News >> മരണതീരത്തുനിന്നും കുഞ്ഞുങ്ങളെ ജീവനിലേക്ക് നയിച്ചൊരു അമ്മ
നൂറുകണക്കിന് കുഞ്ഞുങ്ങളെ മരണതീരത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന രാജാക്കാട് കരുണാഭവന്റെ അമരക്കാരി ട്രീസ തങ്കച്ചന്റെ അനുഭവങ്ങൾ...ശിശുക്കൾ ലോകത്തിന് നൽകുന്നത് പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ലോകത്തെ നയിക്കേണ്ട നേതാക്കളും ശാസ്ത്രജ്ഞരും മിഷനറിമാരുമെല്ലാം ഒരിക്കൽ ശിശുക്കളായിരുന്നു. എന്നാൽ ഇന്ന് അനേകം സ്വർഗീയ പുഷ്പങ്ങൾ വിടരുംമുമ്പേ കൊഴിഞ്ഞുപോവുകയാണ്. കൊഴിഞ്ഞുപോകാൻ തുടങ്ങിയ പൂക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ട്രീസ തങ്കച്ചൻ എന്ന ഒരമ്മ രണ്ട് ദശാബ്ദമായി അക്ഷീണ പരിശ്രമത്തിലാണ്.നൂറുകണക്കിന് കുഞ്ഞുങ്ങളെ മരണതീരത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ട്രീസയ്ക്ക് കഴിഞ്ഞു. ഇടുക്കി രാജാക്കാട് പ്രവർത്തിക്കുന്ന കരുണാഭവന്റെ അമരക്കാരിയാണ് ട്രീസ തങ്കച്ചൻ. കൃഷിയും വളർത്തുമൃഗങ്ങളുമൊക്കെയായി ഭർത്താവിനോടൊപ്പം സാധാരണ ജീവിതം നയിച്ച ട്രീസ ദൈവത്തിന്റെ ഇടപെടലിലൂടെ കുഞ്ഞുങ്ങളുടെ സംരക്ഷകയായിത്തീരുകയായിരുന്നു. ശുശ്രൂഷകൾ ആരംഭിക്കുന്നതിനുമുമ്പ് ആരോരുമില്ലാത്ത പലരും ഇവരുടെ വീട്ടിൽ വരികയും ഒന്നോ രണ്ടോ ദിവസം താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ ശുശ്രൂഷാജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇവരെ ശുശ്രൂഷാജീവിതത്തിലേക്ക് നയിക്കാൻ ദൈവം ചില ഇടപെടലുകൾ നടത്തി.
തകർന്ന ആട് ഫാംആടുവളർത്തൽ ഈ കുടുംബത്തിന്റെ വരുമാനമാർഗമായിരുന്നു. 