News >> മാർ ജെയിംസ് പഴയാറ്റിലിന് ആദരാഞ്ജലികളുമായി സഭയും പ്രമുഖരും
ഇരിങ്ങാലക്കുട: രൂപത പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മാർ പോളി കണ്ണൂക്കാടൻ, ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ പോൾ എ. അമ്പൂക്കൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദികരും സെന്റ് ജോസഫ്‌സ് ഭവനത്തിലെ വൈദികരും ആശുപത്രിയിലെ ജീവനക്കാരും സമീപ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരും അന്തിമോപചാരം അർപ്പിച്ചു. ഓർത്തഡോക്‌സ് സഭയുടെ കൊച്ചി രൂപതാദ്ധ്യക്ഷൻ ഐറിനോസ്, പിതാവിന്റെ ആത്മീയ ഉപദേഷ്ടാവും ദീർഘകാലം പിതാവിനോടൊപ്പം രൂപതാഭരണത്തിൽ സഹായിച്ചിരുന്നതുമായ മോൺ.ജോസഫ് കവലക്കാട്ട് എന്നിവർ പ്രത്യേകം പ്രാർത്ഥിച്ചു.ബിഷപ് മാർ പഴയാറ്റിലിന്റെ മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന ദേവാലയത്തിൽ എത്തിയ മൃതദേഹ വിലാപയാത്രയിൽ നിരവധിയാളുകൾ പ്രാർത്ഥനകളോടെ പങ്കുചേർന്നു.
![201617732](http://www.sundayshalom.com/wp-content/uploads/2016/07/201617732-300x171.jpg)
അവിടെനിന്ന് പിതാവിന്റെ സഹോദരപുത്രനായ ഡോ. സണ്ണി പഴയാറ്റിലിന്റെ ഭവനത്തിൽ എത്തിയപ്പോൾ ഹൃദയ നിർഭരമായ വിടപറയിലിനാണ് ജനം സാക്ഷിയായത്. കൊമ്പിടി, ആളൂർ, കല്ലേറ്റുംകര, പുല്ലൂർ വഴി തുടർന്ന വിലാപയാത്രയ്ക്ക് വഴിക്കിരുവശവും നിന്ന് ആയിരക്കണക്കിനാളുകൾ ഉപചാരങ്ങളർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ഡോ. സൂസൈ പാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി ലത്തീൻ സഭയുടെ അനുശോചനം രേഖപ്പെടുത്തി.വിലാപയാത്രയിൽ മോൺ. ജോസ് ഡി ഇരിമ്പൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. മാവേലിക്കല മലങ്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബി.ഡി. ദേവസ്സി എം.എൽ.എ., മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ, സി.എസ്.ബി. മാനേജിംഗ് ഡയറക്ടർ അനിൽ കൃഷ്ണമൂർത്തി ആലൂവാ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരി പ്രഫ. റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി.
![201617733](http://www.sundayshalom.com/wp-content/uploads/2016/07/201617733-300x171.jpg)
രൂപത മൈനർ സെമിനാരിയിൽ കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കാരിക്കശ്ശേരി സന്ദേശം നൽകി. മെത്രാന്മാർക്കായുള്ള മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യഘട്ടം മൈനർ സെമിനാരിയിൽ ് നടന്നു.
അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ റാഫേൽ തട്ടിൽ, ദീപികാ ഡയറക്ടർ ഡോ. മാണി പുതിയിടം, ജൂബിലി മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ പ്രാർത്ഥന നടത്തി. കെ.പി.സി.സി. അദ്ധ്യക്ഷൻ വി.എം. സുധീരൻ, സി. ജയദേവൻ എം.പി., പി.സി. തോമസ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അനുശോചനങ്ങളറിയിച്ചു.അഭിവന്ദ്യ പിതാവിന്റെ ശിഷ്യനായി സെന്റ് തോമസ് കോളേജിൽ പഠിക്കുവാനും അദ്ദേഹം വാർഡനായിരുന്ന ഹോസ്റ്റലിൽ അന്തേവാസിയായി രണ്ടുകൊല്ലം കഴിയാനുള്ള ഭാഗ്യം സിദ്ധിച്ച ഒരു വിനീത ശിഷ്യനാണ് ഞാൻ. പിന്നീട് അദ്ദേഹം ഇരിങ്ങാലക്കുട സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ അദ്ദേഹത്തെ കാണുവാനും വണങ്ങുവാനും എനിക്ക് ഭാഗ്യമുണ്ടായി. പിതാവിന്റെ വിയോഗം ഭക്തജനങ്ങൾക്കും നാട്ടുകാർക്കും എന്നെപ്പോലെയുള്ള ശിഷ്യന്മാർക്കും അതീവ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
![201617730](http://www.sundayshalom.com/wp-content/uploads/2016/07/201617730-300x171.jpg)
മഹാനായ വൈദിക ശുശ്രൂഷകനായിരുന്ന മാർ ജെയിംസ് പഴയാറ്റിലിന്റെ വേർപാട് അങ്ങേയറ്റം ദുഃഖകരമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ സൂചിപ്പിച്ചു. മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമായി മനുഷ്യർക്കിടയിൽ സ്‌നേഹം മാത്രം പ്രചരിപ്പിച്ചു മഹാനായ മനുഷ്യസ്‌നേഹിക്കു മുൻപിൽ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മന്ത്രി പറഞ്ഞു. ആത്മീയ ചൈതന്യം ജീവിതം മുഴുവൻ നിറഞ്ഞു നിന്നിരുന്ന എന്റെ പ്രിയ ഗുരുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അനുശോചനസന്ദേശത്തിൽ ചൂണ്ടിക്കാട്ടി.അഭിവന്ദ്യനും, ആരാദ്ധ്യനുമായ ജയിംസ് പഴയാറ്റിൽ പിതാവ് ഈ സമൂഹത്തിന് നൽകിയ മഹത്തായ സേവനങ്ങളെ ഞാൻ അനുസ്മരിക്കുന്നു. ആ ധന്യമായ ഓർമ്മകൾ നമ്മളെയെല്ലാം ശക്തിപ്പെടുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
![201617731](http://www.sundayshalom.com/wp-content/uploads/2016/07/201617731-300x171.jpg)
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ ദൈവാലയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൃതസംസ്‌കാര ശുശ്രൂഷയും വിശുദ്ധ ബലിയും നഗരി കാണിക്കലും നടത്തും. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ പ്രത്യേകമായി തയാറാക്കിയ മൃതകുടീരത്തിൽ സംസ്‌കരിക്കും. രൂപതയുടെ പ്രഥമ മെത്രാനായതുകൊണ്ട് പഴയാറ്റിൽ പിതാവിന് ദേവാലയത്തിനകത്ത് സ്ഥിതിചെയ്യുന്ന കപ്പേളയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പ്രത്യേക പ്രാർത്ഥനകൾക്കും അനുരഞ്ജന കൂദാശയ്ക്കുമായി ഒരുക്കിയിരിക്കുന്ന ഇടമാണ് ഈ കപ്പേള.സീറോ മലബാർ സഭാ മേലദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സിബിസിഐ, കെ.സി.ബി.സി. പ്രസിഡന്റ് മാർ ബസേലിയൂസ് കർദ്ദിനാൾ ക്ലീമീസ് ബാവ, തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുക്കും. മൃതസംസ്‌കാര ശുശ്രൂഷകൾക്കുശേഷം വൈകിട്ട് 6 മണിക്ക് ആയിരിക്കും കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം.Source: Sunday Shalom