News >> നല്ല സമറായൻ വിശ്വാസത്തെ പരീക്ഷിക്കുന്നു
വത്തിക്കാൻ സിറ്റി: ധ്യാനവിഷയമാക്കേണ്ട ഉപമയേക്കാളുപരി എപ്രകാരമാണ് ജീവിക്കേണ്ടതെന്നും സഹജീവികളോട് പെരുമാറേണ്ടതുമെന്നുമുള്ള വ്യക്തമായ തീരുമാനമാണ് 'നല്ല സമറായൻ' സൂചിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ജീവിതം സ്വയം കേന്ദ്രീകൃതമാകാതെ ജീവിതവഴിത്താരകളിൽ കണ്ടെത്തുന്ന ക്ലേശിതരിൽ കേന്ദ്രീകരിക്കുവാൻ നല്ല സമറായന്റെ ഉപമ വെല്ലുവിളിക്കുന്നുണ്ടെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസികളോട് പാപ്പ പങ്കുവച്ചു.പ്രവൃത്തികൂടാതെയുള്ള വിശ്വാസം മൃതമായതിനാൽ നല്ല സമറായന്റെ ഉപമ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നുണ്ടെന്ന് പാപ്പ തുടർന്നു. നമ്മുടെ വിശ്വാസം ഫലപൂയിഷ്ഠമാണോ? അതോ മരിച്ചതിന് തുല്യമായ വിശ്വാസമാണോ? അയൽക്കാരെ ഞാൻ ശ്രദ്ധിക്കാറുണ്ടോ? . ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നല്ലതാണ്. കാരണം കരുണയുടെ പ്രവൃത്തികളാണ് അവസാന വിധിയുടെ മാനദണ്ഡം. ദൈവത്തെ കണ്ടിട്ട് സഹായിച്ചതോ ഒന്നും ചെയ്യാതെ പോയതോ ആയ നിമിഷങ്ങൾ ആ സമയത്ത് അവിടുന്ന് ഓർമിപ്പിക്കും. തെരുവിൽ കണ്ട മൃതപ്രായനായ മനുഷ്യൻ ഞാനായിരുന്നു. നീ ഓർക്കുന്നില്ലേ? വിശന്നിരുന്ന ആ കുട്ടി ഞാനായിരുന്നു. അവർ പുറത്താക്കാൻ ആഗ്രഹിച്ച അഭയാർത്ഥി ഞാനായിരുന്നു. വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ആ മാതാപിതാക്കൾ ഞാനായിരുന്നു. ആരും സന്ദർശിക്കാതെ ആശുപത്രിയിൽ കിടന്നിരുന്ന രോഗി ഞാനായിരുന്നു. നീ ഓർമിക്കുന്നില്ലേ? ;ഇപ്രകാരമുള്ള ചോദ്യങ്ങളാവും ദൈവം നമ്മോട് ചോദിക്കുകയെന്ന് പാപ്പ വിശദീകരിച്ചു.യഥാർത്ഥ മതത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ നിയമപണ്ഡിതർ പുച്ഛത്തോടെ കണ്ടിരുന്ന സമറായന് മാത്രമാണ് മരിക്കാറായി കിടന്ന മനുഷ്യനോട് കരുണ തോന്നിയത് എന്ന കാര്യം പാപ്പ ഓർമിപ്പിച്ചു. പലപ്പോഴും നമ്മുടെ കാഴ്ചപ്പാട് കൂടിയായി മാറുന്ന നിയമപണ്ഡിതരുടെ കാഴ്ചപ്പാടിനെ യേശു തിരുത്തി. മറ്റുള്ളവർ അപരിചതിരോ നമ്മോട് ശത്രുത പുലർത്തുന്നവരോ ആണെങ്കിലും അവർ നമ്മുടെ അയൽക്കാരാണ്. നിങ്ങളും പോയി ഇതുപോലെ ചെയ്യുവിൻ എന്നാണ് യേശു ശിഷ്യരോട് ഈ ഉപമയ്ക്ക് ശേഷം പറഞ്ഞത്. സഹായം ആവശ്യമുള്ള അപരിചതനും അഭയാർത്ഥിയും രോഗിയും നമ്മുടെ അയൽക്കാരൻ തന്നെയാണ്; പാപ്പ വ്യക്തമാക്കി.Source: Sunday Shalom