News >> എയ്ഡ്സ് ചികിത്സ അനേകര്‍ക്ക് ഒരു വെല്ലുവിളി
എയ്ഡ്സ് രോഗത്തിലേക്കു നയിക്കുന്ന എച്ച് ഐ വി അണുബാധിതരില്‍ ഗ്രാമങ്ങളില്‍ വസിക്കുന്നവരോ ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവരോ ആയ അനേകര്‍ക്ക് ഇപ്പോഴും ഔഷധങ്ങള്‍ ലഭിക്കാത്ത അവസ്ഥ ഒരു വെല്ലുവിളിയായി തുടരുന്നുവെന്ന് മോണ്‍സിഞ്ഞോര്‍ റോബെര്‍ട്ട് വിത്തീല്ലൊ. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെള്ളിയാഴ്ച (15/07/16), ഇരുപത്തിയൊന്നാം അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനത്തിനു മുന്നോടിയായി കത്തോലിക്കാ സംഘടനകള്‍ ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.കത്തോലിക്ക ഉപവിപ്രവര്‍ത്തന അന്താരാഷ്ട്രസംഘടനയായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസില്‍ പ്രവര്‍ത്തിക്കുന്ന മോണ്‍സിഞ്ഞോര്‍ റോബെര്‍ട്ട് വിത്തീല്ലൊ ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലുള്ള കാര്യാലയത്തില്‍ കാരിത്താസ് ഇന്‍റര്‍ നാസിയോണാലിസിന്‍റെ പ്രതിനിധിസംഘത്തിന്‍റെ തലവനും എച്ച്ഐവി, എയ്ഡ്സ് ആരോഗ്യം എന്നീകാര്യങ്ങളില്‍ പ്രത്യേക ഉപദേഷ്ഠാവും ആണ്.എച്ച് ഐവിയ്ക്കും എയ്ഡസ് രോഗത്തിനുമെതിരായ ചികിത്സ ലഭ്യമാക്കുന്നതില്‍ വിശ്വാസാധിഷ്ഠിത സമൂഹങ്ങള്‍ക്കുള്ള നിര്‍ണ്ണായക പങ്കും എച്ച് ഐവി ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന് സഭ മുന്‍ഗണന നല്കുന്നതും അദ്ദേഹം എടുത്തുകാട്ടി. ഡര്‍ബനില്‍ ഈ മാസം 18 മുതല്‍ 22 വരെ (18/07/16) വരെയാണ് അന്തര്‍ദ്ദേശീയ എയ്ഡ്സ് സമ്മേളനം.Source: Vatican Radio