News >> ആഗോള കൽദായ പാത്രിയർക്കീസ് 22-ന് തൃശൂരിൽ
തൃശൂർ: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് മൂന്നാമൻ 22-ന് കേരളത്തിലെത്തും. നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹം കാർമാർഗം തൃശൂരിലെത്തുമ്പോൾ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്‌സ് ഹൗസിൽ ആർച്ച് ബിഷപ് മാർ അപ്രേം, സഹായമെത്രാന്മാരായ മാർ ഔഗിൻ കുര്യാക്കോസ്, മാർ യോഹന്നാൻ തെയോഫിലോസ്, സഭാ ട്രസ്റ്റിമാർ എന്നിവർ ചേർന്ന് സ്വീകരിക്കും. 24 മുതൽ 31 വരെ തൃശൂരിൽ നടക്കുന്ന സഭയുടെ യുവജന കൺവൻഷനിൽ പങ്കെടുത്ത് പാത്രിയർക്കീസ് സംസാരിക്കും. സഭയുടെ വിവിധ ദൈവാലയങ്ങളും സീറോ മലബാർ സഭയുടെ പ്രധാന കേന്ദ്രങ്ങളും പാത്രിയർക്കീസ് സന്ദർശിക്കും. 2015 സെപ്റ്റംബറിൽ പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഇദ്ദേഹം കേരളത്തിലെത്തുന്നത്.
Source: Sunday Shalom