News >> ക്ഷമിക്കാൻ സാധിക്കാത്ത അവസ്ഥ പ്രധാന പ്രശ്‌നം
റോം: മിഡിൽ ഈസ്റ്റിൽ ഇന്നുള്ള പ്രധാന പ്രശ്‌നം ക്ഷമ കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ പുതിയ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മോൺ. പിയർബാറ്റിസ്റ്റാ പിസാബെല്ലാ. അക്രമത്തിന്റെ വിഷലിപ്ത വളയത്തിൽ നിന്ന് പുറത്ത് വരുവാൻ കരുണ ചൊരിഞ്ഞുകൊണ്ട് മാത്രമെ സാധിക്കുകയുള്ളൂവെന്നും മോൺ. പിസബെല്ലാ ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.അക്രമവും ഭീകരതയും തീവ്രവാദവും സാധാരണമായി മാറിയ ഈ നാട്ടിലെ ജനങ്ങൾക്ക് കൊടുക്കുവാനുള്ള ക്രൈസ്തവരുടെ ഏറ്റവും വലിയ സാക്ഷ്യമാണ് കരുണയെന്ന് മോൺ. പിസബെല്ലാ വിശദീകരിച്ചു. അത് വികാരപരമായ ഒരു സമീപനത്തിൽ നിന്നുണ്ടാകുന്നതല്ല, മറിച്ച് തിന്മയുടെ സാന്നിധ്യത്തെ അംഗീകരിച്ചുകൊണ്ട് ബോധപൂർവം നടത്തുന്ന പ്രക്രിയയുടെ ഭാഗമാണ്. ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുന്നതല്ല മറിച്ച് ഒരേ ലക്ഷ്യത്തിന് വേണ്ടി സമൂഹമൊന്നിച്ച് നടത്തുന്ന യാത്രയാണത്. എല്ലാ തരത്തിലുമുള്ള വൈവിധ്യങ്ങളെയും എതിർത്തുകൊണ്ട് സ്വന്തം താൽപ്പര്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരാണ് തീവ്രവാദികൾ. അതിന് നേരെ വിപരീതമായി പ്രവർത്തിച്ചുകൊണ്ടു മാത്രമേ ഇതിന് തടയിടാൻ സാധിക്കുകയുള്ള; അദ്ദേഹം വിശദീകരിച്ചു.തീവ്രവാദം വളർന്നുവരുന്ന പശ്ചാത്തലത്തിൽ മറ്റ് മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്ലാം മതവുമായി ചർച്ചയിലേർപ്പെടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ ഇസ്രായേലുമായുള്ള ബന്ധം, മറ്റ് സഭകളുമായുള്ള ഐക്യം. കുടിയേറ്റം, മതപീഡനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണെന്ന് മോൺ. പിസബെല്ലാ പങ്കുവച്ചു.ജൂൺ 24നാണ് വിശുദ്ധ നാടിന്റെ സംരക്ഷചുമതല വഹിച്ചിരുന്ന മോൺ. പിയർബാറ്റിസ്റ്റാ പിസാബെല്ലയെ ജറുസലേമിന്റെ ലാറ്റിൻ പാത്രിയാർക്കേറ്റ് അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. പാത്രിയാർക്കീസ് ഫൗദ് ട്വാൽ വിരമിച്ച ഒഴിവിലേക്കായിരുന്നു നിയമനം. ഇറ്റലിയിലെ ബർഗാമോയിൽ സെപ്റ്റംബർ 10നാണ് എപ്പിസ്‌കോപ്പൽ അഭിഷേകചടങ്ങ്.1999 മുതൽ വിശുദ്ധനാട്ടിൽ പ്രവർത്തിക്കുന്ന മോൺസിഞ്ഞോർ 2004ൽ വിശുദ്ധനാടിന്റെ സംരക്ഷണചുമതലയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടു. യഹൂദ സംസ്‌കാരത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള മോൺ. പിസബെല്ലാ ബിബ്ലിക്കൽ ഹീബ്രു അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.Source: Sunday Shalom