200-ൽ പരം ആടുകളെ വളർത്തിയിരുന്നു. വിശാലമായ ഡാം സൈറ്റിനോട് ചേർന്നുള്ള വനപ്രദേശത്ത് ആടുകൾ മേഞ്ഞു നടക്കും. രാത്രിയാകുമ്പോൾ അവ കൂട്ടമായി നടന്ന് ആലയിൽ എത്തും. വളർച്ചയുടെയും സന്തോഷത്തിന്റെയും നാളുകളിൽ ചില ആടുകൾ ചത്തുപോയി. എന്തെങ്കിലും വിഷമുള്ളവ കഴിച്ചതിനാലാകാം എന്ന് ആദ്യം കരുതി. എന്നാൽ ആടുകൾ ദിവസം കഴിയുന്തോറും വൻതോതിൽ മരണപ്പെട്ടുകൊണ്ടിരുന്നു. ഡോക്ടർമാരെ കൊണ്ടുവന്ന് പരിശോധിപ്പിച്ചു. യാതൊരു കാരണവും കണ്ടെത്താൻ കഴിഞ്ഞില്ല. ആടുകളിൽ ബഹുഭൂരിപക്ഷവും ചത്തു. എന്നാൽ അവസാന പ്രതീക്ഷയായി ഗർഭിണികളായ 40 ആടുകൾ അവശേഷിച്ചിരുന്നു. ആ ആടുകൾ പ്രസവിക്കുന്നതോടെ എല്ലാം ശരിയാകും എന്ന ചിന്ത ട്രീസയ്ക്കും കുടുംബാംഗങ്ങൾക്കും പ്രതീക്ഷ നൽകി. എന്നാൽ 40 ആടുകളും മാസം തികയാതെ പ്രസവിച്ചു. ആടുകൾ നഷ്ടപ്പെട്ട കഠിനദുഃഖത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ട്രീസയോട് ദൈവം സംസാരിക്കുന്നതുപോലെ തോന്നി. മാസം തികയാതെ പ്രസവിച്ചുപോയ ആട്ടിൻകുട്ടികളുടെ രൂപം ഉള്ളിൽ നിറഞ്ഞു. 'ഇതുപോലെ നശിച്ചുപോകുന്ന എന്റെ അനേകം മക്കളെ രക്ഷിക്കലാണ് നിന്റെ ദൗത്യം' എന്ന ദൈവസ്വരം ആദ്യം മനസിലായില്ല. ഈ വെളിപ്പെടുത്തൽ ട്രീസ സഹോദരനായ വൈദികനുമായി പങ്കുവച്ചു. അപ്പോൾ അദ്ദേഹത്തിനും സമാനമായ ചില സന്ദേശങ്ങൾ ലഭിച്ചതായി പറഞ്ഞു. തുടർന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോവുകയും പുതിയ ബോധ്യങ്ങൾ സ്വീകരിക്കുകയും ചെയ്തു. കരുണാഭവന്റെ തുടക്കം അങ്ങനെയായിരുന്നു.വഴിയിലൂടെ അലഞ്ഞു നടന്ന ഒരു സ്ത്രീയുടെ നാലു വയസുള്ള കുഞ്ഞിനെ ആദ്യമായി ഈ സ്ഥാപനത്തിലേക്ക് സ്വീകരിച്ചു. അടുത്ത ദിവസം അടിമാലി താലൂക്ക് ആശുപത്രിയിൽ ഒരു കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചുപോയതായി അറിഞ്ഞു. രാത്രി മൂന്നുമണിക്ക് അവിടെ എത്തി ശിശുവിനെ ഏറ്റുവാങ്ങി. ഔദ്യോഗികമായ സ്ഥാപനം ഉദ്ഘാടനം ചെയ്യുമ്പോൾ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. താലൂക്ക് ആശുപത്രിയിൽനിന്നും കിട്ടിയ കുട്ടി ഇന്ന് പ്ലസ്ടുവിന് പഠിക്കുന്നു.
