചു. "കൊള്ളക്കാരുടെ കയ്യില്‍പ്പെട്ട മനുഷ്യന് ഈ മൂവരില്‍ - പുരോഹിതനോ, ലേവ്യനോ, സമരായനോ, ആരാണ് അയല്‍ക്കാരന്‍?" അയാള്‍ ബുദ്ധിമാനായിരുന്നു. മറുപടി പറഞ്ഞു, "മുറിപ്പെട്ടവനോടു കരുണകാട്ടിയവനാണ് നല്ല അയല്‍ക്കാരന്‍" (36-37).
3.വാക്കുകള്‍ പ്രവൃത്തികളാകണം:നിയമപണ്ഡിതന്‍റെ ആദ്യത്തെ നിലപാടും കാഴ്ചപ്പാടും ക്രിസ്തു പാടെ അട്ടിമറിച്ചെന്നു പറയാം..! മാത്രമല്ല നമ്മുടെ നിലപാടുകളും! ആരായിരിക്കണം എന്‍റെ അയല്‍ക്കാരന്‍, അല്ലെങ്കില്‍ ആരല്ലായിരിക്കണം എന്ന തീരുമാനം തീര്‍ച്ചയായും എന്‍റേതാണ്. എന്നാല്‍ ആവശ്യത്തിലായിരിക്കുന്നവന്‍ - അത് ശത്രുവോ അന്യനോ ആയാലും, അവനാണ് എന്‍റെ അയല്‍ക്കാരന്‍. "പോയി ഇതുപോലെ ചെയ്യുക," എന്നു പറഞ്ഞാണ് ക്രിസ്തു കഥ അവസാനിപ്പിക്കുന്നത് (37). നല്ലൊരു പാഠമാണിത്! ക്രിസ്തു നമ്മോട് ഓരോരുത്തരോടും പറയുന്നത്: "നിങ്ങളും പോയി ഇതുപോലെ ചെയ്യുക." നന്മചെയ്യുക, സല്‍പ്രവൃത്തികള്‍ ചെയ്യുക. വാക്കുകള്‍ കാറ്റില്‍ പറന്നുപോകുന്നതാണെങ്കില്‍ പിന്നെ എന്തു വിലയുണ്ട്. ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഗാനത്തിന്‍റെ വരികള്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ചു, (ഇറ്റാലിയന്‍ ഗാനം... Parole, parole, parole..!) "വാക്കുകള്‍, വാചം, വാചാലം...!" ഇല്ല! പോരാ!! വാക്കുകള്‍ പോരാ!! നാം സ്നേഹത്തോടും സന്തോഷത്തോടുംകൂടെ മറ്റുള്ളവര്‍ക്കായ് ചെയ്യുന്ന സല്‍പ്രവൃത്തികളാണ് പ്രധാനം.
4. ഫലദായകമാകുന്ന വിശ്വാസം:നമ്മുടെ വിശ്വാസം മുളപൊട്ടി തളിര്‍ക്കണം. വിശ്വാസം ജീവിക്കണം. നാം ഓരോരുത്തരും ചോദിക്കണം, നമ്മുടെ വിശ്വാസം ഫലമണിയുന്നുണ്ടോ? സല്‍പ്രവൃത്തികള്‍ക്ക് ആധാരമാകുന്നുണ്ടോ നമ്മുടെ വിശ്വാസം? അത് ഫലദായകവും, സജീവവും ആകുന്നതിനുപകരം, നിര്‍ജ്ജീവവും ഫലശൂന്യവുമാണോ? മുന്നില്‍ വരുന്ന സല്‍പ്രവൃത്തിക്കുള്ള അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തുന്നുണ്ടോ, അതോ ഒഴിവാക്കുകയാണോ? അല്ലെങ്കില്‍ ഇഷ്ടാനുഷ്ഠങ്ങള്‍ക്ക് അനുസൃതമായാണോ നാം മറ്റുള്ളവരെ തിരഞ്ഞെടുക്കുന്നത്? മേലുദ്ധരിച്ച ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. കാരണം, അവസാനം നാം വിധിക്കപ്പെടുന്നത് ജീവിതത്തിലെ കാരുണ്യപ്രവൃത്തികളെ അധാരമാക്കിയാണ്.അവസാന നാളില്‍ ക്രിസ്തു നമ്മോടു പറയും: ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്കുള്ള വഴിയില്‍ക്കിടന്ന മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അര്‍ദ്ധപ്രാണനായ ആ മനുഷ്യന്‍ ഞാനായിരുന്നു! വിശുന്നു പൊരിഞ്ഞ് വഴിയില്‍ കണ്ട കുഞ്ഞും ഞാനായിരുന്നു. പലരും ആട്ടിപ്പായിച്ച കുടിയേറ്റക്കാരിലും ഞാനുണ്ടായിരുന്നു. വൃദ്ധമന്ദിരങ്ങളിലും ആശുപത്രികളിലും പരിത്യക്തരായ മുത്തശ്ശിമാരിലും മുത്തച്ഛന്മാരിലും ഞാനുണ്ടായിരുന്നു. ആരുംപോരുമില്ലാതെ ആശുപത്രിയില്‍ കഴിയേണ്ടിവരുന്ന രോഗികളിലും ഞാനുണ്ടായിരുന്നു. നല്ല സമരിയക്കാരന്‍റെ വഴിയെ നടക്കാം! സഹോദരങ്ങളുമായി സ്നേഹം പങ്കുവയ്ക്കാന്‍ വേണ്ടുവോളം ഉപവിയുടെ പാതയില്‍ ചരിക്കാന്‍ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ! ക്രിസ്തു പഠിപ്പിച്ച കല്പനകള്‍ പാലിച്ചു ജീവിക്കാന്‍ അമ്മ സകലരെയും പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ! ഇതാണ് നിത്യജീവന്‍റെ പാത.
