News >> നാം ദൈവത്തിന്‍റെ കൈകളിലാണ്! - പാപ്പാ


ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ ഓഫിസിലേയ്ക്ക്, സുരക്ഷാ സന്നാഹങ്ങളോ, പ്രോട്ടോകോള്‍ ക്രമീകരണങ്ങളോ ഒന്നുമില്ലാതെ കാറില്‍ കയറവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.  ജൂലൈ 13-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ ആശുപത്രിയില്‍പ്പോയി  പല്ലുകളുടെ പരിശോധന പൂര്‍ത്തിയാക്കി. പിന്നെ പെട്ടെന്നാണ് അകലെ അല്ലാത്ത, എന്നാല്‍ വത്തിക്കാനു പുറത്ത്  'വിയ  കൊണ്‍ചീലിയാസിയോനെ'യിലുള്ള ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ  (Pontifical Commission for Latin America) ഓഫിസിലേയ്ക്കു പോകാനുള്ള താല്പര്യം പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കിയത്.

കൂടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, ഡോമിനിക് ജ്യാനി അവിചാരിതമായ പരിപാടിക്ക് തടസ്സംപറഞ്ഞു. കാരണം വത്തിക്കാന്‍റെ പരിധിവിട്ട് പാപ്പാ ഇറ്റലിയുടെ അതിര്‍ത്തി കടക്കുകയാണെങ്കില്‍ ഇറ്റാലിയന്‍ പൊലീസിന്‍റെ രക്ഷാസന്നാഹം വേണമെന്ന ചട്ടമുള്ളതാണ്. പാപ്പാ പറഞ്ഞു, "സാരമില്ല, നാം ദൈവത്തിന്‍റെ കരങ്ങളിലാണ്!" എന്നിട്ട് കാറില്‍ കയറി. സുരക്ഷാ ഉദ്യോഗസ്ഥന്‍ ജ്യാനി പിന്നീട് ഇക്കാര്യം വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചു.

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.10-ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ ഓഫിസിലേയ്ക്ക് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാപ്പാ കയറിച്ചെന്നു. പാപ്പായെ കണ്ട കമ്മിഷനിലെ പ്രവര്‍ത്തര്‍ ഭയഭക്തിയോടെ ചാടിഎഴുന്നേറ്റ് അഭിവാദ്യംചെയ്തെങ്കിലും, എന്തു ചെയ്യണമെന്ന് അറിയാതെ മിഴിച്ചുനില്ക്കെ, "നിങ്ങളെ ആശ്ചര്യപ്പെടുത്താനാണ് പറയാതെ വന്നത്!" ലാഘവത്തോടെ പറഞ്ഞുകൊണ്ട് പാപ്പാ അന്തരീക്ഷം മയപ്പെടുത്തി.

പകച്ചുനിന്ന ഉദ്യോഗസ്ഥരോട്. ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്തയായിരിക്കെ കമ്മിഷന്‍റെ ഓഫിസലേയ്ക്കു നടത്തിയിടുള്ള സന്ദര്‍ശനങ്ങളെക്കുറിച്ച് പാപ്പാ ഓര്‍ത്തു പറഞ്ഞു. പ്രസിഡന്‍റിന്‍റെ  അഭാവത്തില്‍ കമ്മിഷന്‍റെ വൈസ്പ്രസിഡന്‍റ്, പ്രഫസര്‍ ഗുസ്മാന്‍ കരിക്വിറി ആശ്ചര്യത്തോടെ ഓടിവന്ന് പാപ്പായെ സ്വീകരിച്ചു.   കൊളംമ്പിയയുടെ തലസ്ഥാന നഗരമായ ബഗോട്ടോയില്‍ ആചരിക്കാന്‍ പോകുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കാരുണ്യത്തിന്‍റെ ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓഫിസില്‍ നടക്കുന്നതിനിടെയാണ് പാപ്പാ ആഗതനായതെന്ന് ഗുസ്മാന്‍ അറിയിച്ചു.

'സംസാരിക്കാന്‍ അല്പം സമയം കിട്ടുമോ,' സുഹൃത്തുകൂടിയായ ഗുസ്മാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഏതാനും മിനിറ്റത്തെ സ്വകാര്യകൂടിക്കാഴ്ചയും, അധികം സമയം പ്രവര്‍ത്തുകരുമായുള്ള കുശലം പറയലുമായി അരമണിക്കൂറോളം സമയം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ പാപ്പാ ചെലവഴിച്ചു. പിന്നെയും തന്‍റെ ചെറിയ കാറില്‍ കയറമ്പോള്‍ അങ്ങകലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ സമയമണി സ്പന്ദിച്ചു - പത്ത്!

വത്തിക്കാന്‍റെ സുരക്ഷാഉദ്യോഗസ്ഥന്‍, ഡോമിനിക് ജ്യാനിയാണ് പതിവുതെറ്റിച്ചുള്ള പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.  

Source: Vatican Radio