News >> ഫിലിപ്പൈൻസിൽ കരുണയുടെ വിസ്‌ഫോടനം
മനിലാ: നവസുവിശേഷവൽക്കരണത്തിനായി ഫിലിപ്പൈൻസിൽ നടക്കുന്ന കോൺഫ്രൻസിലൂടെ കരുണയുടെ വിസ്‌ഫോടനമാണ് നടന്നതെന്ന് മനിലാ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. അതേസമയം തന്നെ കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീപിച്ച കോൺഫ്രൻസ് വിശ്വാസികളുടെ മുമ്പിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കർദിനാൾ ടാഗ്ലെ പറഞ്ഞു.നമ്മൾ കരുണയെക്കുറിച്ച് സംസാരിക്കുന്നു, കരുണ പ്രഘോഷിക്കുന്നു. പക്ഷെ സുവിശേഷവൽക്കരണത്തിനുപയോഗിക്കുന്ന മാർഗങ്ങളിലും ചൈതന്യത്തിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നമ്മൾ കരുണയുടെ വാഹകരാകുന്നുണ്ടോ? കർദിനാൾ ടാഗ്ലെ ചോദിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ടർക്കി, ബംഗ്ലാദേശ്, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിലൂടെ ലോകത്തെ ബാധിച്ച അക്രമണാരൂപിയെ കർദിനാൾ അപലപിച്ചു.'അകാ, ഉനാവാ, ഗാവാ: കരുണയുടെ ഫിലിപ്പിനോ അനുഭവം' എന്നതായിരുന്നു ഈ വർഷത്തെ കോൺഫ്രൻസിന്റെ വിഷയം. കരുണ, അവബോധം, പ്രവൃത്തി എന്നാണ് അകാ, ഉനാവാ, ഗാവായുടെ അർത്ഥം. ജൂലൈ 15ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ട കോൺഫ്രൻസ് മനിലയിലെ സാന്റോ തോമസ സർവകലാശാലയിലാണ് നടന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലും കൂട്ടായ്മകളിലും പ്രകടമാകുന്ന കരുണയെക്കുറിച്ച് കോൺഫ്രൻസിൽ വിശദമായ ചർച്ചകൾ നടന്നു. നമ്മുടെ ബന്ധങ്ങളിലുള്ള കരുണയുടെ മൂല്യത്തിന് ഒരിക്കലും കുറവു വരുത്തരുതെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയായിരുന്നു കോൺഫ്രൻസിന്റെ ലക്ഷ്യമെന്ന് നവസുവിശേഷവൽക്കരണ പ്രചാരണ ഓഫീസ് ഡയറക്ടർ ഫാ. ജെയ്‌സൺ ലഗ്വേർട്ട വ്യക്തമാക്കി.Source: Sunday Shalom