News >> എന്റെ വെള്ളത്തൂവൽ : കന്യാസ്ത്രിയുടെ തൂലികയിൽ പിറന്ന സിനിമ
പാലക്കാട്: കുഞ്ഞുമനസുകൾക്കുവേണ്ടി എഴുതിയൊടുവിൽ ജനമനസുകളിലേക്ക് സിനിമയുമായി ഒരു കന്യാസ്ത്രി എത്തുന്നു. പാലക്കാട് എം.എസ്.ജെ കോൺവെന്റിലെ സിസ്റ്റർ ജിയ എം.എസ്.ജെയാണ് 'എന്റെ വെള്ളത്തൂവൽ' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. ഒരു കന്യാസ്ത്രീയുടെ ജീവത്യാഗത്തിൽ വികൃതയായ ഒരു കുട്ടിയിലുണ്ടായ ദൈവാനുഭവത്തിന്റെ കഥയാണ് ഇതിവൃത്തം.
ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ആധ്യാത്മികതയാണ് നമുക്ക് വേണ്ടതെന്നും തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നുമാണ് ദൈവാന്വേഷണം നാം നടത്തേണ്ടതെന്നുമുള്ള യാഥാർത്ഥ്യം ഉൾകൊണ്ട് നേരത്തെ എഴുതിയ കഥക്ക് സിസ്റ്റർ തിരക്കഥയെഴുതുകയായിരുന്നു. തിരക്കഥ പൂർത്തിയായപ്പോൾ ഒരു ഷോർട്ട് ഫിലിമോ ടെലിഫിലിമോ ആയി ഒതുക്കിയാൽ പറയാനാഗ്രഹിച്ചതൊക്കെ പാതി വഴിയിൽ പറഞ്ഞു നിർത്തേണ്ടി വരുമെന്ന ആശങ്കയാണ് സിനിമ എന്ന ആശയത്തിലേക്ക് മാറിയത്.സിനിമാപഠനം പൂർത്തിയാക്കിയ ജിതിൻ ഫ്രാൻസിസ് എന്ന യുവസംവിധായകൻ എത്തിയതോടെ കഥ വീണ്ടും സജീവമാകുകയും അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്രൗസ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. സിസ്റ്റർതന്നെ മുൻകൈയെടുത്ത് നിരവധിപേരെ സമീപിച്ചു. സഭയെയും സമർപ്പിതരെയും സ്‌നേഹിക്കുന്ന ഒരുപാട് സുമനസുകൾ സഹായിക്കാൻ തയാറായി മുന്നോട്ടുവന്നു. തലശേരി അതിരൂപതയുടെ ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ ആശീർവാദത്തോടെ കഴിഞ്ഞവർഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.25-ഓളം കുട്ടികൾക്കൊപ്പം പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിനിമയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ, തിരക്കഥയുടെ കരുത്ത് ചോർന്നുപോകാതിരിക്കാൻ താരങ്ങളെ തന്നെ ആവശ്യമായിരുന്നു. തുടർന്ന് പ്രശസ്ത താരങ്ങളായ സരയു മോഹൻ കേന്ദ്രകഥാപാത്രമായ സിസ്റ്റർ മെറിനയായും കലാഭവൻ ഹനീഫ, സുശീൽകുമാർ, അൻസില റഹ്മാൻ, ശ്രീലക്ഷ്മി കണ്ണൻ, ശ്രീലത തുടങ്ങിയവരും മറ്റ് വേഷങ്ങൾ ചെയ്യാനെത്തി. പുതിയ താരങ്ങൾക്കൊപ്പം കുട്ടികളും മികച്ച അഭിനയം കാഴ്ചവച്ചത് ചിത്രത്തിന് മുതൽക്കൂട്ടായി.ജില്ലയിലെ കിഴക്കൻ കുടിയേറ്റ ഗ്രാമങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കോഴിച്ചാൽ, താബോർ എന്നിവിടങ്ങളിലെ ദൈവാലയങ്ങളും പ്രദേശത്തെ മറ്റ് സ്ഥലങ്ങളുമായിരുന്നു ലൊക്കേഷൻ. മികച്ച സാങ്കേതിക പ്രവർത്തകരാണ് സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നത്. കൊച്ചിൻ തിയോ ഫിലിം സ്‌കൂളിൽനിന്ന് ഡിപ്ലോമ നേടിയ ബി. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം. പത്രപ്രവർത്തകൻ കൂടിയായ ജയിംസ് ഇടപ്പള്ളി ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. മൃദുൽ (എഡിറ്റിംഗ്), നസീർ കൂത്തുപറമ്പ് (പ്രൊഡക്ഷൻ കൺട്രോളർ), രാജേഷ് തിലകൻ (പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്), കുക്കു ജീവൻ (വസ്ത്രാലങ്കാരം), അൻസാർ കൊല്ലം (ചമയം), അജി വർഗീസ് ഷാജി (സ്റ്റിൽസ്) തുടങ്ങിയവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.ഫാ. അഗസ്റ്റിൻ പുത്തൻപുര ഈണമിട്ട് സിസ്റ്റർ നിവേദിത എം.എസ്.