News >> യൂക്കാറ്റിന് ശേഷം ഡൂക്കാറ്റ് വരുന്നു
വത്തിക്കാൻ സിറ്റി: യുവജനങ്ങൾക്ക് ആകർഷകമായ രീതിയിൽ സഭയുടെ സാമൂഹ്യപഠനങ്ങളെ അവതരിപ്പിക്കുന്ന 'ഡൂക്കാറ്റ്' ക്രാക്കോവ് ലോകയുവജനസമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്നു. യൂക്കാറ്റിന് പിന്നിലുള്ളവർ തന്നെയാണ് ഡൂക്കാറ്റിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ക്രാക്കോവിലെ യുവജനസമ്മേളനത്തിനെത്തുന്നവർക്ക് മൊബൈൽ ആപ്പിന്റെ രൂപത്തിലാവും ഡൂക്കാറ്റ് ലഭ്യമാക്കുക. 2011-ൽ മാഡ്രിഡിൽ നടന്ന ലോകയുവജനസമ്മേളനത്തോടനുബന്ധിച്ചാണ് യൂക്കാറ്റ് ആദ്യമായി പുറത്തിറക്കിയത്. സഭയുടെ സാമൂഹ്യപഠനങ്ങളെ കൂടുതൽ സ്പഷ്ടവും ആകർഷവുമാക്കി അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ഡൂക്കാറ്റിന്റെ സൃഷ്ടിക്ക് കാരണമായതെന്ന് യൂക്കാറ്റ് ഫൗണ്ടഷൻ സിഇഒ യായ ക്രിസ്റ്റ്യൻ ലേർമർ പറഞ്ഞു.യൂക്കാറ്റ് പുറത്തിറങ്ങിയപ്പോൾ യു.എസ്സിൽ നിന്ന് ലഭിച്ച ചില ഇമെയിലുകളാണ് 'ഡൂക്കാറ്റ്' എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് യൂക്കാറ്റ് ഫൗണ്ടേഷൻ സ്ഥാപകൻ ബെൻഹാർഡ് മ്യൂസർ പറഞ്ഞു. ഇപ്പോൾ വിശ്വാസം എന്താണെന്ന് ഞങ്ങൾക്ക് മനസിലായിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഒരു 'ഡൂ കാറ്റാണ്' ആവശ്യം എന്നായിരുന്നു ആ ഇമെയിലുകളിലെ സന്ദേശം. വിശ്വാസം എപ്രകാരം പ്രവൃത്തിപദത്തിൽ കൊണ്ടുവരാം എന്ന് വിശദീകരിക്കുന്ന പുസ്തകത്തിന്റെ രചനയിലേക്ക് ആ ഇമെയിലുകൾ നയിച്ചു.യൂക്കാറ്റ് സ്ഥാപനം ഒരു പുതിയ പുസ്തകം ഇറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ബൈബിളിനെക്കുറിച്ചൊ സഭയുടെ സാമൂഹ്യ പഠനങ്ങളെക്കുറിച്ചൊ ആയിരിക്കട്ടെയെന്ന ആർച്ച് ബിഷപ് ക്ലോഡിയോ മരിയ സെല്ലിയുടെ നിർദേശം സ്വീകരിച്ച് പുറത്തിറക്കുന്ന ഡൂക്കാറ്റ് ജൂലൈ 23ന് ക്രാക്കോവിൽ പ്രകാശനം ചെയ്യും. ജൂലൈ 26 മുതൽ 31 വരെയാണ് ലോകയുവജനസമ്മേളനം. പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് 200 യുവജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സഭയുടെ സാമൂഹ്യ പഠനങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും. നിരവധി ബിഷപ്പുമാർ പങ്കെടുക്കുന്ന ചർച്ചകൾക്ക് വിയന്ന കർദിനാൾ ക്രിസ്റ്റോഫ് സ്‌കോൺബോണാവും നേതൃത്വം നൽകുക.Source: Sunday Shalom