News >> ഗ്രെഗ് ബർക്ക് പുതിയ വത്തിക്കാൻ വക്താവ്


വത്തിക്കാൻ സിറ്റി: പത്ത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഫാ. ഫെഡറിക്കൊ ലൊമ്പാർഡിക്ക് പിൻഗാമിയായി പരിചയസമ്പന്നനായ മാധ്യമ പ്രവർത്തകൻ ഗ്രെഗ് ബർക്കിനെ നിയമിച്ചു. വത്തിക്കാൻ മാധ്യമ ഓഫീസിലെ ആദ്യ വനിത വൈസ് ഡയറക്ടറാകുന്ന സ്പാനിഷ് മാധ്യമപ്രവർത്തക പലോമ ഗാർസിയ ഓവജെറൊ ബർക്ക് വഹിച്ചിരുന്ന പഴയ സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ ഡിസംബറിൽ വത്തിക്കാൻ മാധ്യമ ഓഫീസിലെ വൈസ് ഡയറക്ടറായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിന് മുമ്പ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ പ്രത്യേക മാധ്യമ ഉപദേഷ്ടാവായി ബർക്ക് സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

കൊളംബിയ സർവകലാശാലയിൽനിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദമെടുത്തശേഷം 24 വർഷങ്ങൾ നാഷണൽ കാത്തലിക്ക് രജിസ്റ്റർ, ടൈം മാഗസിൻ, ഫോക്‌സ് ന്യൂസ് നെറ്റ്‌വർക്ക് എന്നീ മാധ്യമസ്ഥാപനങ്ങളിൽ ബർക്ക് ജോലി ചെയ്തു.

സ്‌പെയിനിൽ മാധ്യമപ്രവർത്തനം പഠിച്ചതിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഉപരിപഠനം നടത്തിയ ഗാർസിയ സ്പാനിഷ് റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ വത്തിക്കാൻ പ്രതിനിധിയായാണ് ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി ഗാർസിയായും ബർക്കും തങ്ങളുടെ പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി.

Source: Sunday Shalom