News >> മൈനർ ബസലിക്ക സമർപ്പണം ഓഗസ്റ്റ് ഒന്നിന്


ഉഡുപ്പി: കർക്കലയിലെ അറ്റൂർ സെന്റ് ലോറൻസ് തീർത്ഥാടനകേന്ദ്രത്തിന് ലഭിച്ച മൈനർ ബസലിക്ക പദവിയുടെ സമർപ്പണം ഓഗസ്റ്റ് ഒന്നിന് നടക്കും. കഴിഞ്ഞ മെയ് മാസത്തിൽ ഈ തീർത്ഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പ മൈനർ ബസലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു.

അജപാലനപരവും വിശ്വാസപരവുമായി പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രങ്ങൾക്കും ദൈവാലയങ്ങൾക്കും നൽകുന്ന പദവിയാണ് ഇത്. സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ ലത്തീനിലും ഉഡുപ്പി രൂപതാധ്യക്ഷൻ ഡോ. ജെറാൾഡ് ഐസക്ക് ലോബോ കൊങ്കണിയിലും മാർപാപ്പയുടെ ഉത്തരവ് വായിക്കും. സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബർണാർഡ് മോറസ്, റാഞ്ചി അതിരൂപതാധ്യക്ഷൻ കർദിനാൾ ടെലസ്‌ഫോർ ടോപ്പോ, മാംഗ്ലൂർ രൂപതാധ്യക്ഷൻ ഡോ. അലോഷ്യസ് പോൾ ഡിസൂസ തുടങ്ങിയവർ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ 10-ന് ദിവ്യബലിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

കർണാടകയിലെ ഉടുപ്പി രൂപതയിൽ സ്ഥിതിചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. 1750-കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട ദൈവാലയം തെക്കേ ഇന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. 1784-1799 കാലഘട്ടത്തിൽ ഉണ്ടായ ടിപ്പുസുൽത്താന്റെ പടയോട്ടത്തിനിടയിൽ ദൈവാലയം തകർക്കപ്പെടുകയും വിശ്വാസികളെ അടിമകളായി പിടിക്കുകയും ചെയ്തു.

വിശ്വാസികൾ മോചിക്കപ്പെട്ടതിനെത്തുടർന്ന് ഗോവയിൽനിന്ന് എത്തിയ ഒരു മിഷനറി വൈദികന്റെ നേതൃത്വത്തിൽ 1801-ൽ പഴയ ദൈവാലയത്തിൽനിന്നും ഏഴ് കിലോമീറ്റർ അകലെ താല്ക്കാലികമായൊരു ദൈവാലയം നിർമ്മിച്ചു. 1839-ൽ ദൈവാലയം വീണ്ടും പുനഃനിമ്മിച്ചു. ഫാ. ഫ്രാങ്ക് പെരേര വികാരിയായിരുന്ന 1895-ലാണ് ദൈവാലയത്തിന്റെ പ്രശസ്തി സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങിയത്. ദൈവാലയത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങളുടെ കഥകളുമായി അനേകർ അക്കാലത്ത് ഫാ. ഫ്രാങ്കിനെ കാണാനെത്തിത്തുടങ്ങി. അതേത്തുടർന്ന് വിശുദ്ധ ലോറ ൻസിന്റെ നൊവേനയും പ്രത്യേക പ്രാർത്ഥനകളും ദൈവാലയത്തിൽ ആരംഭിച്ചു. ഫാ. ഫ്രാങ്ക് 1900-ൽ ദൈവാലയം വീണ്ടും പുതുക്കിപ്പണിതു. 1901 ജനുവരി 22-ന് വികാരി ജനറൽ മോൺ. ഫ്രചാറ്റ് ദൈവാലായം ആശീർവദിച്ചു. ഇക്കാലത്താണ് ദൈവാലയം ഒരു തീർത്ഥാടനകേന്ദ്രമായി മാറിയത്.

മൈനർ ബസലിക്ക പദവി ലഭിക്കുന്ന കർണാടകയിലെ രണ്ടാമത്തെ ദൈവാലയമാണ് സെന്റ് ലോറൻസ്. ബംഗളൂരു ശിവാജിനഗറിലെ സെന്റ് മേരീസ് ബസലിക്കയാണ് നിലവിൽ ആ പദവി വിലുള്ളത്. മൈനർ ബസലിക്ക പദവിയിലുള്ള 21 ദൈവാലയങ്ങൾ ഇന്ത്യയിലുണ്ട്. തമിഴ്‌നാട്ടിലെ പോണ്ടി, വേളാങ്കണി, മുംബൈയിലെ മൗണ്ട് മേരി, ഓൾഡ് ഗോവയിലെ ബോംജീസസ് എന്നിവയാണ് ആ ഗണത്തിൽപ്പെടുന്ന പ്രശസ്തമായ ദൈവാലയങ്ങൾ.

Source: Sunday Shalom