News >> ദക്ഷിണ സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക്


ജുബാ: ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബായിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ എല്ലാ ആക്രമണങ്ങളെയും അപലപിച്ചുകൊണ്ട് ദക്ഷിണ സുഡാനിലെ സഭകളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്താവന പുറപ്പെടുവിച്ചു.

ആയുധങ്ങൾ ഉപയോഗിക്കേണ്ട സമയം അവസാനിച്ചുവെന്നും സമാധാനമുള്ള രാജ്യം നിർമ്മിക്കാനുള്ള സമയമാണിതെന്നും പ്രസ്താവനയിൽ സഭാനേതാക്കൾ വ്യക്തമാക്കി. അക്രമണങ്ങൾ ആരാണ് നടത്തിയതെന്നോ എങ്ങനെയാണ് നടത്തിയതെന്നോ ആരാണ് കുറ്റക്കാർ എന്നതിനെക്കുറിച്ചോ വിധിക്കുവാൻ ഞങ്ങൾ മുതിരുന്നില്ല. എന്നാൽ അക്രമങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയോടെയാണ് നോക്കി കാണുന്നത്. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം കൊല ചെയ്തവർക്ക് മാപ്പ് ലഭിക്കുന്നതിനായും ദൈവത്തോട് പ്രാർത്ഥിക്കുന്നു. സായുധരായ വ്യക്തികളോടും സമൂഹങ്ങളോടും അവരുടെ നേതാക്കൻമാരോടും പശ്ചാത്താപവും സംഘർഷരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുമാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്.; കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രസിഡന്റ് സൽവാ കിറിനോട് കൂറ് പൂലർത്തുന്ന സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമിയും വൈസ് പ്രസിഡന്റ് റെയിക്ക് മാചാറിനോട് കൂറ് പുലർത്തുന്ന സായുധ സംഘവും തമ്മിലുള്ള സംഘർഷമാണ് രാജ്യത്ത് അസമാധാനം വിതയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ മാത്രം നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രസിഡന്റ് കിറും വൈസ് പ്രസിഡന്റ് മാച്ചാറും പുറപ്പെടുവിച്ച വെടിനിറുത്തൽ സംഘർഷത്തിന് താത്കാലികമായ ശമനം വരുത്തിയിട്ടുണ്ട്. 2011-ൽ മാത്രം രൂപീകൃതമായ ദക്ഷിണ സുഡാനിൽ പ്രസിഡന്റ് കിറിനെ അനുകൂലിക്കുന്ന ഡിങ്കാ സമൂഹവും മാച്ചാറിനെ അനുകൂലിക്കുന്ന നുയർ സമൂഹവും തമ്മിലുള്ള സംഘർഷമാണ് പലപ്പോഴും ആഭ്യന്തരകലാപത്തിന്റെ വക്കിലേക്ക് രാജ്യത്തെ തള്ളിവിടുന്നത്. സഭാനേതൃത്വത്തെ കൂടാതെ ഐക്യരാഷ്ട്രസഭ സുരക്ഷാകൗൺസിലും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബാൻ കീ മൂണും ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭ മിഷനും രാജ്യത്തെ സംഘർഷാവസ്ഥയെ അപലപിച്ചു.

Source: Sunday Shalom