5. ആശംസകളും അഭിനന്ദനങ്ങളും :ഞായറാഴ്ച, ജൂലൈ 10-ന് സഭ ആചരിച്ച 'കടല്‍ദിന'ത്തെക്കുറിച്ച് പ്രഭാഷണത്തില്‍ പാപ്പാ സൂചിപ്പിച്ചു. കടല്‍യാത്രികരെയും അതിലെ ജോലിക്കാരെയും, മത്സ്യത്തൊഴിലാളികളെയും അവരുടെ ക്ലേശപൂര്‍ണ്ണമായ ജീവിതചുറ്റുപാടുകളില്‍ അനുസ്മരിക്കുന്നതായും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവിച്ചു. അതുപോലെ അവരുടേതായ ജീവിത ചുറ്റുപാടുകളില്‍ സഹായികളായി പ്രവര്‍ത്തിക്കുന്ന വൈദികരെയും സന്നദ്ധസേവകരെയും പാപ്പാ അനുസമരിച്ചു!ഇറ്റലിയില്‍നിന്നു മാത്രമല്ല ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്ക് എത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പ്രത്യേകമായി പാപ്പാ അനുസ്മരിച്ചു. കരീബിയന്‍ രാജ്യമായ പുവര്‍ത്തൊ റീക്കോയില്‍നിന്ന് എത്തിയവരെയും, ലോകയുവജന സമ്മേളനവേദിയായ പോളണ്ടിലെ ക്രാക്കോയില്‍നിന്നും റോമിലേയ്ക്ക് 'റിലെ' ഓട്ടം (Relay Race) നടത്തി എത്തിയ യുവജനങ്ങളെയും, റേഡിയോ മരിയ (Radio Maria) പ്രവര്‍ത്തകരുടെ തീര്‍ത്ഥാടനത്തെയും പാപ്പാ അനുസ്മരിച്ചു. വടക്കെ ഇറ്റലിയിലെ ഏഡ്രിയ-റൊവീഗോ രൂപതയിലെ വിശ്വാസികളെയും, ക്രിസ്തിവിന്‍റ തിരുരക്തത്തിന്‍റെ ഉപവികളുടെ സഹോദരികള്‍, കര്‍മ്മലീത്ത അല്‍മായ പ്രസ്ഥാനം, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രേഷിതസഖ്യം എന്നീ പ്രസ്ഥാനങ്ങളെയും പേരെടുത്തു പറഞ്ഞ് പാപ്പാ അഭിവിദ്യങ്ങള്‍ അര്‍പ്പിച്ചു. ഏതോ രാജ്യക്കാര്‍ കൊടികളുമായി മിണ്ടാതെ നില്ക്കുന്നല്ലോ..! അത് തന്‍റെ നാട്ടുകാരായ അര്‍ജന്‍റീനക്കാരാണല്ലോ!! നര്‍മ്മരസത്തില്‍ പാപ്പാ പറഞ്ഞതോടെ ചത്വരത്തില്‍ ആവേശം അല തല്ലി.തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന ചൊല്ലിയ പാപ്പാ ഫ്രാന്‍സിസ്, അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ഏറെ ഉഷ്ണമുള്ള ദിവസമായിരുന്നെങ്കിലും ഏവര്‍ക്കും നല്ലൊരു ദിവസമാവട്ടെ ഇത്! എന്നും പാപ്പാ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥക്കാന്‍ മറന്നുപോകരുതേ! എന്ന പ്രത്യേക അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനപരിപാടി ഉപസംഹരിച്ച്, ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്.Source: Vatican Radio