പ്രോ ലൈഫ് വഴികൾ![201617743](http://www.sundayshalom.com/wp-content/uploads/2016/07/201617743-300x171.jpg)
ശുശ്രൂഷ ആരംഭിച്ചതിനൊപ്പം പ്രതിസന്ധികളും തുടങ്ങി. ധാരാളം സഹകാരികളും ചുരുക്കം എതിരാളികളും മുന്നോട്ടുള്ള വഴികളിൽ ഒരുപോലെ സഹായിച്ചുവെന്ന് ട്രീസ പറയുന്നു. അക്കാലത്ത് അടുത്തുള്ള ഒരു വീട്ടിൽ തളർന്ന് കിടപ്പിലായ സ്ത്രീയും ഭർത്താവും കുഞ്ഞും താമസിച്ചിരുന്നു. രോഗസൗഖ്യം പ്രതീക്ഷിച്ച് അവർ ധ്യാനത്തിന് പോയി, സൗഖ്യം കിട്ടിയില്ല. എങ്കിലും ആഴമായ വിശ്വാസം ആ സ്ത്രീ സ്വന്തമാക്കി. പലപ്പോഴും അവരുടെ വീട്ടിൽ ട്രീസ പോവുകയും വേണ്ട സഹായങ്ങൾ ചെയ്യാറുമുണ്ടായിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ഒരു ആൺകുട്ടി പുഞ്ചിരിക്കുന്ന ദർശനം ലഭിച്ചു. ഈ കാര്യം പറഞ്ഞപ്പോൾ അവർ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി. ഭർത്താവ് കുഞ്ഞിനെ അബോർഷൻ ചെയ്യാൻവേണ്ടി ഡോക്ടറെ കാണാൻ പോയിരിക്കുകയായിരുന്നു. എന്നാൽ ആ സ്ത്രീയെ അബോർഷനിൽനിന്ന് ട്രീസ പിന്തിരിപ്പിച്ചു. ദൂരെ സ്ഥലത്ത് കൂലിവേലക്ക് പോകുന്ന ഭർത്താവിന് ഇവരെ പരിചരിക്കാൻ നിവർത്തിയില്ലെന്ന് പറഞ്ഞപ്പോൾ പ്രസവംവരെയുള്ള ശുശ്രൂഷ ട്രീസ ഏറ്റെടുത്തു.ക്ലേശകരമായ ഗർഭകാലം മുന്നോട്ട് നീങ്ങി. രാത്രി അപ്രതീക്ഷിതമായ സമയത്ത് പ്രസവവേദനയുണ്ടായി. ദൂരെ ആശുപത്രിയിലെത്തിയപ്പോഴേക്കും നില വഷളായി. ആശുപത്രിക്കാർ സ്വീകരിക്കാൻ തയാറായില്ല. രാത്രി സമയമായതിനാൽ ആരും സഹായിക്കാനുണ്ടായിരുന്നില്ല. മാനസിക സംഘർഷത്തിന്റെ നിമിഷത്തിൽ ഒരു ഫോൺ നമ്പർ ട്രീസക്ക് ഓർമവന്നു. അത് സഹോദരൻ ഫാ. ജോസഫ് കുമരകത്ത്കാലായുടെ നമ്പറായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ആശുപത്രിയിൽ പ്രവേശനം ലഭിച്ചു. മരിക്കുമെന്ന് കരുതിയ അവൾ അഞ്ച് മിനിറ്റിനുള്ളിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതേസമയം ആ സ്ത്രീയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്ഥാപനം തകർത്തുകളയാൻ തയാറായി ഒരു സംഘം ആളുകൾ തയാറെടുത്തിരുന്നതായി പിന്നീടറിഞ്ഞു. ഇന്ന് ഈ കുട്ടി പ്ലസ്ടുവിൽ പഠിക്കുന്നു. മിടുമിടുക്കനായ അവൻ അമ്മയുടെ സന്തോഷമാണ്. ഇത്തരം വെല്ലുവിളികൾ നിറഞ്ഞ പ്രോ ലൈഫ് അനുഭവങ്ങളിലൂടെയാണ് ട്രീസ തങ്കച്ചൻ എന്ന സാമൂഹ്യ പ്രവർത്തകയുടെ പ്രയാണം. ജീവിതം അവസാനിച്ചേക്കാവുന്ന മുന്നൂറോളം ശിശുക്കൾ ജനിക്കുകയും അവരെ നല്ല നിലയിൽ എത്തിക്കുകയും ചെയ്യുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പല കാരണങ്ങളാൽ 14 മുതൽ 18 വരെ പ്രായത്തിനിടയിൽ ഗർഭിണികളായ പെൺകുട്ടികൾ ഇവിടെ വന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കടന്നുപോയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ മക്കളില്ലാത്ത ദമ്പതികൾക്ക് സർക്കാർ സംവിധാനത്തിലൂടെ കൈമാറുന്നു. ചെയ്തുപോയ തെറ്റിന്റെ പേരിലോ ചതിക്കപ്പെട്ടതിന്റെ പേരിലോ ഗർഭപാത്രം കൊലക്കളമാക്കി മാറ്റാൻ തയാറാകാത്ത അമ്മമാരുണ്ട്. ആ മക്കൾ ഇന്ന് നല്ല കുടുംബങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. വെയ്സ്റ്റ് ബോക്‌സിൽനിന്നും ഓടയിൽനിന്നും കുറ്റിക്കാട്ടിൽനിന്നുമെല്ലാം കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ തണലിൽ അഭയം തേടിയ ഒമ്പത് പെൺകുട്ടികൾ വിവാഹിതരായി."പ്രതിസന്ധികളും അപവാദങ്ങളുമെല്ലാം പലപ്പോഴും സഹനത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞിട്ടുണ്ട്. എന്നാൽ, എവിടെയെല്ലാം വേദനയുണ്ടോ അതിന്റെ മറുവശത്ത് ദൈവമുണ്ട് എന്ന തിരിച്ചറിവ് വലിയ ശക്തിയാണ്" ; ട്രീസ പറയുന്നു. കരുണാഭവനിൽനിന്ന് 32 കുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കൊച്ചുത്രേസ്യ പൗലോസിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഇവർക്ക് പഠനം സൗജന്യമാണ്.
നഴ്‌സുമാരുടെ വിലാപംഅടുത്ത കാലത്ത് കേരളത്തിലെ ഒരു പ്രമുഖ മെഡിക്കൽ കോളജിൽനിന്ന് രണ്ട് നഴ്‌സുമാർ വിളിച്ചു. ചേച്ചി ഇവിടെവരെ ഒന്നു വരണം. ഗർഭപാത്രത്തിലെ അറുംകൊലകൾ കണ്ടു മടുത്തു എന്നാണവർ പറഞ്ഞത്. അവിവാഹിതകളെക്കാൾ കൂടുതൽ വിവാഹിതരാണ് ഇന്ന് ഗർഭഛിദ്രത്തിന് വിധേയരാകുന്നത്. ഒരു കുട്ടി ഉണ്ടായശേഷം ഉടനെതന്നെ അടുത്ത കുട്ടി ആകുമ്പോൾ ഗർഭഛിദ്രത്തിന് ശ്രമിക്കുന്ന ശൈലി വളർന്നു വന്നിരിക്കുന്നു; അനുഭവങ്ങളിൽനിന്നും ട്രീസ ചൂണ്ടിക്കാണിക്കുന്നു.സിസേറിയൻ നടന്നാൽ ഉടൻ പ്രസവം നിർത്തണമെന്ന ചിന്തയും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ വാസ്തവം അതല്ല, എത്ര സിസേറിയൻ നടത്തിയാലും അതിന്റെ പേരിൽ പ്രസവം നിർത്തേണ്ടതില്ല. ദൈവം തരുന്ന മക്കളെ സ്വീകരിക്കാൻ നാം തയാറാകണം. അതിനുവേണ്ടി ത്യാഗം ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുമ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും. മക്കളാൽ ഉപേക്ഷിക്കപ്പെട്ട 25 അമ്മമാർക്കും ഈ സ്ഥാപനം അഭയം നൽകിയിട്ടുണ്ട്.ഭർത്താവ് തങ്കച്ചനും മക്കൾ ഡാഫ്‌ന, ഡിൽജിത്ത്, ജോജി എന്നിവരും ഉറച്ച പിന്തുണയുമായി ട്രീസയുടെ ഒപ്പമുണ്ട്. 1998-ൽ തുടക്കം കുറിച്ച കരുണാഭവൻ ഇന്ന് പതിനെട്ടിന്റെ നിറവിലാണ്. നാനാജാതി മതസ്ഥരായ കുറെ നല്ല മനുഷ്യരിലൂടെ ദൈവം കരുണാഭവനെ താങ്ങിനിർത്തുകയാണ്.
സുബിൻ തോമസ്, ഇടുക്കിSource: Sunday Shalom