News >> ദൃശ്യവിരുന്നുമായി പ്രൊജക്ട് വിഷൻ


ബാംഗളൂര്: കാഴ്ചകൾ സാധാരണ മനുഷ്യരുടെ കണ്ണുകളിലാണ് പതിക്കുന്നത്. എന്നാൽ, ചിലരുടെ ഹൃദയങ്ങളിലാണ് അവ പതിയുന്നത്. അതിലൂടെ ദൈവം അവരോട് സംസാരിക്കുകയാണ്. കാഴ്ചകൾ ഹൃദയത്തിൽ ഉടക്കിയാൽ കണ്ടില്ലെന്ന് നടിച്ചു പിന്തിരിയാനാവില്ല. കാരണം, അതു ദൈവം അവർക്കായി കരുതിവച്ചിരിക്കുന്ന നിയോഗമാണ്. അത്തരമൊരു കാഴ്ചയാണ് ക്ലാരിഷൻ സഭാംഗമായ ഫാ. ജോർജ് കണ്ണന്താനത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അദ്ദേഹം സെമിനാരി വിദ്യാർത്ഥിയായിരുന്നപ്പോൾ കുഷ്ഠരോഗികളുടെയും എച്ച്.ഐ.വി ബാധിതരുടെയും ഇടയിൽ പ്രവർത്തിച്ചിരുന്നു. അവരിൽ അന്ധരായവരും ഉണ്ടായിരുന്നു. അപ്പോഴാണ് വെളിച്ചം നിഷേധിക്കപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ടു കണ്ടത്. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസിൽ കുറിച്ചിട്ടു.

പൗരോഹിത്യ സ്വീകരണത്തിനുശേഷം കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു പ്രവർത്തനങ്ങൾ. 2013-ൽ ഫാ. ജോർജ് കണ്ണന്താനത്തിന്റെ ആ ഉത്തരവാദിത്വങ്ങൾ തീർന്നു. അന്ധരായവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഹൃദയത്തിൽ വീണ്ടും ഉടലെടുത്തു. തന്റെ മനസിൽ ദൈവം തന്ന ചിന്തയാണെന്ന് ഫാ. കണ്ണന്താനത്തിന് ഉറപ്പുണ്ടായിരുന്നു. ഈ ആശയം സുഹൃത്തുക്കളുമായും സഹവൈദികരുമായും പങ്കുവച്ചു. എല്ലാവരും അദ്ദേഹത്തിന് പിന്തുണയും പ്രോത്സാഹനവുമായി കൂടെനിന്നു. ഇത് ദൈവപദ്ധതിയാണെന്ന് അച്ചൻ ഒന്നുകൂടി ഉറപ്പിച്ചു. അധികം കഴിയുന്നതിന് മുമ്പ് പ്രൊജക്ട് വിഷൻ എന്ന പേരിൽ ഒരു സന്നദ്ധ സംഘടനക്ക് രൂപം നൽകി. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സമാനമനസ്‌ക്കരായ 50 പേരുടെ പങ്കാളിത്തത്വത്തോടെയാണ് സംഘടന രൂപീകരിച്ചത്. അന്ധർ അനുഭവിക്കുന്ന ദുരിതങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പ്രൊജക്ട് വിഷന്റെ ലക്ഷ്യം.

വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഒന്നിച്ചു താമസിക്കുന്ന രാജ്യത്ത് എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ പദ്ധതി വിജയത്തിൽ എത്തൂ എന്ന ബോധ്യം അച്ചന് ഉണ്ടായിരുന്നു. അതിനാൽ എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ തുടക്കത്തിൽ മുതൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം ജാതി-മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്നതും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതുമായ റോട്ടറി ക്ലബ്, വൈസ്‌മെൻ ഇന്റർനാഷണൽ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട സംഘടനകൾ എന്നിവയോട് ചേർന്നാണ് നേത്രദാനത്തിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫാ. ജോർജ് കണ്ണന്താനം ഏകോപിപ്പിക്കുന്നത്. ഈ സംഘടകൾക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വാധീനം ഉള്ളതിനാൽ ആശയം എളുപ്പത്തിൽ സമൂഹത്തിൽ എത്തിക്കാനാകുമെന്ന് ഫാ. ജോർജ് കണ്ണന്താനം പറയുന്നു. മൂന്ന് വർഷങ്ങൾകൊണ്ട് 35,000 നേത്രദാന സമ്മതപത്രങ്ങൾ സംഘടിപ്പിക്കാൻ പ്രൊജക്ട് വിഷന് കഴിഞ്ഞു. അതിലുപരി തിമിര ശസ്ത്രക്രിയകൾ സംഘടിപ്പിക്കുക വഴിയും നേത്രദാനത്തിലൂടെയും 4500 പേർക്ക് മുമ്പിൽ വെളിച്ചത്തിന്റെ ലോകം തുറക്കുവാൻ കഴിഞ്ഞു എന്നറിയുമ്പോൾ പ്രവർത്തനങ്ങളുടെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് മനസിലാക്കാൻ കഴിയും.

ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാ. ജോർജ് വിവിധ ഇടവകൾ, കോളജുകൾ, മറ്റ് ക്രിസ്തീയ സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം നേത്രദാന സന്ദേശം എത്തിക്കാനായി. അതോടൊപ്പം നേത്രദാന സമ്മതപത്രവും അനേകർ നൽകിക്കഴിഞ്ഞു. "ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധരുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ഏതാണ്ട് 1,50,00,000 ആളുകൾ അന്ധരാണെന്നാണ് കണക്കുകൾ പറയുന്നത്. പ്രതിവർഷം 1,40,000 നേത്രദാനങ്ങൾ നടന്നെങ്കിൽ മാത്രമേ അന്ധതയെ മറികടക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യയിൽ ഓരോ വർഷവും 30,000-നും 40,000-നും ഇടയിൽ മാത്രം നേത്രദാനങ്ങളാണ് നടക്കുന്നത്." ഫാ. കണ്ണന്താനം പറയുന്നു.

ആവശ്യത്തിന് ആനുപാതികമായ രീതിയിൽ ഇന്ത്യയിൽ നേത്രദാനങ്ങൾ നടക്കുന്നില്ല. ഇത് സാമൂഹിക ആവശ്യമായി കണ്ട് സമൂഹം പ്രതികരിച്ചില്ലെങ്കിൽ ഗവൺമെന്റിന്റെ ഉദ്യമങ്ങൾ വിജയിക്കില്ലെന്ന് ഫാ. ജോർജ് കൂട്ടിച്ചേർത്തു. ശക്തമായ ബോധവല്ക്കരണ പ്രവർത്തനങ്ങൾ ഇനിയും ആവശ്യമാണ്. ഇക്കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ സഹായവും അച്ചൻ തേടിയിട്ടുണ്ട്. ഇന്ത്യയിലെ മൂന്നു കോടി ക്രിസ്ത്യാനികൾ നേത്രദാനത്തിന് തയാറാകുകയാണെങ്കിൽ ഇപ്പോൾ രാജ്യത്തുനിന്ന് ഒരുപരിധിവരെ അന്ധതയെ ഇല്ലാതാക്കാനാകുമെന്ന് ഫാ. കണ്ണന്താനം പറയുന്നു. കാരുണ്യവർഷത്തോടനുബന്ധിച്ച് കാഴ്ചയില്ലാത്തവർക്കുവേണ്ടി കർണാടകയിലെ കോലാറിനടുത്ത് ഗൗവ്രിബിദനൂർ ഗ്രാമത്തിൽ റിഹാബിലിറ്റേഷൻ സെന്റർ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രൊജക്ട് വിഷൻ. അവരെ പുനരധിവസിപ്പിക്കുകയും വിവിധ തരത്തിലുള്ള തൊഴിൽ പരിശീലനം നൽകുകയുമാണ് ലക്ഷ്യമിടുന്നത്. ബംഗളൂരു നഗരത്തിൽ അന്ധർക്കുവേണ്ടി കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്റർ ആരംഭിക്കാനും പ്രൊജക്ട് വിഷന് പദ്ധതിയുണ്ട്.

Source: Sunday Shalom