ജെ രചിച്ചതാണ് ഗാനങ്ങൾ. ഗായിക സെലിൻ ജോസ് ആലപിച്ച 'ആത്മാവിൻ ഏറെ ആത്മാവിൻ' എന്ന തുടങ്ങുന്ന ഈ ഗാനം മലയാള ഗാനശാഖയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷ പുലർത്തുന്നതാണ്. രണ്ടാമത്തെ ഗാനത്തിന്റെ രചന സിസ്റ്റർ ജിയയും യുവസംഗീത സംവിധാനം ജയദേവനുമായിരുന്നു. വാണി ജയറാണ് പാടിയിരിക്കുന്നത്. ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ നിർദേശപ്രകാരം പ്രശസ്ത സംഗീതസംവിധായകൻ അൽഫോൻസാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.ഷൂട്ടിംഗ്, ഗാനരചന, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളായ എഡിറ്റിംഗ്, ഡബ്ബിംഗ് അങ്ങനെ എല്ലായിടത്തും സിസ്റ്ററിന്റെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയുടെ ഡിവിഡി പ്രകാശനകർമം ജൂലൈ മൂന്നിന് സീറോ മലബാർ സഭാ ദിനത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ് കർദിനാൾ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.പ്രദർശനത്തിന് തിയേറ്ററുകൾ ലഭിക്കുന്നതനുസരിച്ചും തുടർന്ന് ടൂറിംഗ് ടാക്കീസ് മുഖാന്തിരം വിവിധ രൂപതകളുമായി ബന്ധപ്പെട്ട് ദൈവാലയങ്ങളും സ്ഥാപനങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിദേശങ്ങളിലുള്ള നിരവധി ക്രിസ്തീയ സുഹൃത്തുക്കളും വലിയ പ്രതീക്ഷയോടെ ഈ സിനിമയെ കാത്തിരിക്കുന്നു.അതിനായി ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉൾപ്പെടുത്തി വിദേശത്തും ചിത്രമെത്തിക്കാനുള്ള ശ്രമത്തിലാണ് സിസ്റ്റർ ജിയ എം.എസ്.ജെ.ദൈവം തങ്ങൾക്ക് നൽകിയ പത്ത് മക്കളിൽ മൂന്നുമക്കളെ കർത്താവിന്റെ മുന്തിരിത്തോപ്പിലെ പണിക്കുവേണ്ടി തിരികെ നൽകിയ അനുഗ്രഹീത മാതൃകാദമ്പതികളായ പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കോച്ചേരിൽ ജോയി-എൽസി ദമ്പതികളുടെ നാലാമത്തെ അംഗമാണ് സിസ്റ്റർ ജിയ. ചെറുപുഷ്പ മിഷൻലീഗിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ച ജിയ മഠത്തിൽ പോകുന്നതുവരെയും തുടർന്നും തന്റെ നേതൃവാസനയും സർഗശേഷിയും തെളിയിച്ചിട്ടുണ്ട്. മിഷൻ ലീഗിന്റെയും കെ.സി.വൈ.എമ്മിന്റെയും സാഹിത്യ രചനാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. മഠത്തിൽ ചേർന്നശേഷം തലശേരി അതിരൂപതയിൽ തിരുബാലസഖ്യം, മിഷൻലീഗ്, കെ.സി.വൈ.എം തുടങ്ങിയ സംഘടനകളിൽ വിവിധ കാലയളവിൽ ആനിമേറ്റർ, മതാധ്യാപിക എന്നീ മേഖലകളിലെല്ലാം തനിക്ക് ദൈവം നൽകിയ കഴിവിനെ പൂർണമായി വിനിയോഗിച്ചിട്ടുണ്ട്.ഒരു ഗ്രന്ഥകാരികൂടിയായ സിസ്റ്റർ എഴുതിയ 'ഈശോയ്‌ക്കൊരു പൂക്കുട' എന്ന പുസ്തകം മനുഷ്യഹൃദയങ്ങളിലെ അഹങ്കാരത്തിന്റെ മഞ്ഞുരുക്കാൻ കഴിഞ്ഞതുമൂലം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അതുകൊണ്ടാണ് സഭയ്ക്ക് കീഴിൽ കണ്ണൂർ ചെറുപുഴയിലുള്ള ഹോസ്പിറ്റലിലെ ജോലിയുടെയും സഭാശുശ്രൂഷയുടെയും തിരക്കുകൾക്കിടയിൽ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താനായതെന്ന് സിസ്റ്റർ ജിയ പറയുന്നു. അതിന് സകല പിന്തുണ യും നൽകി എം.എസ്.ജെ സന്യാസ സഭാധികാരികളും സഹോദരിമാരും പ്രാർത്ഥനയുമായി കൂെയുണ്ടായിരുന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയമെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.സമർപ്പിത ജീവിതത്തിന്റെ വിശുദ്ധിയും വെല്ലുവിളിയും അഭ്രപാളികളിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയും സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായ ക്രിസ്തീയ നമ്മെ പരിചയപ്പെടുത്തുകയും ചെയ്യുന്ന 'എന്റെ വെള്ളത്തൂവൽ' മനുഷ്യഹൃദയങ്ങളെ സ്പർശിക്കുമെന്ന് സിസ്റ്റർക്കുറപ്പുണ്ട്.Source: Sunday Shalom